മുട്ടില്‍ മരംമുറിയിലെ വഞ്ചന കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ ഹാജരാകാത്തതില്‍ കടുപ്പിച്ച് ചോറ്റാനിക്കര കോടതി, ഈ മാസം 11 ഹാജരാകാന്‍ അന്ത്യശാസനം

മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ ഹാജരാകാത്ത അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് ചോറ്റാനിക്കര കോടതിയുടെ അന്ത്യശാസനം. സെപ്റ്റംബര്‍ 11-ന് ഹാജരായില്ലെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സിങ് അനുമതി റദ്ദാക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി
കൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ ഹാജരാകാത്തതില്‍ നിലപാട് കടുപ്പിച്ച് വിചാരണ കോടതി. വിചാരണക്ക് പ്രതികള്‍ 11 ന് ഹാജരാകണം എന്ന് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കി. വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എങ്കില്‍ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് ഹാജരാക്കണമെന്നും അല്ലെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാനുള്ള അനുമതി റദ്ദാക്കുമെന്നും കോടതി പറഞ്ഞു. ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. മുന്‍പ് മൂന്ന് തവണ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

അഗസ്റ്റിന്‍ സഹോദരങ്ങള്‍ ജാമ്യത്തില്‍ തുടരുന്നു
അതേസമയം മുട്ടില്‍ മരംമുറിക്കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ ബത്തേരി കോടതിയില്‍ ശനിയാഴ്ച ഹാജരായിരുന്നു. റോജി അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവരാണ് ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായത്. പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച 42 കേസുകളില്‍ വിചാരണ തുടങ്ങുന്നതിന് മുന്നോടിയായാണ് നടപടി. 2020-21 കാലഘട്ടത്തില്‍ നടന്ന മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട 41 കേസുകളില്‍ അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇനി വൈകാതെ കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചേക്കും. കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ ജാമ്യത്തില്‍ തുടരുകയാണ്. അതേസമയം കേസില്‍ പിടിച്ചെടുത്ത 112 ഈട്ടിത്തടികള്‍ നിലവില്‍ വനംവകുപ്പിന്റെ കുപ്പാടി ഡിപ്പോയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

Scroll to Top