ശബരിമല സ്വര്‍ണക്കൊള്ള കേസ്; പി എസ് പ്രശാന്തിന് ജാമ്യം, ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിച്ച് കൊല്ലം വിജിലന്‍സ് കോടതി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം ലഭിച്ചു
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം ലഭിച്ചു. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. ജൂലൈ 23നാണ് പി എസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രശാന്തിനൊപ്പം അറസ്റ്റിലായ മുന്‍ ബോര്‍ഡ് അംഗം എ അജികുമാറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് അജികുമാറിനും ജാമ്യം ലഭച്ചത്. ജൂലൈ 23നാണ് ഇരുവരെയും എസ്‌ഐടി അറസ്റ്റ് ചെയ്തത്.

2019-ലെ സ്വര്‍ണക്കൊള്ള മറച്ചുവെക്കാന്‍ 2025-ല്‍ പി എസ് പ്രശാന്ത് പ്രസിഡന്റായ ബോര്‍ഡ് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് പാളികള്‍ കൊടുത്തു വിട്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ഹൈക്കോടതിയെ അറിയിക്കാതെയായിരുന്നു സ്വര്‍ണം പൂശാനായി വീണ്ടും പാളികള്‍ കൈമാറിയത്. കോടതിയുടെ മുന്‍കൂര്‍ അനുമതി തേടാത്തത് സാങ്കേതിക പിഴവെന്നായിരുന്നു പി എസ് പ്രശാന്ത് വിശദീകരിച്ചത്. പ്രതികളുടെ വാദങ്ങള്‍ തള്ളിയ എസ്‌ഐടി ഗൂഡാലോചന ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി അറസ്റ്റിലേക്ക് കടക്കുകയായിരുന്നു.

Scroll to Top