ഡല്‍ഹി: ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം 7 ആയി. ഇതുവരെ 12 ഓളം ആളുകളെയാണ് കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്തത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ എത്രപേര്‍ കുടുങ്ങിക്കിടക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ലെന്ന് നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് (NDRF) ഇന്‍സ്പെക്ടര്‍ ജനറല്‍ (IG) നരേന്ദ്ര ബുണ്ടേല അറിയിച്ചു.
സത്യനികേതനില്‍ ഇന്നലെ ഉച്ചയോടെ ഉണ്ടായ അപകടത്തിലാണ് മരണസംഖ്യ ഉയരുന്നത്. ഇന്നലെ തുടങ്ങിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഇതുവരെ പത്തിലധികം പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മുഖ്യമന്ത്രി രേഖ ഗുപ്ത ഇന്നും അപകടസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
അപകടത്തില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടെ അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ എംസിഡി തീരുമാനിച്ചു.നഗരത്തില്‍ പരിശോധന ഊര്‍ജ്ജിതമാക്കി നാല് നിലയില്‍ കൂടുതലുള്ള മുഴുവന്‍ അനധികൃത കെട്ടിടങ്ങളും സീല്‍ ചെയ്യും. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും എംസിഡി നിര്‍ദേശം നല്‍കി. ഇത് കൂടാതെ അപകടകാരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.




