ആര്‍ദ ഗൂളര്‍, ബെര്‍ണാദൊ സില്‍വ, കമവിംഗ എന്നിവരുടെ സേവനമില്ലാതെയാണ് റയല്‍ ചാമ്പ്യന്‍സ് ലീഗ് ഓപ്പണറിന് ഇറങ്ങിയത്. ബെല്ലിങ്ഹാമിനും വാല്‍വേര്‍ദയ്ക്കുമൊപ്പം ട്രെന്റിനായിരുന്നു മധ്യനിരയിലെ ചുമതല
സാന്റിയാഗൊ ബെര്‍ണബ്യു ഫൈനല്‍ വിസിലിനായി ഇത്രത്തോളം കാത്തിരുന്ന ഒരു രാത്രി അടുത്തെങ്ങും ഉണ്ടാകില്ല. കിലിയന്‍ എംബാപെയും ബ്രാഹിം ഡയാസും ട്രെന്റ് അലക്സാണ്ടര്‍ അര്‍ണോള്‍ഡുമെല്ലാം സൈഡ് ലൈനപ്പുറം അക്ഷമരായി കാണപ്പെട്ടു. നീണ്ടു പോകുന്ന ഓരോ നിമിഷവും ജയം അകന്നേക്കുമെന്ന ആശങ്കയായിരുന്നോ അതിന് പിന്നില്‍. 90 minutes at the Bernabéu is a very long time എന്ന പറച്ചില്‍ തിരിച്ചടിക്കുന്നതുപോലെ. ഒടുവില്‍ ഇന്റര്‍ മിലാനെ അതിജീവിക്കുമ്പോള്‍, ഒരു ചോദ്യമെ റയല്‍ മാഡ്രിഡ് ആരാധകര്‍ക്കുണ്ടാകു, ഈ കളികൊണ്ട് ചാമ്പ്യന്‍സ് ലീഗ് വീണ്ടെടുക്കാന്‍ സാധിക്കുമോ.
ആര്‍ദ ഗൂളര്‍, ബെര്‍ണാദൊ സില്‍വ, കമവിംഗ എന്നിവരുടെ സേവനമില്ലാതെയാണ് റയല്‍ ചാമ്പ്യന്‍സ് ലീഗ് ഓപ്പണറിന് ഇറങ്ങിയത്. ബെല്ലിങ്ഹാമിനും വാല്‍വേര്‍ദയ്ക്കുമൊപ്പം ട്രെന്റിനായിരുന്നു മധ്യനിരയിലെ ചുമതല. ട്രെന്റിനെ മധ്യനിരയില്‍ കാണാന്‍ ഏറെക്കാലമായി റയല്‍ ആരാധകര്‍ കൊതിക്കുന്നുണ്ട്. പക്ഷേ, ഇത് ശരിയായ തീരുമാനമായിരുന്നില്ല എന്ന് ആദ്യ പകുതിയില്‍ തന്നെ തെളിഞ്ഞു. റയലിന്റെ മധ്യനിരയ്ക്ക് മിഡ് ഫീല്‍ഡ് കണ്‍ട്രോള്‍ ചെയ്യാന്‍ കഴിയാതെ പോയി എന്നത് മാത്രമല്ല, ഇന്ററിനെ ഡൊമിനേറ്റ് ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. 70 ശതമാനമായിരുന്നു ഫസ്റ്റ് ഹാഫിലെ ഇന്ററിന്റെ പൊസഷന്‍.
ബില്‍ഡ് അപ്പുകള്‍ക്ക് റയലിന്റെ മിഡ് ഫീല്‍ഡില്‍ ആവോളം സ്‌പെസ് ഇന്ററിന് ലഭിക്കുന്നുണ്ടായിരുന്നു. മൗറീഞ്ഞ്യോയുടെ മിഡ് ഫീല്‍ഡ് സ്ട്രക്ചറിനെ അതിവേഗം ഔട്ട് പ്ലൈ ചെയ്യാന്‍ ഇന്ററിന് കഴിഞ്ഞുവെന്ന് സാം. ഔട്ട് ഓഫ് പൊസഷനാകുന്ന സാഹചര്യങ്ങളില്‍ ഏത് സ്‌പേസ് ഒക്കുപൈ ചെയ്യണമെന്ന ആശങ്കയിലായിരുന്നു ട്രെന്റ്. ബെല്ലിങ്ഹാമിന്റേയും വാല്‍വെര്‍ദയുടേയും സഹായവും പലപ്പോഴും ട്രെന്റിനുണ്ടായിരുന്നുമില്ല. ഒരു ടാക്കിളോ ഇന്റര്‍സെപ്ഷനോ ഇല്ലാതെയാണ് ട്രെന്റ് 79 മിനുറ്റുകള്‍ പൂര്‍ത്തിയാക്കിയത്.
സ്‌ട്രൈക്കറില്ലാതെ ബാഴ്സയുടെ ഗോളടിമേളം, സീസണ്‍ ഫ്‌ലിക്കിന്റെ പിള്ളേര്‍ തൂക്കുമോ?
മിഡ് ഫീല്‍ഡില്‍ കളി നഷ്ടപ്പെട്ട റയല്‍ എങ്ങനെ ജയിച്ചുവെന്ന ചോദ്യത്തിന് ഹൈ പ്രെസിങ് എന്നാണ് ഉത്തരം. പക്ഷേ അത് മത്സരത്തിലോ മൈതാനത്തോ ഉടനീളം സംഭവിച്ചതല്ല, മറിച്ച് ഫൈനല്‍ തേഡില്‍ മാത്രം. എംബാപെ ചെലുത്തിയ പ്രെഷറാണ് ഇന്ററിന്റെ സെന്റര്‍ ബാക്ക് യാന്‍ ബിസെക്കിനെ ഒരു പിഴവിലേക്ക് നയിച്ചത്. ബ്രാഹിം ഡയാസിന്റെ കൃത്യമായ ഇടപെടലും പാസും എംബാപെയുടെ ക്ലിനിക്കല്‍ ഫിനിഷും ചേര്‍ന്നപ്പോള്‍ റയല്‍ മുന്നിലെത്തി. ചാമ്പ്യന്‍സ് ലീഗിലെ എംബാപെയുടെ 71-ാം ഗോള്‍, റയല്‍ ഇതിഹാസം റൗളിനൊപ്പം.
അധികം വൈകാതെ ഇന്റര്‍ ഗോള്‍കീപ്പര്‍ മാര്‍ട്ടിനസിന്റെ പിഴവില്‍ വാല്‍വെര്‍ദെ തന്റെ കരിയറിലെ തന്നെ ഏറ്റവും അനായാസമായൊരു ഗോള്‍ കണ്ടെത്തുന്നു. വാല്‍വേര്‍ദെയുടെ ഇന്റന്‍സിറ്റിയും അഗ്രഷനും പ്രെസിങ്ങും ഫലം കണ്ട നിമിഷം. കളിയുടെ ഒഴുക്കിനെതിരെയായിരുന്നു രണ്ട് ഗോളുകളും സംഭവിച്ചത്. പക്ഷേ, രണ്ട് ഗോളുകളുടെ മുന്‍തൂക്കമുള്ളപ്പോഴും സാന്റിയാഗോ ബെര്‍ണബ്യൂവിന്റെ കോണുകളില്‍ നിന്നും റയലിനെതിരായ പ്രതിഷേധം പലരൂപത്തില്‍ കണ്ടു.
21 ഷോട്ടുകളായിരുന്നു ഇന്റര്‍ റയലിന്റെ ഗോള്‍ മുഖത്തേക്ക് തൊടുത്തത്. തിബോ കോട്ട്വായുടെ എണ്ണം പറഞ്ഞ ഏഴ് സേവുകള്‍ മാഡ്രിഡ് പ്രതിരോധത്തെക്കൂടി രക്ഷിക്കുകയായിരുന്നു. കളിയിലെ താരമാകാന്‍ അര്‍ഹന്‍ കോട്ട്വായാണെന്ന് വാല്‍വേര്‍ദെ മത്സരശേഷം പറഞ്ഞതിന്റെ കാരണവും അതുതന്നെയാണ്. ഹക്കാന്‍ കല്‍ഹനോഗ്ലുവിന്റെ ഫ്രീ കിക്ക്, ഹെന്റിക്ക് മക്ക്ഹീതാരീന്റെ ഡിഫ്‌ലക്റ്റ് ചെയ്ത ഷോട്ട്, അതും അവസാന നിമിഷം, മാര്‍ക്കസ് തുറാമിന്റേയും ലൊത്താരോ മാര്‍ട്ടിനസിന്റെയും ക്ലോസ് റേഞ്ച് ശ്രമങ്ങള്‍ വേറെയും.
ഇവിടെ കോട്ട്വായുടെ പ്രകടനത്തെ വാഴ്ത്തുമ്പോള്‍ ചോദ്യം ചെയ്യപ്പെടേണ്ടത് റയലിന്റെ ഡിഫന്‍സാണ്. ഇന്ററിന്റെ ഡൊമിനേറ്റിങ് ഫുട്‌ബോള്‍ മാഡ്രിഡിന്റെ ഡിഫന്‍സീവ് സ്ട്രക്ചറിനെ സമ്മര്‍ദത്തില്‍ തന്നെ നിലനിര്‍ത്തുകയായിരുന്നു. കോണ്‍സ്റ്റന്റായുള്ള സമ്മര്‍ദം സ്ട്രക്ചര്‍ പൊളിയുന്നതിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. കാര്‍ലോസ് അഗസ്റ്റോയുടെ ഗോള്‍ ഉദാഹരണമാണ്.
ഇന്ററിന്റെ വിങ് ബേസ്ഡായുള്ള സ്ട്രക്ചറായിരുന്നു മറ്റൊരു വെല്ലുവിളി. ഡിഫന്‍സീവ് ലൈന്‍ സ്‌ട്രെച്ച് ചെയ്യാന്‍ നിര്‍ബന്ധിതമാക്കപ്പെട്ടു, പ്രത്യേകിച്ചും റൈറ്റ് ഫ്‌ലാങ്കില്‍. 12 ക്ലിയറന്‍സാണ് ഹ്യൂസന്‍ മാത്രം നടത്തിയത്, ഹ്യൂസന്റെ പൊസിഷനിങ്ങും ക്ലിയറന്‍സുമായിരുന്നു ഇന്ററിനെ ഒരുതരത്തില്‍ ലിമിറ്റ് ചെയ്തതും. ജൂഡ് ബെല്ലിങ്ഹാമും എംബാപെയും ഡയാസും പാഴാക്കിയ അവസരങ്ങള്‍ക്കൂടി ചേര്‍ത്തുവെക്കേണ്ടതുണ്ട്.
ഇന്ററിനെതിരെ പുറത്തെടുത്ത പ്രകടനം കൊണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് എത്തുക പ്രയാസമാണ്. കാരണം എല്ലാം കളികളിലും കോര്‍ട്ട്വായുടെ അസാധ്യമായ സേവുകള്‍ തുണച്ചേക്കില്ല, പ്രത്യേകിച്ചും എലൈറ്റ് ടീമുകള്‍ക്കെതിരെ. വിനി ഫോമിലേക്ക് തിരികെയെത്താത്തും യാന്‍ ഡയമോന്‍ഡെയെ ആദ്യ ഇലവനില്‍ പരീക്ഷിക്കാന്‍ തയാറാകാത്തതും ആശങ്കയായി നിലനില്‍ക്കുന്ന ഘടകങ്ങളാണ്.




