കളക്ഷനില്‍ 230 കോടി പിന്നിട്ട് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’; തമിഴ്, തെലുങ്ക് പതിപ്പ് ഇന്ന് തിയറ്ററുകളില്‍

മലയാളത്തില്‍ റെക്കോര്‍ഡ് വിജയം നേടിയ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിന്റെ തമിഴ്, തെലുങ്ക് മൊഴിമാറ്റ പതിപ്പുകള്‍ തിയേറ്ററുകളിലെത്തി. ആഗോളതലത്തില്‍ 231 കോടിയിലധികം നേടിയ ചിത്രം, അന്യഭാഷകളിലും വലിയ വിജയം നേടുമെന്ന പ്രതീക്ഷയിലാണ്.
മലയാള ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുന്ന ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ തമിഴ്, തെലുങ്ക് പതിപ്പുകള്‍ ഇന്നുമുതല്‍ തിയറ്ററുകളില്‍. ഡബ്ബ്ഡ് പതിപ്പ് ആണ് തിയറ്ററുകളില്‍ എത്തുന്നത്. കേരളത്തില്‍ വന്‍ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം ആ?ഗോളതലത്തില്‍ ഇതുവരെ 231.25 കോടി രൂപ നേടിയതായി സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. പതിനാല് ദിവസത്തെ കളക്ഷനാണിത്.

‘പ്രേമം’, ‘പ്രേമലു’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തമിഴ്നാട്ടില്‍ വമ്പന്‍ തരംഗം സൃഷ്ടിക്കാനാണ് നിവിന്‍ പോളി, മമിത ബൈജു, ഗിരീഷ് എ.ഡി, ഭാവന സ്റ്റുഡിയോസ് ടീം എത്തുന്നത്. ‘പ്രേമം’ നടനും ‘പ്രേമലു’ സംവിധായകനും ഒന്നിച്ച ചിത്രം എന്ന രീതിയിലാണ് തമിഴിലും തെലുങ്കിലും സിനിമ ഏറ്റെടുക്കുമെന്ന വിശ്വാസത്തിലാണ് ഏവരും.

തമിഴ് പതിപ്പിന്റെ വിതരണാവകാശം ഫ്യൂച്ചര്‍ റണ്ണപ്പ് ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മലയാളത്തിലെ അവിശ്വസനീയ വിജയ കുതിപ്പ് കണ്ടാണ് തെലുങ്കിലെ മുന്‍നിര വിതരണക്കാരായ മൈത്രി മൂവി മേക്കേഴ്സും ഫ്യൂച്ചര്‍ റണ്ണപ്പ് ഫിലിംസും ചേര്‍ന്ന് തെലുങ്ക് റിലീസ് ഏറ്റെടുത്തിരിക്കുന്നത്. ഗിരീഷ് എ.ഡി – ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിന്റെ ഈ സൂപ്പര്‍ഹിറ്റ് ചിത്രം അന്യഭാഷകളിലും പുതിയ ബോക്‌സ് ഓഫീസ് ചരിത്രം കുറിക്കുമെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.

ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ബെത്ലഹേം കുടുംബ യൂണിറ്റിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രം കൂടിയാണിത്.

Scroll to Top