നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; ഒറ്റ ഷിഫ്റ്റായി പരീക്ഷ, അഡ്മിറ്റ് കാര്‍ഡ് നാളെ ലഭിക്കും

NEET-PG 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ 09:00 മണി മുതല്‍ ഉച്ചയ്ക്ക് 12:30 വരെയാണ് പരീക്ഷ. ഒറ്റ ഷിഫ്റ്റായി പരീക്ഷ നടത്തും. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായിരിക്കും. അഡ്മിറ്റ് കാര്‍ഡ് 25 ന് ലഭിക്കും. പുതുക്കിയ പരീക്ഷാ കലണ്ടര്‍ അനുസരിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ nbe.edu.in വഴി അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.

നേരത്തെ ഓഗസ്റ്റ് 24-ന് അഡ്മിറ്റ് കാര്‍ഡ് നല്‍കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് തീയതി ഓഗസ്റ്റ് 25-ലേക്ക് മാറ്റുകയായിരുന്നു. പരീക്ഷാ കേന്ദ്രത്തിന്റെ കൃത്യമായ വിവരങ്ങളും നിര്‍ദേശങ്ങളും അഡ്മിറ്റ് കാര്‍ഡില്‍ അടങ്ങിയിരിക്കും. അഡ്മിറ്റ് കാര്‍ഡിലെ പേര്, ഫോട്ടോ, പരീക്ഷാ കേന്ദ്രം എന്നിവ ഡൗണ്‍ലോഡ് ചെയ്ത ഉടന്‍ ഉദ്യോഗാര്‍ത്ഥികള്‍ കൃത്യമായി പരിശോധിക്കേണ്ടതാണ്.

എന്തെങ്കിലും തെറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ എന്‍ബിഇഎംഎസ് അധികൃതരുമായി ബന്ധപ്പെടുക. വ്യാജ പ്രചാരണങ്ങളിലും സോഷ്യല്‍ മീഡിയ വാര്‍ത്തകളിലും വീഴരുതെന്നും ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങള്‍ മാത്രം പിന്തുടരണമെന്നും ബോര്‍ഡ് അറിയിച്ചു.

അഡ്മിറ്റ് കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

ഔദ്യോഗിക വെബ്‌സൈറ്റായ nbe.edu.in സന്ദര്‍ശിക്കുക

‘NEET PG 2026’ സെക്ഷനില്‍ നിന്ന് ‘Applicant Login’ തിരഞ്ഞെടുക്കുക.

യൂസര്‍ ഐഡിയും പാസ്വേഡും നല്‍കി ലോഗിന്‍ ചെയ്യുക.

സ്‌ക്രീനില്‍ തെളിയുന്ന അഡ്മിറ്റ് കാര്‍ഡ് പരിശോധിച്ച് ഡൗണ്‍ലോഡ് ചെയ്യുക.

ഇത്തവണ പരീക്ഷാ രീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ചോദ്യങ്ങളുടെ എണ്ണം 200-ല്‍ നിന്ന് 180 ആയി കുറച്ചു. 720 മാര്‍ക്കിലായിരിക്കും പരീക്ഷ. (ഓരോ ശരിയുത്തരത്തിനും 4 മാര്‍ക്ക്, തെറ്റായ ഉത്തരത്തിന് 1 മാര്‍ക്ക് നെഗറ്റീവ്). 210 മിനിറ്റ് (3 മണിക്കൂര്‍ 30 മിനിറ്റ്) പരീക്ഷാ സമയം മാറ്റമില്ലാതെ തുടരും. ചോദ്യങ്ങളുടെ എണ്ണം കുറച്ചതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓരോ ചോദ്യത്തിനും കൂടുതല്‍ സമയം ലഭിക്കും. രാജ്യത്തുടനീളം ഒറ്റ ഷിഫ്റ്റിലായി ഓഗസ്റ്റ് 30 നാണ് പരീക്ഷ നടക്കുന്നത്.

Scroll to Top