ഒന്നര ഏക്കര്‍ സ്വന്തം കൃഷിയിടം ഉള്‍പ്പെടെ മൂന്നര ഏക്കര്‍ സ്ഥലത്താണ് ബാലകൃഷ്ണന്‍ പച്ചപ്പിന്റെ പുതു വസന്തം തീര്‍ക്കുന്നത്.
പെരിയ : പച്ചക്കറി കൃഷികളുടെ വിളനിലമാണ് പെരിയ പഞ്ചായത്തിലെ ആയമ്പാറയിലെ കാനത്തു ങ്കാല്‍ വീട്ടില്‍ ബാലകൃഷ്ണന്റെ കൃഷിയിടമെന്ന് ആശേഷം സംശയമേതുമില്ലാതെ വിശേഷിപ്പിക്കാം. കടുത്ത വേനലില്‍ പോലും പച്ചപ്പിന്റെ മനോഹാരിത നിറഞ്ഞതാണ് ഈ കര്‍ഷകന്റെ കൃഷിയിടം. തനിക്ക് സ്വന്തമായുള്ള ഒന്നര ഏക്കര്‍ കൃഷി ഭൂമിക്ക് പുറമേ ഏക്കര്‍ കണക്കിന് സ്ഥലം പാട്ടത്തിനെടുത്തും ഇദ്ദേഹം കൃഷി ഇറക്കിയിട്ടുണ്ട്. പാവല്‍,കോവക്ക, നരമ്പന്‍, വെണ്ട,കക്കിരി,പടവലം,ചീര, പയര്‍, മത്തന്‍ തുടങ്ങിയ പച്ചക്കറികളും നേന്ത്രവാഴയും നാണ്യവിളയായ കുരുമുളകും തെങ്ങും കവുങ്ങും എന്ന് വേണ്ട എല്ലാത്തരം കൃഷിയും ഇദ്ദേഹത്തിന് ചിരപരിചിതമാണ്. കഴിഞ്ഞ 45 വര്‍ഷത്തോളമായി ഇദ്ദേഹം പാരമ്പര്യമായി കൃഷി ചെയ്തു പോരുന്നു. പിതാവ് കെ. അമ്പുഞ്ഞി മണിയാണിയും മാതാവ് വെള്ളച്ചി അമ്മയും പരമ്പരാഗതമായി കൃഷിക്കാര്‍ ആയതുകൊണ്ട് തന്നെ കൃഷി തന്നെയായിരുന്നു ബാലകൃഷ്ണന്റെയും പാത. അതുകൊണ്ടുതന്നെ ചെറുപ്പം മുതല്‍ തൊട്ടേ കൃഷിയുടെ ബാലപാഠങ്ങള്‍ എല്ലാം ഈ കര്‍ഷകന്‍ ഹൃദ്യസ്ഥമാക്കി. പെരിയ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കൃഷി തന്നെയായിരുന്നു ബാലകൃഷ്ണന്റെ പ്രധാന ജീവിതചര്യയും ജീവിതോപാധിയും. കൃഷിയിടത്തില്‍ സന്തതസഹാചാരിയായി ഭാര്യ എം. നിര്‍മലയും കൂട്ടിനുണ്ട്. ഈ കൂട്ടാണ് തന്റെ കരുത്തെന്നും ബാലകൃഷ്ണന്‍ സാക്ഷ്യപ്പെടുത്തുന്നു. 50 സെന്റ് സ്ഥലത്ത് പാവക്കയും 50 സെന്റ് സ്ഥലത്ത് കക്കിരിയും 75 സെന്റ് സ്ഥലത്ത് വെണ്ടയും 25 സെന്റ് സ്ഥലത്ത് പടവലവും ഒന്നര ഏക്കര്‍ സ്ഥലത്ത് നരമ്പനും ഈ ഓണക്കാലത്ത് ഇദ്ദേഹം കൃഷി ചെയ്യുന്നു. കൂടാതെ 500 നേന്ത്ര വാഴ കൃഷിയുമുണ്ട്. രാവിലെ മൂന്ന് മണി മുതല്‍ ഇദ്ദേഹം കൃഷിയുദ്ധത്തത്തില്‍ ജലസേചനത്തിനായി കുഴല്‍ക്കിണറും മോട്ടോര്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട് വര്‍ഷങ്ങളോളമായി ജൈവകൃഷി രീതിയിലാണ് പച്ചക്കറി കൃഷികള്‍ ചെയ്യുന്നത്. രണ്ട് എച്ച് എഫ് പശുക്കളും ഇദ്ദേഹത്തിന് കൂട്ടായുണ്ട് കൃഷിയോടുള്ള ആത്മാര്‍ത്ഥത തന്നെയാണ് 68 വയസ്സിലും ബാലകൃഷ്ണനെ പ്രേരിപ്പിക്കുന്നത്. കൃഷി തന്നെയാണ് വീട്ടിലെ ഏറ്റവും വലിയ വരുമാന സ്രോതസ്സും. പഴം പച്ചക്കറി വികസന സമിതി( വി.എഫ്. പി.സി കെ ) കീഴിലുള്ള സ്വാശ്രയ കര്‍ഷക സമിതിയിലെ അംഗമായ ഇദ്ദേഹം സ്ഥാപനത്തിന്റെ സ്ഥാപക മെമ്പര്‍ കൂടിയാണ് കൂടാതെ പച്ചക്കറികള്‍ വിപണനം ചെയ്യുന്നതും സമിതിയിലൂടെ തന്നെയാണ്. കമ്പോള വിലയേക്കാള്‍ കൂടുതല്‍ വില സമിതി മുഖേന ലഭിക്കുന്നത് കൊണ്ട് കര്‍ഷകര്‍ക്ക് ഇത് ഏറെ പ്രയോജനകരമാണെന്ന് ബാലകൃഷ്ണന്‍ പറയുന്നു കൃഷിയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങളും ബാലകൃഷ്ണനെ തേടിയെത്തിയിട്ടുണ്ട് 2009 മുതല്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷങ്ങളില്‍ വി. എഫ്.പി.സി കെയുടെ ജില്ലയിലെ മികച്ച കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ടു കൂടാതെ കൃഷിവകുപ്പിന്റെ 2013ലെ ജില്ലയിലെ മികച്ച പച്ചക്കറി കര്‍ഷകന്‍ കൂടിയാണ് ഇദ്ദേഹം. 2016 ല്‍ സംസ്ഥാന ഹരിത കീര്‍ത്തി അവാര്‍ഡും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കൂടാതെ വിവിധ സൊസൈറ്റി അവാര്‍ഡുകളും പഞ്ചായത്തിന്റെയും മറ്റും കാര്‍ഷക അവാര്‍ഡുകളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ഭാര്യയായ നിര്‍മ്മല ബാലകൃഷ്ണനെ വി.എഫ്.പി.സി.കെ കഴിഞ്ഞവര്‍ഷത്തെ ഏറ്റവും നല്ല കര്‍ഷകയായും തെരഞ്ഞെടുത്തിരുന്നു. ഭാര്യ നിര്‍മ്മലയും വിവാഹിതരായ പടുപ്പിലെ ബവിതയും കുറ്റിക്കോല്‍ പറയന്‍ പ ള്ളത്തെ ബിജിതയും കാര്‍ഷികവൃത്തിയില്‍ സക്രിയരായി എന്നും ബാലകൃഷ്ണനോടൊപ്പം ഉണ്ട്. വിവാഹിതരായ പെണ്‍മക്കളും കൃഷി കാര്യങ്ങളില്‍ തങ്ങളുടെ വാസ സ്ഥലത്ത് കൃഷി ചെയ്തു പോരുന്നത് ബാലകൃഷ്ണന് അതിയായ ആഹ്ലാദമാണ് നല്‍കുന്നത്. കാര്‍ഷിക കാര്യങ്ങളില്‍ പടന്നക്കാട് കാര്‍ഷിക കോളേജിലെ പ്രൊഫസര്‍ ശ്രീകുമാര്‍ നല്‍കിയ പിന്തുണ വളരെ വലുതാണെന്ന് ബാലകൃഷ്ണന്‍ സാക്ഷ്യപ്പെടുത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്കും കുട്ടി കര്‍ഷകര്‍ക്കും ആവശ്യമായ കാര്‍ഷിക പാഠങ്ങളും ബാലകൃഷ്ണന്‍ നല്‍കി വരാറുണ്ട്. കൂടാതെ വിത്തിനും വാഴക്കനുമായി നിരവധി ആവശ്യക്കാരും ബാലകൃഷ്ണന്റെ കൃഷിയിടത്തില്‍ എത്തുന്നത് നിത്യ കാഴ്ചയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും കാലാവസ്ഥ വ്യതിയാനവും കീടങ്ങളുടെ ശല്യവുംകൃഷിക്ക് ദോഷകരമായി മാറാറുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു. മാറിമാറിവരുന്ന സര്‍ക്കാറും ഭരണകൂടങ്ങളും ഉദ്യോഗസ്ഥ വൃന്ദവും കര്‍ഷകര്‍ക്കും കൃഷിക്കും വേണ്ട പ്രോത്സാഹനം നല്‍കിയാല്‍ കാര്‍ഷികവൃത്തി ലാഭകരം തന്നെയായി മാറും എന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അധ്വാനിക്കാനുള്ള മനസ്സും ആരോഗ്യമുള്ള ശരീരവും നിശ്ചയദാര്‍ഢ്യവും ഉണ്ടെങ്കില്‍ കൃഷിയില്‍ വിജയം സുനിശ്ചിതമാണെന്ന് ബാലകൃഷ്ണന്‍ ആണയിട്ടു പറയുന്നു.
ബാലകൃഷ്ണന്‍ പാലക്കി ന്യൂസ് ബ്യൂറോ കാഞ്ഞങ്ങാട്
ഓണത്തെ വരവേറ്റ് പച്ചക്കറി കൃഷി സമൃദ്ധിയുമായി ആയമ്പാറയിലെ കാനത്തുങ്കാല്‍ ബാലകൃഷ്ണന്




