‘ചീഫ് പൂച്ച ഓഫീസര്‍ ഹാജറുണ്ട്’; മുംബൈ മെട്രോയിലെ പൂച്ചയ്ക്ക് പുതിയ പദവി; ‘ചീഫ് ഫെലൈന്‍ ഓഫീസര്‍’!

ലണ്ടനിലെ 10 ഡൗണിംഗ് സ്ട്രീറ്റിലുള്ള ബ്രീട്ടീഷ് കാബിനറ്റ് ഓഫീസില്‍ എലിയെ പിടിക്കാന്‍ ഒരു പൂച്ചയുണ്ട്, അതും ഔദ്യോഗിക പദവികളോട്. ചീഫ് മൗസറായി സേവനമനുഷ്ഠിക്കുന്ന പ്രശസ്ത ബ്രൗണ്‍ – ആന്‍ഡ് – വൈറ്റ് ടാബിയാണ് ലാറി ദി ക്യാറ്റ്. 2011-ല്‍ ദത്തെടുക്കപ്പെട്ട ലാറി ഇന്ന് നിരവധി പ്രധാനമന്ത്രിമാര്‍ക്കൊപ്പം ജോലി ചെയ്തു കഴിഞ്ഞു. എന്നാല്‍ പറഞ്ഞ് വന്നത് ലാറിയെ കുറിച്ചല്ല. മറ്റൊരു ‘പൂച്ച സാറി’നെ കുറിച്ചാണ്. മുംബൈ മെട്രോ സ്റ്റേഷനിലെ സ്ഥിരം സാന്നിധ്യമായ ഒരു ഓറഞ്ച് നിറത്തിലുള്ള പൂച്ച. ഇന്ന് അവര്‍ വെറുമൊരു പൂച്ചയല്ല. മറിച്ച് ‘ചീഫ് ഫെലൈന്‍ ഓഫീസര്‍’ആണ്. അതെ ഇതും ഔദ്യോഗിക പദവി തന്നെ.

ഒരപേക്ഷ, പിന്നാലെ പദവി

മഹാ മുംബൈ മെട്രോ ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (MMMOCL), മുംബൈയിലെ ഗുണ്ടാവലി മെട്രോ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ ശ്രദ്ധ നേടിയ പൂച്ചയെ ‘ചീഫ് ഫെലൈന്‍ ഓഫീസര്‍’ എന്ന രസകരമായ പദവിയില്‍ പ്രതിഷ്ഠിക്കുകയായിരുന്നു. യാത്രക്കാരനായ സന്ദേശ് സാമന്ത് പങ്കുവച്ച ഒരു ചിത്രത്തോടെയാണ് പൂച്ചയുടെ ‘ജോലി’ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി വച്ചത്. ഗുണ്ടാവലി മെട്രോ സ്റ്റേഷന്റെ പ്രവേശന കവാടത്തിന് സമീപം ഇരിക്കുന്ന പൂച്ചയുടെ ചിത്രം സന്ദേശ് എക്‌സില്‍ പങ്കുവച്ചു. ”ഈ നിഷ്‌കളങ്ക ജീവിക്ക് ഒരു ഔദ്യോഗിക പദവി നല്‍കണം. ഇപ്പോള്‍ സൗജന്യമായാണ് ജോലി ചെയ്യുന്നത്” എന്നായിരുന്നു MMMOCL-നെ ടാഗ് ചെയ്ത് കൊണ്ട് സന്ദേശ് സാമന്ത് എഴുതിയത്. സന്ദേശിന്റെത് ഒരു തമാശക്കുറിപ്പായിരുന്നെങ്കിലും മുംബൈ മെട്രോ അധികൃതര്‍ അത് ഗൗരവമായെടുത്തു. അങ്ങനെ പൂച്ചയ്ക്ക് ‘ചീഫ് ഫെലൈന്‍ ഓഫീസര്‍’ എന്ന അനൗദ്യോഗിക പദവിയും ലഭിച്ചു.

ജോലിയില്‍ പര്‍ഫെക്‌റ്റെന്ന്!

സ്റ്റേഷന്‍ പരിശോധിക്കുക, യാത്രക്കാരെ നിരീക്ഷിക്കുക, എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന സ്ഥലത്ത് കൃത്യമായി ഇരിക്കുക എന്നിവയാണ് പൂച്ചയുടെ പ്രധാന ഉത്തരവാദിത്തങ്ങളെന്ന് അധികൃതര്‍ തമാശയായി പറയുന്നു. ഒപ്പം ഇതുവരെ അതിന്റെ പ്രകടനം ‘പര്‍ഫെക്റ്റ്’ ആണെന്നും അവര്‍ കുട്ടിച്ചേര്‍ത്തു. പൂച്ചയുടെ ചിത്രവും മെട്രോയുടെ രസകരമായ പ്രതികരണവും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടി. ഗുണ്ടാവലി സ്റ്റേഷനിലെത്തുമ്പോഴെല്ലാം താന്‍ പൂച്ചയെ അന്വേഷിക്കാറുണ്ടെന്ന് ഒരാള്‍ പ്രതികരിച്ചു. മറ്റൊരാള്‍ ഇതിന് ‘ചീഫ് മൗസ് ക്യാച്ചര്‍’ എന്ന പദവി നല്‍കണമെന്നായിരുന്നു തമാശയായി കുറിച്ചത്. സാധാരണയായി യാത്രക്കാരുടെ തിരക്കിനും ട്രെയിന്‍ സര്‍വീസുകള്‍ക്കുമിടയില്‍ ശ്രദ്ധിക്കപ്പെടുന്ന മെട്രോ സ്റ്റേഷനില്‍, ഈ പൂച്ച ഇപ്പോള്‍ യാത്രക്കാരുടെ പ്രിയപ്പെട്ട ‘ജീവനക്കാരനായി’ മാറിയിരിക്കുകയാണ്. ചെറിയൊരു തമാശയില്‍ തുടങ്ങിയ സംഭവം സമൂഹ മാധ്യമങ്ങളില്‍ ചിരിയും കൗതുകവും നിറയ്ക്കുകയാണ്.

Scroll to Top