സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ചു; പക്ഷേ ‘സര്‍ക്കാര്‍ സേവനം’ ഉപേക്ഷിച്ചില്ല!22 വര്‍ഷത്തെ സേവനത്തിന് ശേഷം ലോട്ടറി വില്‍പ്പനയുമായി കുഞ്ഞികൃഷ്ണന്‍; പുതിയ തൊഴില്‍ വേറിട്ട മാതൃകയാകുന്നു


തൃക്കരിപ്പൂര്‍: സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചെങ്കിലും സര്‍ക്കാര്‍ സേവകനായി തുടരണമെന്ന ആഗ്രഹം കൈവിടാതെ, പുതിയൊരു തൊഴില്‍ ജീവിതം തെരഞ്ഞെടുത്തിരിക്കുകയാണ് നടക്കാവ് ഉന്നതിയിലെ കുഞ്ഞികൃഷ്ണന്‍. സോയില്‍ കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ 22 വര്‍ഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞ മെയ് മാസമാണ് അദ്ദേഹം വിരമിച്ചത്. എന്നാല്‍ വിരമിക്കല്‍ ജീവിതം വീട്ടില്‍ ഒതുങ്ങിക്കഴിയാനുള്ളതല്ലെന്ന് തീരുമാനിച്ച കുഞ്ഞികൃഷ്ണന്‍, സര്‍ക്കാര്‍ സംരംഭമായ ലോട്ടറി വില്‍പ്പനയിലൂടെ പുതിയൊരു അധ്യായത്തിന് തുടക്കമിട്ടിരിക്കുകയാണ്.
വിരമിക്കുന്നതുവരെ നടക്കാവ്, ഈയ്യക്കാട്, വൈക്കത്ത് പ്രദേശങ്ങളിലെ ബൂത്ത് ലെവല്‍ ഓഫീസറായും (BLO) അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും ഏതെങ്കിലും തരത്തില്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായിത്തന്നെ തുടരണമെന്നത് കുഞ്ഞികൃഷ്ണന്റെ വലിയ ആഗ്രഹമായിരുന്നു. അതിനുള്ള വഴിയാണ് ഒടുവില്‍ ലോട്ടറി വില്‍പ്പനയില്‍ അദ്ദേഹം കണ്ടെത്തിയത്.
കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ലഭിച്ചതോടെ മറ്റൊന്നും ആലോചിക്കാതെ നടക്കാവ് ജംഗ്ഷനില്‍ ചെറിയൊരു ലോട്ടറി കട ആരംഭിക്കുകയായിരുന്നു. പെന്‍ഷനോടൊപ്പം ലോട്ടറി വില്‍പ്പനയില്‍ നിന്നുള്ള വരുമാനം കൂടി ലഭിക്കുന്നതോടെ ജീവിതം കൂടുതല്‍ സന്തോഷകരമായും സ്വയംപര്യാപ്തമായും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നുണ്ടെന്ന് കുഞ്ഞികൃഷ്ണന്‍ പറയുന്നു.
”തൊഴില്‍ ചെറുതോ വലുതോ അല്ല; ആത്മാര്‍ത്ഥമായി ചെയ്യുന്ന ഏത് ജോലിക്കും അതിന്റേതായ മഹത്വമുണ്ട്” എന്ന സന്ദേശമാണ് കുഞ്ഞികൃഷ്ണന്റെ ജീവിതം നല്‍കുന്നത്. ലോട്ടറി വില്‍പ്പന ഒരു ഉപജീവനമാര്‍ഗം മാത്രമല്ല, സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായുള്ള ഒരു സേവനം കൂടിയാണെന്ന കാഴ്ചപ്പാടിലാണ് അദ്ദേഹം തന്റെ പുതിയ തൊഴില്‍ കാണുന്നത്.
വിരമിച്ചതോടെ വിശ്രമത്തിലേക്ക് മാറുന്നതിന് പകരം പുതിയൊരു തൊഴില്‍ ഏറ്റെടുത്ത കുഞ്ഞികൃഷ്ണന്റെ തീരുമാനം സമൂഹത്തിനും പ്രത്യേകിച്ച് വിരമിക്കല്‍ ജീവിതത്തിലേക്ക് കടക്കുന്നവര്‍ക്കും പ്രചോദനമാകുകയാണ്.
നടക്കാവ് ഉന്നതിയില്‍ താമസിക്കുന്ന കുഞ്ഞികൃഷ്ണന്‍ സാമൂഹിക പ്രവര്‍ത്തകനും നല്ലൊരു ഗായകനും കൂടിയാണ്. ഭാര്യ: സുധ. മക്കള്‍: അര്‍ജുന്‍ കൃഷ്ണ, അബിന്‍ കൃഷ്ണ.

Scroll to Top