അക്ഷര സമ്മാനം 2026: പ്രതിഭകളോടൊപ്പം സ്‌നേഹാദരംഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങള്‍ കൈമാറി

തൃക്കരിപ്പൂര്‍: വായനയുടെ ലോകത്തേക്ക് പുതിയ തലമുറയെ കൈപിടിച്ചുയര്‍ത്തുന്നതിനൊപ്പം വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ച് ‘അക്ഷര സമ്മാനം 2026 – പ്രതിഭകളോടൊപ്പം’ പരിപാടി സംഘടിപ്പിച്ചു. മംഗലാപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിജയ റൂറല്‍ ഡെവലപ്മെന്റ് ഫൗണ്ടേഷന്‍ (VRDF) ഗ്രന്ഥശാലയ്ക്ക് നല്‍കിയ ഏകദേശം ?46,000 രൂപ വിലവരുന്ന പുസ്തകങ്ങള്‍ ചടങ്ങില്‍ ഏറ്റുവാങ്ങി.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം വിജയ റൂറല്‍ ഡെവലപ്മെന്റ് ഫൗണ്ടേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജ്യോതിരാജ് നിര്‍വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ടി. തമ്പാന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം. ഗംഗാധരന്‍ മുഖ്യാതിഥിയായി.
ചടങ്ങില്‍ VRDF ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജ്യോതിരാജിനെ ആദരിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെയും ചടങ്ങില്‍ അനുമോദിച്ചു. മുതിര്‍ന്ന കര്‍ഷക അവാര്‍ഡ് ജേതാവ് എ. കുഞ്ഞികണ്ണന്‍, യുവകര്‍ഷകന്‍ അനീഷ് എം.വി., ഫിഫ പരിശീലന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രയാഗ് എസ്. രാമന്‍, ഭരതനാട്യത്തിലെ 52 ഹസ്തമുദ്രകള്‍ തിരിച്ചറിഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ നിതാര ലിനീഷ്, എസ്.എസ്.എല്‍.സി., പ്ലസ് ടു, യു.എസ്.എസ്. കിളിമാനൂര്‍ നവഭാവന ട്രസ്റ്റിന്റെ പി എന്‍ പണിക്കര്‍ പുരസ്‌കാരം നേടിയ മനോജ് കണിച്ചുകുളങ്ങര പരീക്ഷകളില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികള്‍, തിരുവാതിരയില്‍ മികവ് തെളിയിച്ച ഈയ്യക്കാട്ടെ വനിതാവേദി പ്രവര്‍ത്തകര്‍ എന്നിവരെയാണ് ആദരിച്ചത്.
ഗ്രന്ഥശാല മുന്‍ താലൂക്ക് കൗണ്‍സില്‍ അംഗം പി. സദാനന്ദന്‍, വൈസ് പ്രസിഡന്റ് വി.എം. മധുസൂദനന്‍, ബിനേഷ് കുമാര്‍, വിത്തന്‍ വി.എം. സതീശന്‍, വനിതാവേദി കണ്‍വീനര്‍ സബ്ന സജിത്ത്, വനിതാവേദി പ്രസിഡന്റ് ടി.ടി. തമ്പായി, താലൂക്ക് കൗണ്‍സില്‍ അംഗം സന്തോഷ് കുമാര്‍ ചാലില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഗ്രന്ഥശാല സെക്രട്ടറി പി. രാജഗോപാലന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.വി. രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Scroll to Top