നിയമപരിഷ്‌കാരത്തെ തുടര്‍ന്നുള്ള ആശയക്കുഴപ്പം പരിഹരിക്കണം; ദുബായ് കെ.എം.സി.സി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി എം.എല്‍.എയ്ക്ക് നിവേദനം നല്‍കി.
കാസര്‍ഗോഡ്: വിദേശത്ത് ജനിച്ച കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവാസികള്‍ നേരിടുന്ന നടപടിക്രമ സങ്കീര്‍ണ്ണതയും കാലതാമസവും അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ദുബായ് കെ.എം.സി.സി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി കാസര്‍ഗോഡ് നിയോജകമണ്ഡലം എം.എല്‍.എയ്ക്ക് നിവേദനം നല്‍കി.
വിദേശത്ത് ജനിച്ച കുട്ടികളുടെ ജനനം ഇന്ത്യന്‍ എംബസി/കോണ്‍സുലേറ്റ് വഴി നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്ത് രേഖകള്‍ ലഭിച്ചിട്ടുള്ള സാഹചര്യങ്ങളിലും, പിന്നീട് നാട്ടിലെത്തുമ്പോള്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി വിവിധ നടപടിക്രമങ്ങളും പരിശോധനകളും നേരിടേണ്ടിവരുന്നതായി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പുതിയ നിയമപരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും വിവിധ ഓഫീസുകളിലെ നടപടിക്രമങ്ങളിലെ വ്യത്യാസങ്ങളും പ്രവാസി കുടുംബങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ കാലതാമസം കുട്ടികളുടെ സ്‌കൂള്‍ പ്രവേശനം, ആധാര്‍ കാര്‍ഡ്,തുടങ്ങിയ അത്യാവശ്യ രേഖകള്‍ ലഭിക്കുന്നതിനും തടസ്സമാകുന്നുണ്ട്. വിദേശവാസം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിരതാമസമാക്കുന്ന പ്രവാസി കുടുംബങ്ങളാണ് ഇതിന്റെ പ്രതിസന്ധി കൂടുതലായി അനുഭവിക്കുന്നത്.
നിലവിലുള്ള നിയമവ്യവസ്ഥകളും പുതിയ നിയമപരിഷ്‌കാരങ്ങളും സംബന്ധിച്ച് വ്യക്തമായ സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും, വിദേശത്ത് നിയമാനുസൃതമായി രജിസ്റ്റര്‍ ചെയ്ത ജനന വിവരങ്ങളുടെ കാര്യത്തില്‍ അനാവശ്യമായ ആവര്‍ത്തന നടപടികള്‍ ഒഴിവാക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു. പ്രവാസികള്‍ക്ക് വിദേശത്തിരുന്നുതന്നെ പരമാവധി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ലളിതവും വേഗത്തിലുള്ളതുമായ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പ്രവാസി കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാല്‍ എം.എല്‍.എ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് സംസ്ഥാന സര്‍ക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ശ്രദ്ധയില്‍പ്പെടുത്തുകയും, പ്രശ്‌നത്തിന് വേഗത്തില്‍ പരിഹാരം കാണുന്നതിനുള്ള നടപടി സ്വീകരിക്കുകയും വേണമെന്ന് ദുബായ് കെ.എം.സി.സി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ദുബായ് കെ.എം.സി.സി കാസര്‍ഗോഡ് മണ്ഡലം ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ ചൂരി നിവേദനം കല്ലട്ര മാഹിന് എം.എല്‍.എയ്ക്ക് നല്‍കിയത്. മണ്ഡലം വൈസ് പ്രസിഡന്റ് സുഹൈല്‍ കോപ്പാ, സെക്രട്ടറി സഫ്വാന്‍ അണങ്കൂര്‍, ദുബൈ കെഎംസിസി കാസര്‌ഗോഡ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി സര്‍ഫ്രാസ് പട്ടേല്‍ എന്നിവരും സംബന്ധിച്ചു.




