2021-ല്‍ ഇന്ത്യക്കെതിരെ നേടിയ ആ വിജയം ഞങ്ങളെ വലിയ രീതിയിലാണ് ബാധിച്ചത്. ആ മത്സരത്തിന് ശേഷം കാര്യമായ എന്തോ വലിയ നേട്ടം കൈവരിച്ചുവെന്ന് കളിക്കാര്‍ വിചാരിക്കാന്‍ തുടങ്ങി.
ഇസ്ലാമാബാദ്: 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ നേടിയ 10 വിക്കറ്റിന്റെ വമ്പന്‍ വിജയമാണ് പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ ഇപ്പോഴത്തെ തകര്‍ച്ചയ്ക്കും പ്രതിസന്ധികള്‍ക്കും തുടക്കമിട്ടതെന്ന വിചിത്ര വാദവുമായി മുന്‍ പാകിസ്ഥാന്‍ നായകന്‍ മുഹമ്മദ് യൂസഫ്. അന്നത്തെ വിജയത്തിന് ശേഷം താരങ്ങളുടെ ഉള്ളില്‍ വന്ന അഹങ്കാരവും ഈഗോയുമാണ് ടീമിനെ ഇന്നത്തെ ദുരവസ്ഥയില്‍ എത്തിച്ചതെന്ന് സമ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ യൂസഫ് തുറന്നടിച്ചു.
2021-ല്‍ ഇന്ത്യക്കെതിരെ നേടിയ ആ വിജയം ഞങ്ങളെ വലിയ രീതിയിലാണ് ബാധിച്ചത്. ആ മത്സരത്തിന് ശേഷം കാര്യമായ എന്തോ വലിയ നേട്ടം കൈവരിച്ചുവെന്ന് കളിക്കാര്‍ വിചാരിക്കാന്‍ തുടങ്ങി. ഇനി മുന്നോട്ട് എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് അവര്‍ക്ക് ധാരണയില്ലാതായി. കളത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ എപ്പോഴും വിനയമുള്ളവരായിരിക്കണം. എന്നാല്‍ കോളര്‍ ഉയര്‍ത്തി അഹങ്കാരത്തോടെ പെരുമാറാന്‍ തുടങ്ങിയാല്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കും. അത് തന്നെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റിലും സംഭവിച്ചത്-യൂസഫ് പറഞ്ഞു.
ഡ്രസ്സിങ് റൂമില്‍ ക്യാപ്റ്റനാകാനുള്ള മത്സരമായിരുന്നു പിന്നീട് നടന്നതെന്നും യൂസഫ് കൂട്ടിച്ചേര്‍ത്തു. ടീമിലെ എല്ലാവരും നായകനാകാന്‍ ശ്രമിക്കുകയായിരുന്നു. ഇതിന്റെ പ്രത്യാഘാതമാണ് കഴിഞ്ഞ നാലഞ്ചു വര്‍ഷമായി പാകിസ്ഥാന്‍ ക്രിക്കറ്റ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഏകദിന, ടി20 ലോകകപ്പുകളിലും ഏഷ്യാ കപ്പിലും ചാമ്പ്യന്‍സ് ട്രോഫിയിലുമെല്ലാം മോശം പ്രകടനമാണ് ടീം കാഴ്ചവെച്ചത്. എത്രയോ പരിശീലകര്‍ വന്നുപോയി, പിസിബി പൂര്‍ണ്ണ പിന്തുണ നല്‍കി, എന്നാല്‍ ഒരു കളിക്കാരന്‍ പോലും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്നും യൂസഫ് വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെ ദയനീയ തോല്‍വിക്ക് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കടുത്ത തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നു. മൂന്നാം ടെസ്റ്റിന് മുമ്പ്, വൈസ് ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍, ഇമാം ഉള്‍ ഹഖ്, അഗ സല്‍മാന്‍ ഉള്‍പ്പെടെ 7 പ്രമുഖ താരങ്ങളെയാണ് നാട്ടിലേക്ക് തിരിച്ചയക്കുകയും ഹെഡ് കോച്ച് സര്‍ഫറാസ് അഹമ്മദിനെയും അസിസ്റ്റന്റ് കോച്ച് ഉമര്‍ ഗുല്ലിനെയും സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു. പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ കടുത്ത തീരുമാനങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നതായും യൂസഫ് പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ആകെ 9 ടീമുകളുള്ളതില്‍ 9-ാം സ്ഥാനത്താണ് നിലവില്‍ പാകിസ്ഥാന്‍. രാജ്യത്തിന്റെ പേര് മോശമാകുന്ന സാഹചര്യത്തില്‍ ബോര്‍ഡ് കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിതരായതാണെന്ന് യൂസഫ് കൂട്ടിച്ചേര്‍ത്തു.




