മെസിയും നെയ്മറും മടങ്ങിയെങ്കിലും റൊണാള്‍ഡോ തുടരും; കളി മതിയാക്കില്ലെന്ന് സൂചിപ്പിച്ച് പോര്‍ച്ചുഗീസ് താരം

തന്റെ ഫുട്‌ബോള്‍ കരിയറിലെ അവസാന വര്‍ഷമായിരിക്കാം ഇതെന്ന് കഴിഞ്ഞ മാസം റൊണാള്‍ഡോ സൂചിപ്പിച്ചിരുന്നു. അല്‍ നസ്‌റുമായുള്ള കരാര്‍ അടുത്ത വര്‍ഷം ജൂണില്‍ അവസാനിക്കാനിരിക്കെ, റൊണാള്‍ഡോ കളിനിര്‍ത്തുമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു.
റിയാദ്: അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് അര്‍ജന്റീന നായകന്‍ ലയണല്‍ മെസി വിരമിച്ചതിന് പിന്നാലെ ഫുട്‌ബോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തീരുമാനത്തിലേക്കാണ്. എന്നാല്‍, കളിമതിയാക്കാന്‍ താന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്ന ശക്തമായ സൂചനകളാണ് 41-കാരനായ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം നല്‍കുന്നത്. സൗദി ക്ലബ്ബ് അല്‍ നസ്‌റിന്റെ പരിശീലന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ‘കീപ് പുഷിങ്’ എന്ന അടിക്കുറിപ്പെഴുതിയാണ് റൊണാള്‍ഡോ തന്റെ നിലപാട് വ്യക്തമാക്കിയത്.

തന്റെ ഫുട്‌ബോള്‍ കരിയറിലെ അവസാന വര്‍ഷമായിരിക്കാം ഇതെന്ന് കഴിഞ്ഞ മാസം റൊണാള്‍ഡോ സൂചിപ്പിച്ചിരുന്നു. അല്‍ നസ്‌റുമായുള്ള കരാര്‍ അടുത്ത വര്‍ഷം ജൂണില്‍ അവസാനിക്കാനിരിക്കെ, റൊണാള്‍ഡോ കളിനിര്‍ത്തുമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. എങ്കിലും, അന്താരാഷ്ട്ര തലത്തില്‍ 2028 യൂറോ കപ്പ് വരെ തുടരാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. 2016-ല്‍ പോര്‍ച്ചുഗലിന് ആദ്യ അന്താരാഷ്ട്ര കിരീടം നേടിക്കൊടുത്തതില്‍ പ്രധാന പങ്ക് വഹിച്ചത് റൊണാള്‍ഡോയായിരുന്നു. 2026 ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ പുറത്തായപ്പോള്‍ ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നെങ്കിലും, അന്താരാഷ്ട്ര കരിയര്‍ അവിടെ അവസാനിക്കുന്നില്ലെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു.

അന്താരാഷ്ട്ര തലത്തില്‍ 150 ഗോളുകള്‍ എന്ന അപൂര്‍വ്വ നാഴികക്കല്ല് തികയ്ക്കാന്‍ താരത്തിന് ഇനി 4 ഗോളുകള്‍ കൂടി മാത്രം മതി. ക്ലബ്ബ്, അന്താരാഷ്ട്ര തലങ്ങളിലായി നിലവില്‍ 978 ഔദ്യോഗിക ഗോളുകളാണ് റൊണാള്‍ഡോ നേടിയിട്ടുള്ളത്. കരിയറില്‍ 1000 ഗോളുകള്‍ സ്വന്തമാക്കുന്ന ആദ്യ താരമാകുക എന്ന വലിയ ലക്ഷ്യത്തിലേക്ക് ഇനി 22 ഗോളുകളുടെ ദൂരം മാത്രമാണുള്ളത്. നിലവിലെ സീസണ്‍ അവസാനിക്കുന്നതിന് മുന്‍പ് തന്നെ ഈ ലക്ഷ്യം മറികടക്കാമെന്ന പ്രതീക്ഷയിലാണ് റൊണാള്‍ഡോയും ആരാധകരും.

Scroll to Top