Advertisement

24 വര്‍ഷങ്ങള്‍ക്ക് ശേഷം ‘കല്യാണരാമന്‍’ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക്

By kcnchannel / October 27, 2026

ദിലീപ് നായകനായി 2002ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് കോമഡി ചിത്രം ‘കല്യാണരാമന്‍’ വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. ബെന്നി പി നായരമ്പലം തിരക്കഥയൊരുക്കി ഷാഫി സംവിധാനം ചെയ്ത ചിത്രം.
സമീപകാലത്ത് സിനിമാ മേഖലയില്‍ കണ്ടുവരുന്ന കാര്യമാണ് പുത്തന്‍ സാങ്കേതിക മികവില്‍ ഒരുക്കിയ റീ റിലീസുകള്‍. മലയാളത്തിലടക്കം ഒട്ടനവധി സിനിമകള്‍ ഇതിനകം തിയറ്ററുകളില്‍ എത്തുകയും വന്‍ വിജയം നേടുകയും ചെയ്തു. ആ കൂട്ടത്തിലേക്ക് ദിലീപ് നായകനായി എത്തിയ ‘കല്യാണരാമന്‍’ വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്. 24 വര്‍ഷങ്ങള്‍ക്ക് ശേഷം എത്തുന്ന ചിത്രം 4കെ അറ്റ്‌മോസില്‍ നൂതന സാങ്കേതിക മികവോടെയാണ് ഒരുങ്ങുന്നത്. ദിലീപിന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് സമ്മാനമായിട്ടാണ് ‘കല്യാണരാമന്‍ 4K’ റീ റിലീസ് പോസ്റ്റര്‍ പുറത്തിറക്കുകയും ചെയ്തു.

2002ല്‍ പുറത്തിറങ്ങിയ ‘കല്യാണരാമന്‍’ സംവിധാനം ചെയ്തത് ഷാഫിയാണ്. ബെന്നി പി. നായരമ്പലം കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രം ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാല്‍ ആണ് നിര്‍മ്മിച്ചത്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കോമഡി എന്റര്‍ടെയ്‌നറുകളില്‍ ഒന്നായ ‘കല്യാണരാമന്‍’ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുമ്പോള്‍ പ്രേക്ഷകര്‍ ഏറെ ഉറ്റുനോക്കുന്നത് ചിത്രത്തിലെ രാമന്‍കുട്ടിയും പോഞ്ഞിക്കരയും പ്യാരിയും ഒന്നിക്കുന്ന ദിലീപ്- ഇന്നസെന്റ്- സലിംകുമാര്‍ കോമ്പിനേഷന്‍ തന്നെയാകും. റീ റിലീസില്‍ ഏറെ വിജയം കൈവരിച്ച ദേവദൂതന്‍, ചോട്ടാ മുബൈ, കിരീടം എന്നീ ചിത്രങ്ങളുടെ റീമാസ്റ്ററിംഗ് ചെയ്ത ഹൈ സ്റ്റുഡിയോസാണ് കല്യാണരാമനും അത്യാധുനിക 4K ദൃശ്യനിലവാരത്തിലും ഡോള്‍ബി അറ്റ്‌മോസ് ശബ്ദമികവിലുമായി ഒരുക്കുന്നത്.

ദിലീപ്, കുഞ്ചാക്കോ ബോബന്‍, ലാലു അലക്‌സ്, ലാല്‍, നവ്യ നായര്‍, ജ്യോതിര്‍മയി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ ഇന്നസെന്റ്, സലിം കുമാര്‍, ലാല്‍, ലാലു അലക്‌സ്, ബോബന്‍ ആലുമ്മൂടന്‍, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, കൊച്ചുപ്രേമന്‍ തുടങ്ങിയ വലിയൊരു താരനിരയും അണിനിരക്കുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചിച്ച ചിത്രത്തിലെ ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് ബേണി-ഇഗ്‌നേഷ്യസ് ആണ്. പി.സുകുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ഹരിഹരപുത്രന്‍ ആണ്. പി.ആര്‍.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.