ഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും സിജെപി പ്രതിഷേധം. സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവരെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സി ജെപി പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനു മുന്നില്‍ തടഞ്ഞു. സൗരവ് ദാസ്, അഷ്‌തോഷ് രംഗ തുടങ്ങിയ നേതാക്കള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രവര്‍ത്തകര്‍ കുത്തി ഇരുന്ന് പ്രതിഷേധിക്കുന്നു. സൗരവ് ദാസ്, അഷ്‌തോഷ് രംഗ എന്നിവരെ ഉള്ളിലേക്ക് കടത്തിവിട്ടു. കൂടെ വന്ന പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നില്‍ പ്രതിഷേധിക്കുന്നു.നീതി ലഭിച്ചില്ലെങ്കില്‍ ജന്തര്‍ മന്തറിലേക്ക് എന്ന് സമരക്കാര്‍ വ്യക്തമാക്കി.
അതേസമയം കോക്രോച്ച് ജനതാ പാര്‍ട്ടിയിലെ ആഭ്യന്തര ഭിന്നതകളും അഭിപ്രായവ്യത്യാസങ്ങളും ഒടുവില്‍ പാര്‍ട്ടിയില്‍ വലിയൊരു ഔദ്യോഗിക പിളര്‍പ്പിലേക്ക് വഴിതുറന്നിരിക്കുകയാണ്. പാര്‍ട്ടിയുടെ മുന്‍ മുതിര്‍ന്ന വളണ്ടിയറായിരുന്ന മനീഷ് ബ്രഹ്‌മഭട്ടിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം നേതാക്കള്‍ മാതൃസംഘടനയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് ‘സിജെപി-ഡെമോക്രാറ്റിക്’ (CJP-D) എന്ന പേരില്‍ പുതിയൊരു രാഷ്ട്രീയ വിഭാഗം പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ നയരൂപീകരണങ്ങളില്‍ നിന്നും ഭരണപരമായ തീരുമാനങ്ങളില്‍ നിന്നും താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെയും പ്രസ്ഥാനത്തിന് വേണ്ടി പഴുതടച്ച് പണിയെടുത്തവരെയും തള്ളിക്കളയുന്നു എന്ന കടുത്ത അമര്‍ഷമാണ് ഈ പിളര്‍പ്പിലേക്ക് നയിച്ചത്.
സിജെപിയുടെ സ്ഥാപക നേതാക്കളിലൊരാളായ അഭിജീത് ദിപ്‌കെ പാര്‍ട്ടിയുടെ നിലവിലെ അവസ്ഥയ്ക്കെതിരെ പരസ്യമായി രംഗത്തെത്തിയത് ഈ തര്‍ക്കങ്ങള്‍ക്ക് കൂടുതല്‍ വീര്യം കൂട്ടി. പ്രശസ്തമായ ജന്തര്‍ മന്തര്‍ പ്രക്ഷോഭ കാലം മുതല്‍ പാര്‍ട്ടിയുടെ കൂടെ നില്‍ക്കുകയും വലിയ പങ്ക് വഹിക്കുകയും ചെയ്ത മുതിര്‍ന്ന പ്രവര്‍ത്തകരെയും സ്ഥാപക അംഗങ്ങളെയും പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട്, അടച്ചിട്ട മുറിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രത്യേക നേതൃത്വ സംഘത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു എന്നാണ് ദിപ്‌കെയുടെ പ്രധാന ആരോപണം.
ഛത്രപതി സംഭാജിനഗറില്‍ നടന്ന ഒരു രഹസ്യ യോഗത്തിന് ശേഷമാണ് പാര്‍ട്ടിയിലെ അതൃപ്തി മറനീക്കി പുറത്തുവന്നതും പ്രതിസന്ധി രൂക്ഷമായതും. യോഗത്തിലെ തീരുമാനങ്ങളില്‍ അമര്‍ഷം പൂണ്ട മനീഷ് ബ്രഹ്‌മഭട്ടും പ്രവര്‍ത്തകനായ രാഹുല്‍ പാണ്ഡ്യയും അഭിജീത് ദിപ്‌കെയുടെ വസതിക്ക് മുന്നില്‍ കടുത്ത പ്രതിഷേധം ആരംഭിച്ചു. നീണ്ട മണിക്കൂറുകള്‍ നീണ്ട ഈ പ്രതിഷേധ സമരത്തെ തുടര്‍ന്ന് ശാരീരികമായി തളര്‍ന്ന ഇരുവരെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നത് വലിയ വാര്‍ത്താപ്രാധാന്യവും നേടിയിരുന്നു.




