മാസപ്പടി കേസ്; പിണറായിക്കെതിരായ ഇഡി ശുപാര്‍ശയില്‍ തീരുമാനം നിയമ പരിശോധനയ്ക്ക് ശേഷമെന്ന് വി ഡി സതീശന്‍

പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാര്‍ശയില്‍ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി. ഇഡി ഗൗരവമേറിയ തെളിവുകള്‍ കൈമാറിയെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാര്‍ശയില്‍ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഇഡി ഗൗരവമേറിയ തെളിവുകള്‍ കൈമാറിയെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മാസപ്പടി കേസ് മാത്രം അല്ല ഇഡി അയച്ചത്. ഗൗരവമേറിയ വിവരങ്ങള്‍ ഇഡി കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, പിണറായി വിജയനെതിരായ ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇന്നലെ പ്രതികരിച്ചു. കേസിന് പിന്നില്‍ രാഷ്ട്രീയ പകപോക്കല്‍ മാത്രമാണെന്നാണ് ഗോവിന്ദന്റെ വിമര്‍ശനം. പിണറായി വിജയനെ വേട്ടയാടാനാണ് ശ്രമമെങ്കില്‍ ജനകീയ പ്രതിഷേധം ഉയരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍ പറഞ്ഞു. പിണറായിക്കെതിരെ ഇഡി നടത്തുന്ന രാഷ്ട്രീയ വേട്ടയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു. അകത്താക്കാനാണ് തീരുമാനമെങ്കില്‍ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാസപ്പടി കേസില്‍ ഇഡിയുടെ അടുത്ത ലക്ഷ്യം പിണറായി
അഴിമതി കേസില്‍ പിണറായിക്കെതിരെ അന്വേഷണത്തിന് ഇഡിക്ക് എഫ്‌ഐആര്‍ ആവശ്യമാണ്. അത് കൊണ്ടാണ് സംസ്ഥാന ഏജന്‍സിയെ കൊണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യിക്കാനുള്ള ശ്രമം. സാങ്കേതികമായി അന്വേഷണം ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് വിശദീകരിക്കാമെങ്കിലും ഇഡി നീക്കം ഉണ്ടാക്കുന്നത് വലിയ രാഷ്ട്രീയ പ്രത്യാഘാതമാണ്. രാജ്യത്തെ തന്നെ പ്രമുഖ സിപിഎം നേതാവിനെതിരെ കേസ് മുറുക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സഹായം. ദേശീയ അന്വേഷണ ഏജന്‍സികള്‍ വഴി രാഷ്ട്രീയ എതിരാളികളെ കുടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്ന് ഇന്ത്യാ സംഖ്യ പ്രചാരണത്തിന്റെ മുനയൊടിക്കാന്‍ ബിജെപിക്ക് കിട്ടുന്ന മികച്ച അവസരം. രാഹുല്‍ ഗാന്ധിക്ക് പോലും ഇഡിക്കെതിരെ മിണ്ടാന്‍ പറ്റാത്ത സാഹചര്യമാകും. മാത്രമല്ല കോണ്‍ഗ്രസ് ബിജെപി ഡീല്‍ ഉയര്‍ത്തി പിണറായിക്ക് പ്രതിരോധവും കോണ്‍ഗ്രസ്സിനെതിരെ കടന്നാക്രമണവും നടത്തും സിപിഎം. കേസെടുത്താല്‍ മാത്രമല്ല എടുത്തില്ലെങ്കിലും സതീശന്‍ സര്‍ക്കാറിന് പ്രതിസന്ധി. നിയമസഭാ തെരഞ്ഞെടുപ്പിലടക്കം മാസപ്പടി കേസ് പിണറായിക്കെതിരെ ശക്തമായി ഉയര്‍ത്തിയതാണ് കോണ്‍ഗ്രസ്. കേസെടുക്കാനുള്ള സുവര്‍ണ്ണാവസരം വന്നിട്ടും കൈവിട്ടാല്‍ അണികളോട് എന്ത് പറയുമെന്നത് പ്രശ്‌നം. സിപിഎം കോണ്‍ഗ്രസ് ഡീല്‍ ആക്ഷേപം ബിജെപി കടുപ്പിക്കും.

Scroll to Top