ലോകപ്രശസ്ത ചിന്തകനായ അരിസ്റ്റോട്ടില്‍ പറയുന്നത് ‘രക്ഷിതാക്കളെക്കാള്‍ നാം കൂടുതലായി ബഹുമാനിക്കേണ്ടത് ഗുരുക്കന്മാരെയാണ്’ എന്നാണ് .എന്തെന്നാല്‍ രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് ജീവിതം നല്‍കുന്നു, ഗുരുക്കന്മാര്‍ നന്നായി ജീവിക്കാനുള്ള കലയും. നല്ല പൗരന്മാരെ വാര്‍ത്തെടുക്കാനുള്ള മൂശയാണ് വിദ്യാലയങ്ങള്‍. വ്യക്തിത്വമുള്ള ഒരു ജനത വളര്‍ന്നു വരാന്‍ വ്യവസായ വിപ്ലവം കൊണ്ട് കഴിയില്ല. അടിസ്ഥാനപരമായി വിദ്യാഭ്യാസം കൊണ്ടു മാത്രമേ കഴിയൂ. മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസത്തിനു മാത്രമേ നല്ല കുട്ടികളെ സംഭാവന ചെയ്യാന്‍ കഴിയൂ. പഠിപ്പിക്കലിനൊപ്പം വിദ്യാര്‍ത്ഥികളുടെ മുമ്പില്‍ അധ്യാപകന്‍ മാതൃകയാവണം. ‘കുട്ടികളോടുള്ള സ്‌നേഹവും തൊഴിലിനോടുള്ള പവിത്രതയും കൂടിച്ചേരുമ്പോഴാണ് ഒരുവന്‍ പൂര്‍ണ്ണ അധ്യാപകനാകുന്നത്’ എന്ന് ടോള്‍സ്റ്റോയി അഭിപ്രായപ്പെട്ടിട്ടുണ്ട്. അങ്ങനെ ഒരു മാതൃകാ അധ്യാപകനെ ഇന്ന് നമ്മുടെ ചുറ്റുവട്ടത്ത് കാണിച്ചുകൊടുക്കാന്‍ ഉണ്ടെങ്കില്‍ അത് മറ്റാരുമല്ല ഇരിയണ്ണി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പ്രഥമാ ധ്യാപകന്‍ അബ്ദുള്‍ സലാം മാഷ് മാത്രമാണ്. ഒരു കുട്ടിക്ക് പഠിക്കാന്‍ പ്രചോദനം നല്‍കുക എന്നതാണ് ഒരു ഉത്തമ അധ്യാപകന്റെ കടമ. എന്നാല്‍ അത്തരത്തില്‍ ഉള്ള എത്ര അധ്യാപകര്‍ നമ്മുടെ കണ്‍വെട്ടത്ത് ഉണ്ട്? വിരലിലെണ്ണാവുന്നവര്‍ മാത്രം. അധ്യാപകരുടെ അര്‍പ്പണബോധത്തേയും സഹിഷ്ണുതയേയും ബഹുമാനിക്കേണ്ടത് രാഷ്ട്രത്തിന് ആവശ്യമാണെന്ന തിരിച്ചറിവില്‍ നിന്നാണ് അധ്യാപക ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. അധ്യാപക ദിനമായി തെരഞ്ഞെടുത്തത് ഭാരതം എക്കാലവും ആദരിക്കുന്ന പ്രഗല്‍ഭ അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയുമായിരുന്ന ഡോക്ടര്‍ എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ അഞ്ചാണ്. 1961മുതല്‍ എല്ലാവര്‍ഷവും സെപ്റ്റംബര്‍ 5 അധ്യാപക ദിനമായി ആചരിച്ചു വരുന്നുണ്ട്. അബ്ദുല്‍സലാം മാഷ് അഡൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ശാസ്ത്രാധ്യാപകനാ യിരുന്നു .പിന്നീട് പ്രഥമ അധ്യാപകനായി എറണാകുളം, മൊഗ്രാല്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. കഴിഞ്ഞ മൂന്നുവര്‍ഷം മുമ്പാണ് ഇരിയണ്ണി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ എത്തുന്നത്. വാക്കിലും പ്രവൃത്തിയിലും കൃത്യതയും സൂക്ഷ്മതയും അങ്ങേയറ്റം അവധാനതയും പുലര്‍ത്തിപ്പോന്ന അധ്യാപകന്‍. നിഷ്പക്ഷതയുടെയും സഹാനുഭൂതിയുടെയും ആള്‍രൂപമാണ് അദ്ദേഹം .സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളില്‍ വ്യതിചലിക്കാതെയുള്ള ഇടപെടലുകള്‍, പരിസര ശുചിത്വങ്ങളില്‍ വളരെയധികം മുന്‍ഗണന നല്‍കല്‍, താന്‍ ചെയ്യുന്ന പ്രവര്‍ത്തി മറ്റൊരാളെ അറിയിക്കണമെന്ന് ആഗ്രഹിക്കാത്ത വ്യക്തിത്വം, താന്‍ ചെയ്യുന്ന പണി എത്ര വൈകിയാലും പൂര്‍ത്തീകരിച്ച് പോകും എന്ന നിര്‍ബന്ധ ബുദ്ധി… ഇതൊക്കെ അദ്ദേഹത്തിന്റെ കറകളഞ്ഞ നിഷ്‌കാമകര്‍മ്മത്തിന്റെ പരിച്ഛേദങ്ങളാണ്. കളഞ്ഞ മിഠായിയുടെ അവശിഷ്ടങ്ങള്‍ സ്വന്തം കൈകൊണ്ട് പെറുക്കിയെടുക്കുകയും, പൊട്ടിയ ജനലുകള്‍ സ്വയം നന്നാക്കുകയും, പരിസരം ക്ലീന്‍ ചെയ്യുകയും ,കാട് വെട്ടുകയും എന്നിങ്ങനെ അദ്ദേഹത്തിന്റെ വേറിട്ട ഇടപെടലുകള്‍ നീളുകയാണ്. കുട്ടികളോടുള്ള പ്രത്യേക കരുതല്‍, സ്വന്തം സഹപ്രവര്‍ത്തകരെ ചേര്‍ത്തുനിര്‍ത്തല്‍, മറ്റുള്ളവരെ കേള്‍ക്കുകയും അവരുടെ അഭിപ്രായങ്ങളെ പരിഗണിക്കുകയും ചെയ്യല്‍ …ഇതാണ് ഒറ്റനോട്ടത്തിലെ സലാം മാഷ്. ഇരിയണ്ണി ഗവണ്‍മെന്റ് ഹൈസ്‌കൂളിനെ ജില്ലയിലെ മികച്ച വിദ്യാലയമാക്കി മാറ്റിയതില്‍ സലാം മാഷിന്റെ ഇടപെടല്‍ നിര്‍ണ്ണായകമാണ്. കൃത്യമായ ലക്ഷ്യബോധത്തോട് കൂടിയുള്ള അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലുകള്‍, അക്കാദമിക- അക്കാദമികേതര നിലവാരം ഉയര്‍ത്തുന്നതിനായുള്ള കണ്ണുവെച്ച പ്രവര്‍ത്തനങ്ങള്‍, സഹപ്രവര്‍ത്തകരെ എല്ലാവരെയും കൂട്ടിയോജിപ്പിച്ചു മുന്നോട്ടുപോകല്‍… എന്നിവ കൊണ്ടാണ് ഇങ്ങനെ ഒരു മുന്‍കൈ ഇരിയണ്ണിക്ക് ലഭിച്ചത്. ഐ ടി മേഖലയില്‍ അദ്ദേഹത്തിനുള്ള നല്ല അവധാനത പുതിയ ഡിജിറ്റല്‍ യുഗത്തിലും സ്‌കൂളിന്റെ മികവിനെ ഒന്നുകൂടി ഉയര്‍ത്തുന്നതിന് ഗുണകരമായി .മികച്ച അധ്യാപകന് ഉണ്ടായിരിക്കേണ്ട പ്രേരണയും പ്രചോദനവും ,ക്ഷമയും സ്‌നേഹവും, തുല്യനീതി, നല്ലൊരു ശ്രോതാവ്, മാതൃകാപരമായ ജീവിതം എന്നിവ അദ്ദേഹത്തില്‍ വിലയം ചെയ്യുന്നു. കാലത്തിനു മുമ്പേ നടന്നു പോകേണ്ടവരാണ് അധ്യാപകര്‍ .അവര്‍ ജീവിച്ച ജീവിതവും ചെയ്യുന്ന കര്‍മ്മവുമാണ് മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നത്. ഒരു തലമുറയ്ക്ക് തന്നെയും. അതിനൊക്കെ അക്ഷരംപ്രതി ചാരുത ചാര്‍ത്തുന്ന ഒരു ജീവിതം തന്നെയാണ് സലാംമാഷിന്റേത്. ജീവിതവും ജീവിതപാഠവും… ഏവര്‍ക്കും അധ്യാപക ദിന ആശംസകള്‍??
ഇരിയണ്ണി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പ്രഥമാ ധ്യാപകന്‍ അബ്ദുള്‍ സലാം മാഷ്
സലാം മാഷ്…. മാതൃകയുടെ മറു പേര്




