കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ ‘ബിലോങ്ങിങ് എ ജേര്‍ണി ഓഫ് ലവ്’ എന്ന ഓര്‍മ്മക്കുറിപ്പ് നവംബര്‍ 10ന് ഹാര്‍പ്പര്‍ കോളിന്‍സ് ഇന്ത്യയില്‍ പുറത്തിറക്കും. പെന്‍ഗ്വിന്‍ ഹൗസ് പ്രസിദ്ധീകരണത്തില്‍ നിന്ന് പിന്മാറിയത് നേരത്തെ വിവാദമായിരുന്നു
ദില്ലി: കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ഇന്ത്യയില്‍ ഹാര്‍പ്പര്‍ കോളിന്‍സ് പുറത്തിറക്കും. നവംബര്‍ 10 ന് ‘ബിലോങ്ങിങ് എ ജേര്‍ണി ഓഫ് ലവ്’ എന്ന പുസ്തകം പുറത്തിറങ്ങുമെന്ന് ഹാര്‍പ്പര്‍ കോളിന്‍സ് അറിയിച്ചു. ഇന്ത്യയുടെ യാത്രയെ കുറിച്ചുള്ള അപൂര്‍വ്വമായൊരു അകക്കാഴ്ചയും പുസ്തകം നല്‍കുമെന്ന് പ്രസാധകര്‍ വ്യക്തമാക്കി. നേരത്തെ പെന്‍ഗ്വിന്‍ ഹൗസ് പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പിന്മാറിയത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ചില ഭാഗങ്ങള്‍ മാറ്റാന്‍ സോണിയ ഗാന്ധി വിസമ്മതിച്ച സാഹചര്യത്തിലാണ് പെന്‍ഗ്വിന്‍ ഹൗസ് പിന്മാറിയത് എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ സോണിയ ഗാന്ധിയുമായി പുസ്തകത്തിലെ വസ്തുതകളെക്കുറിച്ച് സംസാരിച്ചെന്ന് സ്ഥിരീകരിച്ച പെന്‍ഗ്വിന്‍ പ്രസിദ്ധീകരണം ഏറ്റെടുക്കാത്തതിന് പിന്നിലെ കാരണം ഇതല്ല എന്നായിരുന്നു വിശദീകരിച്ചത്.
ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ
ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ എന്ന പേരില്‍ സോണിയ ഗാന്ധി എഴുതുന്ന പുസ്തകം ഇതിനകം വലിയ ചര്‍ച്ചയായി മാറിയിരുന്നു. തന്റെ ജീവിതത്തിലെ പല നിര്‍ണ്ണായക സംഭവങ്ങളും സോണിയ ഗാന്ധി ഇതില്‍ കുറിച്ചിട്ടുണ്ട് എന്നാണ് സൂചന. പുസ്തകത്തിലെ ഒരു ഭാഗത്ത് പ്രസാധകരായ പെന്‍ഗ്വിന്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചെങ്കിലും സോണിയ ഗാന്ധി ഇത് അംഗീകരിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതും വലിയ ചര്‍ച്ചയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആര്‍ എസ് എസിനെയും കുറിച്ചുള്ള ചില ഭാഗങ്ങള്‍ നീക്കാനാണ് പെന്‍ഗ്വിന്‍ ഹൗസ് പ്രസാധകര്‍ ആവശ്യപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗലോട്ട് അടക്കം ആരോപിച്ചിരുന്നു. ചൈനയുടെ കടന്നുകയറ്റത്തെ കുറിച്ചുള്ള ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു എന്നും അശോക് ഗലോട്ട് വ്യക്തമാക്കിയിരുന്നു. 2015 ല്‍ സോണിയ ഗാന്ധിയും മന്‍മോഹന്‍ സിംഗും ചേര്‍ന്ന് നരേന്ദ്ര മോദിയെ കണ്ടതിനെക്കുറിച്ചുള്ള ഭാഗത്തും മാറ്റം വരുത്തണമെന്ന് പ്രസാധകര്‍ ആവശ്യപ്പെട്ടു എന്നടക്കം പ്രചാരണം ഉണ്ടെങ്കിലും കോണ്‍ഗ്രസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സോണിയ ഗാന്ധിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വിഷയത്തില്‍ പിന്നീട് പ്രതികരിക്കാം എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം അമേരിക്കന്‍ ആസ്ഥാനമായുള്ള, പെന്‍ഗ്വിന്റെ സഹസ്ഥാപനം ആല്‍ഫ്രഡ് എ നോഫ് ആണ് അന്താരാഷ്ട്ര തലത്തില്‍ സോണിയയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.




