ചേരാനെല്ലൂരിലെ ബെന്‍സ് കാര്‍ അപകടം; വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസെടുത്തു, നടപടി ഹൈക്കോടതിയുടെ അനുമതിയോടെ
ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് 17 കാരന്റെ പിതാവും വാഹന ഉടമയുമായ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കാനും പൊലീസ് അപേക്ഷ നല്‍കും.
കൊച്ചി: ചേരാനെല്ലൂരില്‍ 17കാരനോടിച്ച കാറിടിച്ച് ഒരാള്‍ മരിച്ച കേസില്‍ വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസെടുത്ത് പൊലീസ്. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് 17 കാരന്റെ പിതാവും വാഹന ഉടമയുമായ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കാനും പൊലീസ് അപേക്ഷ നല്‍കും. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കുക.
അപകടമുണ്ടാക്കിയ വിദ്യാര്‍ത്ഥി സ്ഥിരം കാറോടിക്കുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. അതിവേഗതയില്‍ കാര്‍ ഓടിക്കുന്നതിന്റെ റീല്‍ ചിത്രീകരിക്കാനായിരുന്നു രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു. അപകടം സംഭവിക്കുന്നതിന് മുമ്പ് 17 കാരന്‍ 104 കിലോമീറ്റര്‍ വേഗതയില്‍ വാഹനം ഓടിക്കുന്ന ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയാണ് ജഡ്ജിയുടെ മകനായ 17 കാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍(55) മരിച്ചത്. അപകടത്തിന് പിന്നാലെ 17 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച വൈകിട്ടോടെ 17 കാരനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. പ്രതിയുടെ ജാമ്യം റദ്ദാക്കാനും പൊലീസ് അപേക്ഷ നല്‍കും.
പ്രതിക്കെതിരെ പൊലീസ് 181,183 മോട്ടോര്‍ ആക്ട് ചുമത്തിയിട്ടുണ്ട്. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചു, അമിതവേഗതിയില്‍ വാഹനം ഓടിച്ചു എന്നിവയാണ് വകുപ്പുകള്‍. അതിനിടെ കഴിഞ്ഞ ദിവസം ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പ്രതിയായ 17 കാരനെ ജാമ്യം നല്‍കി വിട്ടയച്ചതിലെ പ്രതിഷേധത്തിനിടെ മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ തളര്‍ന്നുവീണു. ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷന് മുന്‍പില്‍ മകളടക്കമുള്ള കുടുംബാംഗങ്ങള്‍ കുത്തിയിരിന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് മകള്‍ തളര്‍ന്നുവീണത്. നീതിക്കായി ഏതറ്റംവരെയും പോകുമെന്ന് അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ പ്രതികരിച്ചു.
