!
ചങ്ങനാശേരി തെങ്ങനത്ത് പെട്രോള്‍ പമ്പിന് സമീപമുള്ള ആറോളം വീടുകളിലെ കിണര്‍ വെള്ളത്തില്‍ പെട്രോളും ഡീസലും കലര്‍ന്നു. പമ്പില്‍ നിന്ന് ഇന്ധനം കലര്‍ന്ന വെള്ളം പുറത്തേക്ക് ഒഴുക്കിയതാണ് ഇതിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. പരാതി നല്‍കിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് ശാസ്ത്രീയമായ ശുചീകരണ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കോട്ടയം: പെട്രോള്‍ പമ്പില്‍ നിന്ന് മഴവെള്ളം കലര്‍ന്ന ഇന്ധനം പുറത്തേക്ക് ഒഴുക്കിവിട്ടതിനെ തുടര്‍ന്ന് ജനം ദുരിതത്തില്‍. ചങ്ങനാശേരി തെങ്ങനത്തെ ആറോളം കുടുംബങ്ങള്‍ വീട്ടാവശ്യത്തിന് വെള്ളം പുറത്തുനിന്ന് പണം കൊടുത്ത് വാങ്ങേണ്ട ദുരിതത്തിലാണ്. ഓഗസ്റ്റ് ആദ്യവാരം തെങ്ങനത്തെ സുഫാഷ്‌ന ഫ്യുവല്‍സ് (ഇന്ത്യന്‍ ഓയില്‍) പെട്രോള്‍ പമ്പില്‍ നിന്ന് മഴവെള്ളം കലര്‍ന്ന ഇന്ധനം പുറത്തേക്ക് ഒഴുക്കി കളഞ്ഞതാണ് ദുരിതത്തിന് കാരണം. കിണറുകളും ഭൂമിയും മലിനമായി മാസം ഒന്നാകുമ്പോഴും ശാസ്ത്രീയമായി പ്രദേശം ശുചീകരിക്കാനുള്ള ശ്രമം ആരുടെയും ഭാഗത്ത് നിന്നും ഉണ്ടായില്ല. ഗുരുതര വീഴ്ച കണ്ടെത്തിയിട്ടും പെട്രോള്‍ പമ്പിനും ഉടമയ്ക്കുമെതിരെ യാതൊരു നടപടിയും എടുത്തില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.




