കാസര്‍കോട് ജില്ലയിലെ മികച്ച വിദ്യാലയമായി കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍

2025-26 വര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച ബെസ്റ്റ് സ്‌കൂള്‍ പെര്‍ഫോമന്‍സ് അവാര്‍ഡ് കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാതരത്തിലും കാസര്‍ഗോഡ് റവന്യൂ ജില്ലാതലത്തിലും മത്സരിച്ച മറ്റു വിദ്യാലയങ്ങള്‍ പിന്തള്ളിയാണ് കമ്പല്ലൂര്‍ മികവിന്റെ നെറുകയിലെത്തിയത്.

പാഠ്യപാഠ്യേതര രംഗങ്ങളിലെ സര്‍വ്വതോമുഖമായ മികവുകളാണ് കമ്പല്ലൂര്‍ സ്‌കൂളിന്റെ നേട്ടത്തിന് പിന്നിലുള്ളത്. 15 വര്‍ഷങ്ങളായി തുടര്‍ച്ചയായി എസ്എസ്എല്‍സി പരീക്ഷയിലെ 100% വിജയം. ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരുന്ന ഫുള്‍എ പ്ലസുകള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ജില്ലയിലെ മികച്ച വിജയം, എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ 31 പ്രതിഭകള്‍, പ്ലസ് വണ്‍ പരീക്ഷയിലെ മികവാര്‍ന്ന വിജയം, എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം എസ് തുടങ്ങിയ മത്സരപരീക്ഷകളിലെ തുടര്‍ച്ചയായ മികവുറ്റ നേട്ടങ്ങള്‍ എന്നിവ അക്കാദമിക രംഗത്തെ മികവുകളെ പിന്തുണയ്ക്കുന്നു.

കേരള സ്‌കൂള്‍ കലോത്സവത്തില്‍ കഴിഞ്ഞവര്‍ഷം ചിറ്റാരിക്കല്‍ ഉപജില്ലയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്, കാസര്‍ഗോഡ് റവന്യൂ ജില്ലയില്‍ ഹയര്‍ സെക്കന്ററി ചാമ്പ്യന്‍ഷിപ്പ്, ശാസ്‌ത്രോത്സവത്തില്‍ ചിറ്റാരിക്കല്‍ ഉപജില്ലയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്ഗണിതശാസ്ത്രമേള, ഗണിതശാസ്ത്രമേള എന്നിവയില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലെ ചാമ്പ്യന്‍ഷിപ്പുകള്‍, കായികരംഗത്ത് വിവിധ മത്സരങ്ങളില്‍ കൈവരിച്ച തിളക്കമാര്‍ന്ന നേട്ടങ്ങള്‍, സംസ്ഥാനതല മത്സരങ്ങളിലെ പങ്കാളിത്തവും ഗ്രേഡുകളും എല്ലാം വിദ്യാലയത്തിന്റെ സര്‍വ്വമുഖമായ നേട്ടങ്ങളുടെ ചില ഉദാഹരണങ്ങള്‍ മാത്രം. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ റവന്യൂ ജില്ലാ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി ഭാഗത്തില്‍ തുടര്‍ച്ചയായി ചാമ്പ്യന്‍ഷിപ്പുകള്‍ നേടാന്‍ കഴിഞ്ഞത് എടുത്തു പറയേണ്ട നേട്ടമാണ്. കായികരംഗത്ത് സുബ്രതോ കപ്പ് ഫുട്‌ബോള്‍ മത്സരങ്ങളിലും വോളിബോളിലും ഉപജില്ല, ജില്ലാതലങ്ങളില്‍ മികച്ച വിജയം നേടാന്‍ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന സെപ്റ്റ് ഫുട്‌ബോള്‍ കോച്ചിംഗ് സെന്റര്‍ കായികരംഗത്ത് പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതില്‍ മികച്ച സംഭാവനകള്‍ നല്‍കിവരുന്നു. സംസ്ഥാനതല സെപ്റ്റ് ഫുട്‌ബോള്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടാനായത് മികച്ച വിജയമാണ്.

സമൂഹ പങ്കാളിത്തം വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ ഉറപ്പിക്കുന്ന പ്രാദേശിക വിദ്യാഭ്യാസ സമിതികള്‍, ക്ലീന്‍ കമ്പല്ലൂര്‍ പദ്ധതി, മഴവെള്ള കൊയ്ത്ത് സര്‍വ്വേ മുതലായവ വിദ്യാലയവും സമൂഹവും തമ്മില്‍ നേതൃത്വം ദൃഢമായ ബന്ധത്തിന്റെ ഉദാഹരണങ്ങളായി.

ക്യാമ്പസ് ശുചീകരണത്തില്‍ വിദ്യാലയം നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയേണ്ടവയാണ്. ക്ലീന്‍ കമ്പല്ലൂര്‍ പദ്ധതിയുടെ ഭാഗമായി കമ്പല്ലൂര്‍ ടൗണിലെ ശുചീകരണവും വിദ്യാലയം ഒരു ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുന്നു.

ഒരോ വര്‍ഷവും വിദ്യാലയത്തിലേക്ക് പുതുതായി കുട്ടികള്‍ എത്തിച്ചേരുന്നത് വന്‍തോതില്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്. ഒരോ ക്ലാസിലും ഒരു വര്‍ഷവും വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുന്നത് ശ്രദ്ധേയമാണ്. രണ്ട് ഡിവിഷന്‍ മാത്രം ഉണ്ടായിരുന്ന എട്ടാം ക്ലാസ് ഇക്കുറി 4 ഡിവിഷനുകളായാണ് വര്‍ദ്ധിച്ചത്.

വിദ്യാലയത്തില്‍ കുട്ടികള്‍ ഉള്‍പ്പെട്ട വിവിധ കൂട്ടായ്മകള്‍, എന്‍ എസ് എസ്, എസ് പി സി, റോവര്‍ സ്‌കൗട്ട്, ജെ ആര്‍ സി, ലിറ്റില്‍ കൈറ്റ്‌സ്, സൗഹൃദ ക്ലബ്ബ്, കരിയര്‍ ഗൈഡന്‍ സംവിധാനം, കൗണ്‍സിലിംഗ് യൂണിറ്റ് എന്നിവയും ജില്ലയിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെടുന്നതില്‍ സുപ്രധാന ഘടകങ്ങളായി മാറി.

കുട്ടികളുടെ ഭാഷാപരമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ തനതായ നിരവധി പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കമ്പലൂര്‍ സി ആര്‍ സി ഗ്രന്ഥശാലയുമായി ചേര്‍ന്ന് കുട്ടികളുടെ വായനയെ പരിപോഷിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. സാഹിത്യ സംവാദങ്ങള്‍, ഒരു കഥ പറയാം, എഴുത്തുകാരുമായി മുഖാമുഖം എന്നിവ എടുത്തു പറയേണ്ട പ്രവര്‍ത്തനങ്ങളാണ്.

അക്കാദമിക് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓരോ വിഭാഗത്തിലും സ്‌കൂള്‍ റിസോഴ്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിവിധ ആസൂത്രണങ്ങളും മൂല്യനിര്‍ണയ സംവിധാനങ്ങളും പരിഹാര പ്രവര്‍ത്തനങ്ങളും മാതൃകാപരമാണ്.

അധ്യാപക രക്ഷാകര്‍തൃ സമിതി, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി, മദര്‍ പിടിഎ, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ, സ്‌കൂള്‍ ജാഗ്രത സമിതി എന്നിവയുടെ പ്രവര്‍ത്തനങ്ങളും വിദ്യാലയത്തിന്റെ നേട്ടത്തിനു പിന്നിലെ ചാലക ശക്തികളായി മാറി.

രക്ഷിതാക്കളുടെ സഹകരണത്തോടെ മികച്ച രീതിയില്‍ നടക്കുന്ന ഉച്ച ഭക്ഷണ പരിപാടി മറ്റൊരു ഉദാഹരണം. കുട്ടികള്‍ പിറന്നാള്‍ സമ്മാനമായി ഭക്ഷണപ്പുരയിലേക്ക് പച്ചക്കറികളും മറ്റു വിഭവങ്ങളും സംഭാവന ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളായി നടന്നുവരുന്നു.

ഭൗതിക സാഹചര്യങ്ങളില്‍ വിദ്യാലയത്തിലെ കെട്ടിടസൗകര്യം, മികച്ച ലാബുകള്‍, ജില്ലയ്ക്കാകെ മാതൃകയായ ജിയോ ലാബ്, കേരളത്തില്‍ ആകെയുള്ള 5 റിയാലിറ്റി ലാബുകളില്‍ ഒന്ന്, മാത്സ് ഐടി ലാബുകള്‍, പിടിഎ തനതായി നടപ്പിലാക്കിയ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയും പുരസ്‌കാരം നേട്ടത്തിലെ പ്രധാന നാഴികക്കല്ലുകളാണ്.

മറ്റു വിദഗ്ധരുടെ സഹായങ്ങള്‍ ഒന്നുമില്ലാതെ സ്‌കൂളിലെ അധ്യാപകര്‍ കൂട്ടായി തയ്യാറാക്കിയ വിദ്യാലയ മികവുകളുടെ റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദ്യാലയത്തില്‍ നടന്ന മികച്ച പ്രവര്‍ത്തനങ്ങളുടെ ഉദാഹരണങ്ങള്‍ ഓരോന്നായി എടുത്തു കാണിക്കുന്നു.

മറ്റു 13 ജില്ലകളിലെയും ജേതാക്കളോടൊപ്പം സംസ്ഥാനതലത്തിലെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെടാന്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി ഭേദങ്ങളില്ലാതെ വിദ്യാലയത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കൂട്ടായി, ചിട്ടയായി ആസൂത്രണം ചെയ്യുന്ന രീതിശാസ്ത്രം കമ്പല്ലൂരിന് മാത്രം സ്വന്തം. ഹൈസ്‌കൂള്‍ വിഭാഗത്തിന്റെയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെയും ഓഫീസുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന സമാനതകളില്ലാത്ത മാതൃകയും കമ്പല്ലൂരിന്റെ തനതു സവിശേഷതയാണ്. വിദ്യാലയത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വേര്‍തിരിവുകള്‍ ഇല്ലാതെ ഒന്നിച്ച് ആസൂത്രണം ചെയ്യുന്ന രീതിയാണ് ഏറ്റവും ശ്രദ്ധേയം.

ജില്ലയില്‍ ലഭിച്ച മികവിനെ സംസ്ഥാന തലത്തിലും തുടര്‍ന്നും നിലനിര്‍ത്താനാകും എന്ന ആത്മവിശ്വാസത്തിലാണ് വിദ്യാലയം. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് സംസ്ഥാനതലത്തില്‍ ലഭിച്ച നേട്ടത്തിനു ശേഷം മറ്റൊരു സംസ്ഥാനതല നേട്ടത്തിന് വേണ്ടി കമ്പല്ലൂരൊന്നാകെ കാത്തിരിക്കുന്നു.

Scroll to Top