ഇന്ത്യ-ബംഗ്ലാദേശ് പരമ്പര 2027 ജനുവരിയിലെന്ന് സൂചന; ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍

ഇന്ത്യ-ബംഗ്ലാദേശ് പരമ്പര അടുത്തവര്‍ഷം ജനുവരിയില്‍ നടന്നേക്കുമെന്ന് സൂചന. ഈവര്‍ഷം നടക്കാന്‍ സാധ്യതയില്ല. ബിസിസിഐയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ്, ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര അടുത്ത വര്‍ഷം ജനുവരിയിലേക്ക് മാറ്റിവെക്കാന്‍ സാധ്യതയെന്ന ധാരണയായത്. ആദ്യം നിശ്ചയിച്ചിരുന്ന സെപ്റ്റംബറിലെ ഷെഡ്യൂള്‍ അനിശ്ചിതത്വത്തിലായതിനെ തുടര്‍ന്ന്, അടുത്ത വര്‍ഷാരംഭത്തില്‍ ഇതിനായി അനുയോജ്യമായ സമയം കണ്ടെത്താനുള്ള ശ്രമത്തിലാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) എന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ‘ഇന്ത്യ-ബംഗ്ലാദേശ് പരമ്പര ജനുവരിയില്‍ നടക്കാനാണ് സാധ്യത. സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. അതേസമയം അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ ഇതിനായി ഒരു സമയം കണ്ടെത്താന്‍ ബിസിബി ശ്രമിക്കുന്നുണ്ട്’ -ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.

ആദ്യം 2025 ഓഗസ്റ്റിലാണ് ഇന്ത്യ ബംഗ്ലാദേശ് പര്യടനം നടത്താന്‍ നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഇത് 2026 സെപ്റ്റംബറിലേക്ക് മാറ്റിവെക്കുകയായിരുന്നു. ഈവര്‍ഷം ജനുവരിയില്‍, ധാക്കയിലും ചിറ്റഗോംഗിലുമായി ഇന്ത്യ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളും കളിക്കുമെന്ന് ബിസിബി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ പര്യടനത്തെക്കുറിച്ച് ബിസിസിഐ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

ജനുവരിയില്‍ ബിസിബി പര്യടനം പ്രഖ്യാപിച്ചതിന് പിന്നാലെ, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ഒഴിവാക്കിയതോടെ ഇരു ക്രിക്കറ്റ് ബോര്‍ഡുകളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു. തുടര്‍ന്ന് ഇന്ത്യയും സഹ-ആതിഥേയത്വം വഹിച്ച ട്വന്റി-20 ലോകകപ്പിലേക്ക് ബംഗ്ലാദേശ് ടീമിനെ അയക്കേണ്ടതില്ലെന്ന് അമീനുല്‍ ഇസ്ലാമിന്റെ നേതൃത്വത്തിലുള്ള ബിസിബി തീരുമാനിച്ചതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായി. എങ്കിലും, തമീം ഇഖ്ബാല്‍ ബിസിബി പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഇരു ബോര്‍ഡുകളും തമ്മിലുള്ള ബന്ധത്തില്‍ പുരോഗതിയുടെ സൂചനകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഈ മാസമാദ്യം ഇന്ത്യ സന്ദര്‍ശിച്ച തമീം, ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സ് സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ഇരു ബോര്‍ഡുകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു.

Scroll to Top