എഐ ഉപയോഗിച്ച് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത് വലിയ പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്നു. ഇതിനായി പ്രവര്‍ത്തിക്കുന്ന ഡാറ്റാ സെന്ററുകള്‍ക്ക് ഭീമമായ ഊര്‍ജ്ജവും ജലവും ആവശ്യമാണ്, ഇത് കാര്യമായ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് കാരണമാകുന്നു.
തിരുവനന്തപുരം: ചാറ്റ് ജിപിടിക്കോ സമാനമായ എഐ ടൂളുകള്‍ ഉപയോഗിച്ച് ഒരു ഇമേജ് സൃഷ്ടിച്ചെടുക്കാന്‍ വേണ്ടി വരുന്നത് വിരലില്‍ എണ്ണാവുന്ന നിമിഷങ്ങള്‍ മാത്രമാണ്. എന്നാല്‍ ഉപഭോക്താക്കള്‍ നല്‍കുന്ന ഓരോ പ്രോംപ്റ്റും അനുസരിച്ച് ചിത്രമുണ്ടാക്കുമ്പോള്‍ അത് പ്രകൃതിയില്‍ സൃഷ്ടിക്കുന്ന ആഘാതത്തേക്കുറിച്ച് അറിയാമോ? ആഗോളതലത്തില്‍ എഐ അടിസ്ഥാന സൌകര്യങ്ങളൊരുക്കുന്ന ഡാറ്റാ സെന്ററുകള്‍ ഉപയോഗിക്കുന്നത് ദശലക്ഷക്കണക്കിന് വീടുകളിലെ വൈദ്യുതി ഉപയോഗത്തിന് സമാനമായ നിലയിലുള്ള ഊര്‍ജ്ജ ഉപഭോഗമാണ്. യുണൈറ്റഡ് നാഷന്‍സ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് എഐ ഡാറ്റ സെന്ററുകള്‍ 2030ഓടെ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് പാകിസ്ഥാന്‍, ബംഗ്ലാദേശ്, നൈജീരിയ എന്നീ രാജ്യങ്ങളിലെ ആകെ ഉപയോഗത്തിന്റെ മൂന്ന് മടങ്ങാവും എന്നാണ്. 650 ദശലക്ഷം വീടുകളിലെ ആകെ ഉപയോഗമാണ് ഈ ഊര്‍ജ്ജ ഉപഭോഗമെന്നാണ് യുഎന്‍ വ്യക്തമാക്കുന്ന്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ എഐ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ജല ഉപഭോഗം കോടിക്കണക്കിന് ആളുകളുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് തുല്യമായി മാറും. കൂടാതെ ഇതിനായി ഉപയോഗിക്കപ്പെടുന്ന ഭൂമിയുടെ അളവ് കൂറ്റന്‍ മെട്രോപൊളിറ്റന്‍ നഗരങ്ങളുടെ വിസ്തൃതിയേക്കാള്‍ വലുതായിരിക്കും.
കാര്യമൊക്കെ ട്രെന്റ് തന്നെ! പക്ഷെ സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും, 80കളിലെ വിന്റേജ് വൈറല്‍ ട്രെന്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എഐ ഉപയോഗിച്ച് ഒരു ചിത്രം നിര്‍മ്മിക്കുമ്പോള്‍ സംഭവിക്കുന്നത് സാധാരണ ഡിജിറ്റല്‍ ഫോട്ടോയെടുക്കുന്നത് പോലെയുള്ള ലളിതമായ ഒരു കാര്യവുമല്ല. ടെക്സ്റ്റ് നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ച് ചിത്രം നിര്‍മ്മിക്കാന്‍ കൂറ്റന്‍ ഡാറ്റാ സെന്ററുകളിലെ അയ്യായിരക്കണക്കിന് ഉയര്‍ന്ന ശേഷിയുള്ള ജിപിയു പ്രൊസസറുകള്‍ ഒരേസമയം പ്രവര്‍ത്തിക്കേണ്ടി വരുന്നുണ്ട്. എംഐടി ടെക്‌നോളജിയിലെ ഗവേഷകരുടെയും പഠനങ്ങള്‍ അനുസരിച്ച്, ഉയര്‍ന്ന ക്വാളിറ്റിയുള്ള ഒരു എഐ ചിത്രം നിര്‍മ്മിക്കുന്നതിന് ഒരു സ്മാര്‍ട്ട്ഫോണ്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ ആവശ്യമായത്രയും ഊര്‍ജ്ജം ആവശ്യമായി വരുന്നുണ്ട്. കൂടാതെ, ഈ കൂറ്റന്‍ പ്രൊസസറുകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന അമിതമായ ചൂട് കുറയ്ക്കുന്നതിനായി ഡാറ്റാ സെന്ററുകളില്‍ വന്‍തോതില്‍ കുടിവെള്ളം തണുപ്പിക്കല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ ഊര്‍ജ്ജ ഉപഭോഗത്തിന് പുറമെ അപൂര്‍വ്വമായ ജലസ്രോതസ്സുകളുടെ നഷ്ടവും ഇതിലൂടെ സംഭവിക്കുന്നു. ഈ ഡാറ്റാ സെന്ററുകള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഭൂരിഭാഗം വൈദ്യുതിയും ഇപ്പോഴും ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചാണ് ഉത്പാദിപ്പിക്കുന്നത്.
എണ്‍പത്തിയെട്ട് വ്യത്യസ്ത എഐ മോഡലുകളിലായി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കല്‍, ടെക്സ്റ്റ് നിര്‍മ്മാണം, ചിത്രങ്ങളുടെ തരംതിരിക്കല്‍, ചിത്രങ്ങള്‍ നിര്‍മ്മിക്കല്‍ തുടങ്ങിയ പത്ത് പ്രമുഖ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചാണ് ഈ പഠനം നടത്തിയത്. മെഷീന്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഊര്‍ജ്ജം കണക്കാക്കാന്‍ പ്രത്യേക സോഫ്റ്റ്വെയര്‍ ഉപകരണം ഉപയോഗിച്ചാണ് പഠനങ്ങള്‍ നടന്നത്.ഈ പഠനത്തില്‍ ഏറ്റവും കൂടുതല്‍ ഊര്‍ജ്ജവും കാര്‍ബണ്‍ ഉദ്വമനവും രേഖപ്പെടുത്തിയത് എഐ ഉപയോഗിച്ച് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന പ്രക്രിയയിലാണ്. സ്റ്റേബിള്‍ ഡിഫ്യൂഷന്‍ എക്‌സ്എല്‍ പോലുള്ള ശക്തമായ മോഡലുകള്‍ ഉപയോഗിച്ച് ആയിരം ചിത്രങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ്, സാധാരണ പെട്രോള്‍ കാറില്‍ ഏകദേശം നാല് മൈലിലധികം(ഏകദേശം 6.44 കിലോമീറ്റര്‍) ദൂരം യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന കാര്‍ബണ്‍ പുറന്തള്ളലിന് തുല്യമാണ്. ഇതുമൂലം ലളിതമെന്ന് തോന്നുന്ന ചിത്രത്തിന്റെ നിര്‍മ്മാണം പോലും അന്തരീക്ഷത്തിലേക്ക് വലിയ തോതില്‍ കാര്‍ബണ്‍ പുറം തള്ളുന്നതിന് കാരണമാകുന്നുണ്ട്. ട്രെന്‍ഡുകളുടെ പിന്നാലെ പോയി മനോഹരമായ ഒരു ചിത്രം എഐ വഴിയുണ്ടാക്കുന്നത് ഹാനികരമല്ലെന്ന് തോന്നുമെങ്കിലും ഇതിന് പിന്നിലെ ഡിജിറ്റല്‍ കാര്‍ബണ്‍ പാദമുദ്ര ഒട്ടും നിസാരമല്ലെന്നാണ് പഠനങ്ങള്‍ വിശദമാക്കുന്നത്.
എല്‍നിനോ വര്‍ഷമാണെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്നൊരുക്കമുണ്ടായില്ല, വൈദ്യുതി വകുപ്പില്‍ ഗുരുതര വീഴ്ചയെന്ന് കെ കൃഷ്ണന്‍ കുട്ടി
എഐ അടിസ്ഥാന സൗകര്യങ്ങളുടെ പരിസ്ഥിതി ആഘാതങ്ങള്‍ ലോകമെമ്പാടും ഒരുപോലെയല്ല അനുഭവപ്പെടുന്നത്. സാങ്കേതികവിദ്യയുടെ പ്രയോജനം ആഗോളതലത്തില്‍ ലഭ്യമാകുമ്പോഴും അതിന്റെ പരിസ്ഥിതി ആഘാതവും ചെലവുകളും ചില പ്രത്യേക പ്രദേശങ്ങളില്‍ മാത്രമായി കേന്ദ്രീകരിക്കപ്പെടുന്നു. ചില രാജ്യങ്ങളില്‍ ദേശീയ വൈദ്യുതോപയോഗത്തിന്റെ വലിയൊരു ഭാഗം ഡാറ്റാ സെന്ററുകള്‍ കവര്‍ന്നെടുക്കുമ്പോള്‍, കടുത്ത വരള്‍ച്ചയുള്ള പ്രദേശങ്ങളില്‍ പോലും ഇവ വന്‍തോതില്‍ കുടിവെള്ളം ഊറ്റിയെടുക്കുന്നു. കൂടാതെ, ഉയര്‍ന്നുവരുന്ന അനാവശ്യ ഇ-മാലിന്യങ്ങളുടെ ഭാരം സുരക്ഷിതമായി മാലിന്യ സംസ്‌കരണം നടത്താന്‍ ശേഷിയില്ലാത്ത സാമ്പത്തികമായി പിന്നാക്കെ നില്‍ക്കുന്ന രാജ്യങ്ങളിലേക്ക് തള്ളപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.
80കളിലെ വിന്റേജ് വൈറല്‍ ട്രെന്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിലവില്‍ എഐ സാങ്കേതികവിദ്യയ്ക്ക് ആവശ്യമായ കമ്പ്യൂട്ടിംഗ് ശേഷിയുടെ തൊണ്ണൂറ് ശതമാനത്തിലധികവും അമേരിക്കയിലും ചൈനയിലും മാത്രമായി കേന്ദ്രീകരിച്ചിരിക്കുകയാണ്. നൂറ്റമ്പതിലധികം രാജ്യങ്ങള്‍ക്ക് സ്വന്തമായി കാര്യമായ എഐ അടിസ്ഥാന സൗകര്യങ്ങളില്ല. സാമ്പത്തിക അവസരങ്ങള്‍ നിഷേധിക്കപ്പെടുകയും എന്നാല്‍ മറ്റുള്ളവരുടെ സാങ്കേതിക വളര്‍ച്ചയ്ക്കായി സ്വന്തം നാടിന്റെ പരിസ്ഥിതി നശിപ്പിക്കപ്പെടുകയും ചെയ്യുന്ന കടുത്ത അനീതിയാണ് ഇതിലൂടെ ഉണ്ടാകുന്നത്. അതിനാല്‍ തന്നെ ഇത്തരത്തിലുള്ള സാങ്കേതികവിദ്യകള്‍ അനാവശ്യമായി ഉപയോഗിക്കുന്നത് നിയന്ത്രിക്കേണ്ടതുണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ് പഠനങ്ങള്‍ വിശദമാക്കുന്നത്.




