മുന്നറിയിപ്പുമായി വിജയ്, സ്ത്രീകളെ അപമാനിച്ചാല്‍ കടുത്ത നടപടി, ദ്വയാര്‍ത്ഥം വേണ്ട; തൃഷയ്‌ക്കെതിരായ പരാമര്‍ശത്തില്‍ ഉദയനിധിക്ക് വിമര്‍ശനം

കടുത്ത രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ആകാം, എന്നാല്‍ സ്ത്രീകള്‍ക്കെതിരെ മോശം അര്‍ത്ഥങ്ങള്‍ വരുന്ന വാക്കുകളോ വ്യക്തിപരമായ അധിക്ഷേപങ്ങളോ പാടില്ല. തന്റെ രാഷ്ട്രീയ വിജയത്തിന് കാരണം സ്ത്രീകളാണെന്നും അവരെ അപമാനിച്ചാല്‍ നിയമം അതിന്റെ വഴിക്ക് പോകുമെന്നും വിജയ് മുന്നറിയിപ്പ് നല്‍കി.
ചെന്നൈ: സ്ത്രീകള്‍ക്കെതിരായ അധിക്ഷേപകരമായ വാക്കുകള്‍ക്കും വ്യക്തിഹത്യകള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി വിജയ്. തനിക്ക് ലഭിച്ച രാഷ്ട്രീയ വിജയത്തിന് പ്രധാന കാരണം സ്ത്രീകളാണെന്നും, അവര്‍ക്കെതിരായ ഇത്തരം മോശം പരാമര്‍ശങ്ങള്‍ ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും നിയമസഭയില്‍ വിജയ് വ്യക്തമാക്കി. സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയോ അപമാനിക്കുകയോ ചെയ്താല്‍ നിയമം അതിന്റെ വഴിക്ക് പോകുമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും വിജയ് നിയമസഭയില്‍ വ്യക്തമാക്കി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍, നടിയും വിജയിയുടെ അടുത്ത സുഹൃത്തുമായ ത്രിഷയെ പരോക്ഷമായി പരാമര്‍ശിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് വിജയിയുടെ പ്രതികരണം.

സ്ത്രീകളെക്കുറിച്ച് അപകീര്‍ത്തികരമായി സംസാരിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഡി.എം.കെ നേതാക്കള്‍ ചോദിക്കുന്ന നിലപാടിലെ രാഷ്ട്രീയത്തെ വിജയ് വിമര്‍ശിച്ചു. സ്ത്രീകളെ പറ്റി മോശമായി പറയുന്നതില്‍ എന്താണ് പ്രശ്‌നം എന്നാണ് ഡിഎംകെക്കാര്‍ ചോദിക്കുന്നത്. അതാണ് ഡിഎംകെയെന്ന് വിജയ് കുറ്റപ്പെടുത്തി. കടുത്ത രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ആകാം, എന്നാല്‍ സ്ത്രീകള്‍ക്കെതിരെ മോശം അര്‍ത്ഥങ്ങള്‍ വരുന്ന വാക്കുകളോ വ്യക്തിപരമായ അധിക്ഷേപങ്ങളോ പാടില്ല. അടുത്തിടെയായി തമിഴ്നാട്ടില്‍ ഇത്തരത്തിലുള്ള അധിക്ഷേപ സംസ്‌കാരം കണ്ടുവരുന്നുണ്ട്. പൊതുസമൂഹം ഇതെല്ലാം കാണുന്നുണ്ടെന്ന് ഓര്‍ക്കണം, ഭരണഘടന നല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് നാമെല്ലാവരും ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

സഭയില്‍ ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു വിജയ്യുടെ വിമര്‍ശനം. സംസ്ഥാനത്തിന്റെ വികസനത്തിന് ക്രമസമാധാനപാലനം അത്യാവശ്യമാണെന്നും പൊലീസ് സേനയെ വെറും അറസ്റ്റ് ചെയ്യാനുള്ള ഒരു ഏജന്‍സിയായി മാത്രം കാണരുതെന്നും മുഖ്യമന്ത്രി സഭയില്‍ കൂട്ടിച്ചേര്‍ത്തു. തൃഷയെ ലക്ഷ്യംവെച്ച് ഉദയനിധി സ്റ്റാലിന്‍ ദ്വയാര്‍ഥ പരാമര്‍ശം നടത്തിയെന്ന കേസില്‍ കഴിഞ്ഞമാസം ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചെങ്കിലും വിജയ് സര്‍ക്കാരിന്റേത് രാഷ്ട്രീയ പ്രതികാരമാണെന്നായിരുന്നു ഉദയനിധിയുടെ പ്രതികരണം.

Scroll to Top