തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരം പരിമിതമാകും; ശബരിമല വികസന അതോറിറ്റി യാഥാര്‍ത്ഥ്യമാകുന്നു

നിലവില്‍ സ്വയംപര്യാപ്തമായ ഏക ദേവസ്വം ബോര്‍ഡാണ് തിരുവിതാംകൂര്‍. ശബരിമലയിലെ അധികാരം നഷ്ടമാകുന്നതോടെ സ്ഥിരത നഷ്ടമാകുമെന്ന ആശങ്കയിലാണ് ബോര്‍ഡ്

മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്നോട്ടു വച്ച ശബരിമല വികസന അതോറിറ്റിയാഥാര്‍ഥ്യത്തിലേക്ക്. അതോറിറ്റിയുടെ വരവോടു കൂടി ശബരിമലയുടെ നിയന്ത്രണമേറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനാകും. നിയമനിര്‍മാണത്തിനുള്ള ആദ്യ യോഗം സെപ്റ്റംബര്‍ 11ന് നടക്കും. വികസന അതോറിറ്റി യാഥാര്‍ത്ഥ്യമാകുന്നതോടെ ശബരിമലയില്‍ സര്‍ക്കാരിന് സമ്പൂര്‍ണ നിയന്ത്രണം കൈവരും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരങ്ങള്‍ പരിമിതമാകും.
നിലവില്‍ സ്വയംപര്യാപ്തമായ ഏക ദേവസ്വം ബോര്‍ഡാണ് തിരുവിതാംകൂര്‍. ശബരിമലയിലെ അധികാരം നഷ്ടമാകുന്നതോടെ സ്ഥിരത നഷ്ടമാകുമെന്ന ആശങ്കയിലാണ് ബോര്‍ഡ്.
ശബരിമല മാസ്റ്റര്‍ പ്ലാനില്‍ വിഭാവനം ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായാണ് ‘ശബരിമല വികസന അതോറിറ്റി’ രൂപീകരണം എന്ന ആശയം മുന്നോട്ടുവച്ചത്. ശബരിമലയിലെ തീര്‍ത്ഥാടന കേന്ദ്രത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു ഉന്നതതല യോഗത്തില്‍ ഈ തീരുമാനമെടുത്തത്.

ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനാവശ്യമായ വനഭൂമിയുടെ വിസ്തൃതി അന്തിമമാക്കുന്നതിനുള്ള നടപടികള്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ആരംഭിച്ചു. സന്നിധാനം, പമ്പ, മരക്കൂട്ടം എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് വിശ്രമകേന്ദ്രങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Scroll to Top