സംസ്ഥാനത്ത് ഇന്നു മുതല്‍ മഴയെത്തിയേക്കും. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. നാളെ നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതല്‍ മഴയെത്തിയേക്കും. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. നാളെ നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീന ഫലമായി വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇന്ന് മുതല്‍ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
അതേസമയം, മഴ ലഭിക്കുന്നതോടെ വൈദ്യുതി ഉപയോഗത്തിലും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഇന്നലെ രാത്രിയും ഒന്നിലേറെ തവണ വൈദ്യുതി മുടങ്ങി. പലയിടത്തും വൈദ്യുതി വിച്ഛേദിച്ചത് മുന്നറിയിപ്പില്ലാതെയാണ്. ഇന്ന് മഴ ലഭിച്ചാല്‍ ഉപഭോഗം കുറയുമെന്ന പ്രതീക്ഷയില്‍ ആണ് കെഎസ്ഇബി. ഏകദേശം 800 മെഗാ വാട്ടിന്റെ ലഭ്യത കുറവാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.




