വൈദ്യുതി തടസ്സം: ഓള്‍ ഇന്ത്യ ആയുഷ് P G എന്‍ട്രന്‍സ് എഴുതാന്‍ കഴിയാതെ 49 ഉദ്യോഗാര്‍ഥികള്‍; പുനഃപരീക്ഷ നടത്തും

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ് പിജി എന്‍ട്രന്‍സ് പരീക്ഷ (AIAPG-ET) എഴുതാനാവാതെ ഉദ്യോഗാര്‍ഥികള്‍. ഉദ്യോഗാര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്താന്‍ എന്‍ടിഎ തീരുമാനിച്ചിട്ടുണ്ട്. സത്യസായി പിജി കോളേജ് സെന്ററിലെ വൈദ്യുതി തകരാര്‍ കാരണം 49 പേര്‍ക്കാണ് പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത്. ആയുര്‍വേദ പേപ്പര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നവര്‍ക്കായാണ് പുനഃപരീക്ഷ. പുനഃപരീക്ഷ 2026 സെപ്റ്റംബര്‍ 1 ന് രാവിലെ 10 മണി മുതല്‍ നടക്കും.

എന്‍ടിഎയുടെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത് പ്രകാരം, ജയ്പൂരിലെ ശ്രീ സത്യ സായി പിജി കോളേജ് സെന്ററില്‍ 192 ഉദ്യോഗാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 49 പേര്‍ക്ക് കേന്ദ്രത്തിലെ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ രീതിയിലാണ് AIAPGET നടത്തുന്നത്.

സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, കോളേജിലെ വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് 143 ഉദ്യോഗാര്‍ഥികള്‍ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനായി കാത്തിരിക്കുകയും തുടര്‍ന്ന് പരീക്ഷ പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ 49 പേര്‍ക്ക് പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

വൈദ്യുതി തടസ്സം മൂലം പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നവര്‍ക്കുള്ള പുനഃപരീക്ഷ സെപ്റ്റംബര്‍ 1ന് രാവിലെ 10 മണിക്ക് ജയ്പൂരിലെ രാജസ്ഥാന്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് ഫോര്‍ വിമന്‍ കേന്ദ്രത്തില്‍ നടത്തുമെന്ന് എന്‍ടിഎ അറിയിച്ചു. രാജ്യത്തുടനീളം 200 പരീക്ഷാ കേന്ദ്രങ്ങളിലായി 35,837 ഉദ്യോഗാര്‍ഥികളാണ് AIAPGET പരീക്ഷ എഴുതിയത്. ഇതില്‍ 35,788 പേരുടെ പരീക്ഷ പൂര്‍ത്തിയായതായി എന്‍ടിഎ വ്യക്തമാക്കി.

രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തുന്നത്. ഹോമിയോപ്പതി, സിദ്ധ, യുനാനി പേപ്പറുകള്‍ എഴുതുന്നവര്‍ ഉച്ചയ്ക്ക് 3 മുതല്‍ വൈകിട്ട് 5 വരെയുള്ള ഷിഫ്റ്റിലാണ് പരീക്ഷ എഴുതുന്നത്. പുനഃപരീക്ഷ എഴുതേണ്ട ഉദ്യോഗാര്‍ഥികള്‍ക്ക് പുതുക്കിയ അഡ്മിറ്റ് കാര്‍ഡ് വഴി വിശദാംശങ്ങള്‍ ലഭ്യമാക്കും.

Scroll to Top