പാലക്കാട് റെയില്‍വെ ഡിവിഷനില്‍ നിന്നും മംഗലുരു സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.
കേരളത്തിന്റെ റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തെയും ഭാവി വികസന സാധ്യതകളെയും ബാധിക്കാവുന്ന ഇത്രയും പ്രധാനപ്പെട്ട ഒരു തീരുമാനം സംബന്ധിച്ച് കേരള സര്‍ക്കാരുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് റെയില്‍വെ ബോര്‍ഡ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
അതേസമയം പാലക്കാട് റെയില്‍വെ ഡിവിഷന്‍ വിഭജിച്ച് മംഗലാപുരം ഭാഗം മൈസൂര്‍ ഡിവിഷനിലേക്ക് യോജിപ്പിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ആര്‍.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു. കേരളത്തിന് ഒരു പ്രത്യേക റെയില്‍വേ സോണ്‍ വേണമെന്ന ദീര്‍ഘകാലത്തെ ആവശ്യം നിലവിലിരിക്കുമ്പോളാണ് കേരളത്തിലെ റെയില്‍വേ സൗകര്യങ്ങളെ ബാധിക്കുന്ന ഈ തീരുമാനം.
മംഗലാപുരം ഭാഗം നഷ്ടപ്പെടുന്നതിലൂടെ പാലക്കാട് ഡിവിഷന്റെ യാത്രാവരുമാനത്തിലും ചരക്ക് വരുമാനത്തിലും ഗണ്യമായ നഷ്ടം സംഭവിക്കും. മംഗലാപുരം സ്റ്റേഷനില്‍ നിന്നും ഇപ്പോള്‍ 80 ട്രെയ്‌നുകളാണ് പുറപ്പെടുന്നത്. അവയെല്ലാം മൈസൂര്‍ ഡിവിഷനിലേക്ക് മാറും. ചരക്ക് കൈകാര്യം ചെയ്യുന്നത് 70 ശതമാനവും മംഗലാപുരം കേന്ദ്രമായാണ്.
രാജ്യത്തെ റെയില്‍വേ ഡിവിഷനുകളില്‍ ഏറ്റവും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച പാലക്കാട് ഡിവിഷന്‍ ഇതോടെ നഷ്ടത്തിലാവും. നേരത്തെ സേലം ഡിവിഷന്‍ രൂപീകരിച്ചപ്പോള്‍ പാലക്കാട് ഡിവിഷനില്‍ നിന്ന് 600 കിലോമീറ്റര്‍ അടര്‍ത്തി മാറ്റിയിരുന്നു. മലബാറിന്റെ യാത്ര, വാണിജ്യ അടിസ്ഥാന സൗകര്യങ്ങളെ ബാധിക്കുന്ന ഈ തീരുമാനം പിന്‍വലിക്കണമെന്ന് അദ്ദേഹം റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനോട് ആവശ്യപ്പെട്ടു.




