മദ്യപിച്ച് അലക്ഷ്യമായി കാറോടിച്ച് അപകടമുണ്ടാക്കിയ എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
അപകടത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തി. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലയുള്ള ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുമുണ്ടായ ഈ നടപടി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
തിരുവനന്തപുരം: മദ്യപിച്ച് അലക്ഷ്യമായി കാറോടിച്ച് അപകടമുണ്ടാക്കിയ എക്‌സൈസ് പ്രിവന്റീവ് ഓഫീസറെ സര്‍വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. നെയ്യാര്‍ഡാം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രിവന്റീവ് ഓഫീസര്‍ ഷിജുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലയുള്ള ഒരു എക്‌സൈസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഉണ്ടായ ഈ നടപടി ഗുരുതരമായ സ്വഭാവദൂഷ്യവും അച്ചടക്ക ലംഘനവുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയിലാണ് മദ്യലഹരിയില്‍ അമിത വേഗതയിലെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥന്റെ കാര്‍ മറിഞ്ഞത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കട്ടയ്‌ക്കോട് ഭാഗത്തു നിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്നു എക്‌സൈസ് ഉദ്യോഗസ്ഥന്‍.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക
കട്ടയ്‌ക്കോട് റോഡിലെ ഒരു ഹോള്‍സെയില്‍ കടയ്ക്ക് മുന്നില്‍ വെച്ച് നിയന്ത്രണം വിട്ട കാര്‍ മറിയുകയായിരുന്നു. എതിരെ വന്ന ഒരു ബൈക്ക് യാത്രികന്‍ അത്ഭുതകരമായാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. അപകടത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച പൊലീസ്, ഇയാളുടെ വൈദ്യപരിശോധന നടത്തി മദ്യപിച്ചതായി കണ്ടെത്തിയിരുന്നു.
