ദില്ലി: നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെയും എന്‍ ഡി ആര്‍ എഫ് സംഘത്തെയും അയക്കാമെന്ന ഇന്ത്യയുടെ നിര്‍ദ്ദേശം ഇതുവരെ സ്വീകരിക്കാതെ നേപ്പാള്‍. എന്തിനും ഇന്ത്യ തയ്യാറായി നില്‍ക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നേപ്പാള്‍ വിദേശകാര്യമന്ത്രി ശിസിര്‍ ഖനാലിനെ അറിയിച്ചു. തുരങ്കത്തില്‍ തിരച്ചില്‍ നടത്താനുള്ള വിദഗ്ധ സംഘത്തിന്റെ സഹായം മാത്രമാണ് നേപ്പാള്‍ ഇതുവരെ തേടിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേപ്പാളില്‍ 320 ഇന്ത്യക്കാരെയും 100 ഇന്ത്യന്‍ വംശജരെയും ഇനിയും കണ്ടെത്താനുണ്ടെന്നിരിക്കെയാണ് കരസേനയെയും വ്യോമസേനയെയും എന്‍ ഡി ആര്‍ എഫ് സംഘങ്ങളെയും അയക്കാനുള്ള ഇന്ത്യയുടെ നീക്കം.
ഇന്ത്യ എന്തിനും സജ്ജം
ബെയ്‌ലി പാലം അടക്കം സ്ഥാപിക്കാന്‍ കരസേന തയ്യാറാണെന്ന് നേപ്പാളിനെ ഇന്ത്യ അറിയിച്ചിരുന്നു. തിരച്ചിലിനുള്ള ഉപകരണങ്ങളുമായി എന്‍ ഡി ആര്‍ എഫ് സംഘത്തെയും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ എത്ര വേണമെങ്കിലും നല്‍കാമെന്നും ഇന്ത്യ വ്യക്തമാക്കി. എന്നാല്‍ ഇതുവരെ സേനയുടെ സഹായം സ്വീകരിക്കാന്‍ നേപ്പാള്‍ തയ്യാറായിട്ടില്ല. ഇന്ന് നേപ്പാളില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ 21 ഇന്ത്യക്കാരെ കണ്ടശേഷം വിമാനത്താവളത്തില്‍ വെച്ചുതന്നെ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നേപ്പാള്‍ വിദേശകാര്യമന്ത്രി ശിശിര്‍ ഖനാലിനെ ടെലിഫോണില്‍ വിളിച്ചു. തിരച്ചിലില്‍ ഇന്ത്യ സഹകരിക്കാം എന്ന വാഗ്ദാനം ജയശങ്കര്‍ ആവര്‍ത്തിച്ചു. നേപ്പാളിന്റെ പ്രതികരണത്തിനായി കാത്തിരിക്കുന്നു എന്നാണ് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാളും വ്യക്തമാക്കിയത്. തുരങ്കത്തില്‍ തിരച്ചില്‍ നടത്താന്‍ വൈദഗ്ധ്യം നേടിയ ഒരു സംഘത്തെ നേപ്പാളിന്റെ ആവശ്യപ്രകാരം ഇന്ത്യ അയച്ചിട്ടുണ്ട്. ആദ്യ സംഘം എത്തി എന്തൊക്കെ ഉപകരണങ്ങള്‍ വേണം എന്നതടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തി. ദുരിതാശ്വാസ സാമഗ്രികളുമായി ഒരു വ്യോമസേന വിമാനം കൂടി കാഠ്മണ്ഡുവില്‍ എത്തുമെന്ന് ഇന്ത്യ വ്യക്തമാക്കി. 2015 ലെ ഭൂകമ്പ സമയത്ത് മറ്റു രാജ്യങ്ങളുടെ സേനകള്‍ നടത്തിയ തിരച്ചില്‍ പ്രാദേശിക എതിര്‍പ്പിന് ഇടയാക്കിയിരുന്നു. ഇതുകൊണ്ടാണ് വിദേശ സേനകള്‍ക്ക് തല്‍ക്കാലം നേപ്പാള്‍ അനുവാദം നല്‍കാത്തത് എന്നാണ് സൂചന




