വിപണിയെ അതിന്റെ വഴിക്ക് വിടില്ലെന്ന് സര്‍ക്കാര്‍; സവാള വില നിയന്ത്രിക്കാന്‍ ശക്തമായ ഇടപെടലെന്ന് മന്ത്രി

സംസ്ഥാനത്ത് കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടുന്നു. എന്‍.സി.സി.എഫ്. വഴി 100 ടണ്‍ സവാള സംഭരിച്ച് ഹോര്‍ട്ടികോര്‍പ്പ്, സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ കിലോയ്ക്ക് 35 രൂപ നിരക്കില്‍ വിതരണം ചെയ്യും. വിപണിയിലെ വിലക്കയറ്റം തടയാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കൃഷിമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: സവാള വിലവര്‍ധനയില്‍ ജനങ്ങള്‍ക്ക് ആശ്വാസമൊരുക്കാന്‍ ശക്തമായ വിപണി ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. വിപണിയെ അതിന്റെ വഴിക്ക് വിടില്ലെന്നും ക്രമാതീതമായ വിലവര്‍ധന നിയന്ത്രിക്കാന്‍ ആവശ്യമായ എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ നടത്തുമെന്നും കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍.സി.സി.എഫ്.) വഴി 100 ടണ്‍ സവാള സംഭരിച്ച് വിപണിയിലെത്തിക്കും.

ആദ്യഘട്ടമായി 30 ടണ്‍ സവാളയ്ക്കുള്ള ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. സംഭരിക്കുന്ന സവാള ഹോര്‍ട്ടികോര്‍പ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകള്‍ വഴി കിലോയ്ക്ക് 35 നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. സവാള വിലവര്‍ധനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദീകരിച്ച് പി.ആര്‍. ചേംബറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ വിവിധ വിപണികളില്‍ സവാള വില ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തില്‍ കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖിന്റെയും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെയും നേതൃത്വത്തില്‍ സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് അടിയന്തര വിപണി ഇടപെടലിന് തീരുമാനമായത്. കൊല്ലങ്കോട്, കായംകുളം, ചാല, നോര്‍ത്ത് പറവൂര്‍ തുടങ്ങിയ വിപണികളില്‍ സവാളയുടെ മൊത്തവ്യാപാര വില കിലോയ്ക്ക് 58 മുതല്‍ 80 വരെ ഉയര്‍ന്ന സാഹചര്യത്തില്‍ ഇത്തരം വിപണികള്‍ക്ക് ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കും. തുടര്‍ന്ന് മറ്റ് പ്രദേശങ്ങളിലേക്കും ഇടപെടല്‍ വ്യാപിപ്പിക്കും.

നാസിക്, കര്‍ണാടക ഉള്‍പ്പെടെയുള്ള പ്രധാന ഉല്‍പാദന കേന്ദ്രങ്ങളിലെ വിലവര്‍ധന, മൊത്തവ്യാപാരികളുടെ സംഭരണം, കര്‍ഷകരില്‍ നിന്ന് ആവശ്യത്തിന് സവാള വിപണിയിലെത്താത്ത സാഹചര്യം എന്നിവ നിലവിലെ വിലവര്‍ധനയ്ക്ക് കാരണമായതായി മന്ത്രി പറഞ്ഞു. ആവശ്യാനുസരണം കൂടുതല്‍ സവാള വിപണിയിലെത്തിക്കുമെന്നും ഇതിനായി പണം തടസ്സമാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഹോര്‍ട്ടികോര്‍പ്പും സപ്ലൈകോയും സംയുക്തമായാണ് വിതരണം ഏകോപിപ്പിക്കുക. ഹോര്‍ട്ടികോര്‍പ്പിന്റെ മൊബൈല്‍ ഔട്ട്‌ലെറ്റുകളും വില്‍പ്പനയ്ക്കായി പ്രയോജനപ്പെടുത്തും. സംഭരിക്കുന്ന സവാള നശിച്ചുപോകാതിരിക്കാന്‍ വാഴക്കുളത്തെ കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോള്‍ഡ് സ്റ്റോറേജ് ഉള്‍പ്പെടെയുള്ള സംഭരണ സൗകര്യങ്ങള്‍ സജ്ജമാക്കും. വിപണിയിലെ വിലയും ലഭ്യതയും നിരന്തരം നിരീക്ഷിച്ച് ആവശ്യമായ തുടര്‍ ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ ഓണക്കാലത്ത് പച്ചക്കറി വില നിയന്ത്രിക്കുന്നതിനായി കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ. എന്നിവയുടെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ 2,000 പച്ചക്കറി ചന്തകള്‍ നടത്തിയിരുന്നു. വിപണി ഇടപെടലിലൂടെ പച്ചക്കറി വിലയില്‍ 38 ശതമാനം വരെ കുറവ് വരുത്താന്‍ കഴിഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി. സാധാരണയായി ഓണത്തിന് ശേഷം വില കുറയുന്ന സാഹചര്യമാണുള്ളതെങ്കിലും ഇത്തവണ പ്രധാന ഉല്‍പാദന കേന്ദ്രങ്ങളില്‍ പോലും വില ഉയര്‍ന്നുനില്‍ക്കുന്നതിനാലാണ് സര്‍ക്കാര്‍ അടിയന്തര ഇടപെടലിലേക്ക് കടന്നതെന്നും മന്ത്രി പറഞ്ഞു.

പ്രളയബാധിത കര്‍ഷകര്‍ക്ക് ആവശ്യമായ സഹായം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമായി മുന്നോട്ടുകൊണ്ടുപോകുകയാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കി.പ്രളയബാധയുടെ സ്വഭാവവും വ്യാപ്തിയും സംബന്ധിച്ച കെഎസ്ഡിഎംഎ നോട്ടിഫിക്കേഷന്‍ പുറത്തുവന്നശേഷം തുടര്‍ സാമ്പത്തിക സഹായ നടപടികളിലേക്ക് കടക്കും.

വിളനാശത്തിന്റെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയതായും നിലവില്‍ ഫിസിക്കല്‍ വെരിഫിക്കേഷനായി പ്രത്യേക ഡ്രൈവ് നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. പരിശോധനയിലൂടെ നഷ്ടത്തിന്റെ തോത് നിര്‍ണയിച്ചശേഷം അര്‍ഹരായ കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ്, പ്രകൃതിക്ഷോഭ വിളനാശത്തിനുള്ള സാമ്പത്തിക സഹായം തുടങ്ങിയ വിവിധ പദ്ധതികളിലൂടെ സഹായം ലഭ്യമാക്കും. കര്‍ഷകര്‍ക്കുണ്ടായ ആസ്തിനഷ്ടവും പരിശോധനയുടെ ഭാഗമായി വിലയിരുത്തിവരികയാണ്.

കുട്ടനാട്ടില്‍ പ്രളയത്തില്‍ മോട്ടോറുകള്‍, മോട്ടോര്‍ ഷെഡുകള്‍, അവയുടെ തറകള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ KSDMAയുമായും ദുരന്തനിവാരണ വകുപ്പുമായും ഏകോപിപ്പിച്ച് സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്മ്യൂണിറ്റി അസറ്റ് ഡെവലപ്മെന്റുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പ്രയോജനപ്പെടുത്തി സഹായം ലഭ്യമാക്കുന്നതിനുള്ള സാധ്യതകളും പരിശോധിച്ചുവരികയാണ്.

പ്രളയബാധിത മേഖലകളിലെ മടവീഴ്ച പരിഹരിക്കുന്നതിനും ബണ്ടുകള്‍ ശക്തിപ്പെടുത്തുന്നതിനും വെള്ളം പമ്പ് ചെയ്ത് നീക്കം ചെയ്യുന്നതിനുമുള്ള നടപടികളും സ്വീകരിക്കും . പുനര്‍കൃഷിക്കാവശ്യമായ വിത്തും നടീല്‍ വസ്തുക്കളും കര്‍ഷകര്‍ക്ക് സൗജന്യമായി ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും .

കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രകൃതിക്ഷോഭ വിളനാശവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് നല്‍കാനുള്ള ഏകദേശം 120 കോടി കുടിശ്ശിക ഘട്ടംഘട്ടമായി നല്‍കുന്നതിനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുകയാണ്. ഇതുസംബന്ധിച്ച് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതായും മന്ത്രി അറിയിച്ചു.

നിലവിലെ കൃഷിനാശത്തിന്റെ പശ്ചാത്തലത്തില്‍ 110 കോടി അടിയന്തര സഹായം അനുവദിക്കണമെന്നും കേന്ദ്രസംഘത്തെ ഉടന്‍ കേരളത്തിലേക്ക് അയക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിന്റെ നടപടികള്‍ക്കായി കാത്തിരിക്കുന്നതിനൊപ്പം സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ നാളികേര മേഖലയെ ശക്തിപ്പെടുത്തുന്നതിനായി 500 കോടിയുടെ പ്രത്യേക നാളികേര പുനരുജ്ജീവന പദ്ധതി രൂപവത്കരിക്കാന്‍ നിര്‍ദേശം നല്‍കിയതായും പദ്ധതി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായും കേന്ദ്ര കൃഷി-കര്‍ഷകക്ഷേമ സഹമന്ത്രി രാം നാഥ് ഠാക്കൂറുമായും ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി കേന്ദ്രത്തിന്റെ പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ലോക നാളികേര ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദേശീയതല ദിനാഘോഷം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രിയും ഇക്കാര്യം പ്രത്യേകമായി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നാളികേര മേഖലയുടെ സമഗ്ര വികസനവും മൂല്യവര്‍ധനയും ലക്ഷ്യമിട്ട് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ നാളികേര വികസന പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ ഓണക്കാലത്ത് ഹോര്‍ട്ടികോര്‍പ്പ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ 20,65,500 കിലോഗ്രാം കാര്‍ഷികോല്‍പ്പന്നങ്ങള്‍, ഏകദേശം 14.25 കോടി മൂല്യമുള്ളത്, സംഭരിച്ച് വിപണിയിലെത്തിച്ചതായി മന്ത്രി അറിയിച്ചു. ഓണവിപണി പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലൂടെ ഏകോപിപ്പിച്ചതിനാല്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കിയ കര്‍ഷകര്‍ക്ക് അന്നുതന്നെയോ പിറ്റേന്ന് രാവിലെയോ പണം നല്‍കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു.

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുകയുടെ ഏറിയ പങ്കും വിതരണം ചെയ്തുകഴിഞ്ഞതായി മന്ത്രി അറിയിച്ചു. പി.ആര്‍.എസ്. ഉള്‍പ്പെടെയുള്ള നടപടികള്‍ മുന്നോട്ടുപോയിട്ടുണ്ടെന്നും അടുത്ത നെല്ല് സംഭരണത്തിനായുള്ള കൂടിയാലോചനകള്‍ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

Scroll to Top