ജനന സര്‍ട്ടിഫിക്കറ്റിനായി ഓഫീസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥ ഒഴിവാക്കണം.

പ്രവാസികളുടെ ദുരിതത്തിന് പരിഹാരം വേണം; വൈകിയുള്ള രജിസ്‌ട്രേഷന് ഏകീകൃത ഓണ്‍ലൈന്‍ സംവിധാനം വേണം, ദുബൈ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രി വി ഡി സതീശനെ നേരില്‍ കണ്ട് നിവേദനം നല്‍കി.

കാസര്‍ഗോഡ്: ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ കാലതാമസവും സങ്കീര്‍ണ്ണമായ നടപടിക്രമങ്ങളും മൂലം പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ദുബായ് കെ.എം.സി.സി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നല്‍കി.

ദുബായ് കെ.എം.സി.സി കാസര്‍ഗോഡ് മണ്ഡലം ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ ചൂരി സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിച്ചത്. കാസര്‍ഗോഡ് നിയോജക മണ്ഡലം എം.എല്‍.എ കല്ലട്ര മഹിന്‍, ദുബൈ കെഎംസിസി കാസര്‍ഗോഡ് മണ്ഡലം വൈസ് പ്രസിഡന്റ് സുഹൈല്‍ കോപ്പ, സെക്രട്ടറി സഫ്വാന്‍ അണങ്കൂര്‍, ദുബായ് കെ.എം.സി.സി കാസര്‍ഗോഡ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി സര്‍ഫ്രാസ് പട്ടേല്‍ എന്നിവര്‍ ഉണ്ടായിരുന്നു.

പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയെ നേരില്‍ ബോധ്യപ്പെടുത്തുകയും അടിയന്തര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെടുകയും ചെയ്തു. വൈകിയുള്ള ജനന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട നിലവിലെ നടപടിക്രമങ്ങളാണ് പ്രധാനമായും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയത്. 60 ദിവസത്തിന് ശേഷം ജനനം രജിസ്റ്റര്‍ ചെയ്യുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്ന് Non-Availability Certificate (NAC) വാങ്ങി Revenue Divisional Officer (RDO) മുമ്പാകെ അപേക്ഷ നല്‍കണം. തുടര്‍ന്ന് തഹസില്‍ദാര്‍, വില്ലേജ് ഓഫീസ് തുടങ്ങിയ വിവിധ തലങ്ങളിലേക്ക് ഫയല്‍ കൈമാറി റിപ്പോര്‍ട്ട് ശേഖരിച്ച ശേഷമാണ് RDO അനുമതി ലഭിക്കുന്നത്. അതിനു ശേഷമാണ് തദ്ദേശസ്ഥാപനത്തില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നത്.

മാനുവലായി വിവിധ ഓഫീസുകള്‍ക്കിടയില്‍ ഫയലുകള്‍ കൈമാറുന്ന ഈ നടപടിക്രമം ഏറെ കാലതാമസത്തിന് ഇടയാക്കുന്നതായും, അപേക്ഷകര്‍ക്ക് പലതവണ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരുന്നതായും നിവേദനത്തില്‍ വ്യക്തമാക്കി. പ്രത്യേകിച്ച് വിദേശത്ത് ജനിച്ച കുട്ടികളുടെ ജനനം നാട്ടിലെത്തി വൈകി രജിസ്റ്റര്‍ ചെയ്യേണ്ടിവരുന്ന പ്രവാസി കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയാസം കൂടുതലായി അനുഭവപ്പെടുന്നത്.

ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ കാലതാമസം കുട്ടികളുടെ സ്‌കൂള്‍ പ്രവേശനം, ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് തുടങ്ങിയ ആവശ്യങ്ങള്‍ക്കും തടസ്സമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിദേശവാസം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിരതാമസമാക്കുന്ന കുടുംബങ്ങള്‍ക്ക് കുട്ടികളുടെ അടിസ്ഥാന രേഖകള്‍ സമയബന്ധിതമായി ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റണം:

വൈകിയുള്ള ജനന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, RDO, താലൂക്ക്, വില്ലേജ് ഓഫീസുകള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന ഏകീകൃത ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ദുബായ് കെ.എം.സി.സി കാസറഗോഡ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

എംബസി, കോണ്‍സുലേറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കണം.

ഇന്ത്യന്‍ എംബസികളിലും കോണ്‍സുലേറ്റുകളിലും നിയമാനുസൃതമായി രജിസ്റ്റര്‍ ചെയ്ത് നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റുകള്‍ ചില സര്‍ക്കാര്‍ ഓഫീസുകളില്‍ ഔദ്യോഗിക രേഖയായി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നവും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ഇന്ത്യന്‍ എംബസി/കോണ്‍സുലേറ്റ് വഴി രജിസ്റ്റര്‍ ചെയ്ത ജനന സര്‍ട്ടിഫിക്കറ്റുകള്‍ കേരളത്തിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് അംഗീകരിക്കുന്നതിന് വ്യക്തമായ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഇതുവഴി പ്രവാസികള്‍ക്ക് ഒരേ രേഖ വീണ്ടും വീണ്ടും സമര്‍പ്പിക്കേണ്ടിവരുന്ന സാഹചര്യവും അനാവശ്യ പരിശോധനകളും ഒഴിവാക്കാന്‍ കഴിയുമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.

നിയമപരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കുകയും പ്രവാസികള്‍ക്ക് എളുപ്പത്തിലും സമയബന്ധിതമായും സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് ദുബായ് കെ.എം.സി.സി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി നിവേദത്തനത്തില്‍ ആവശ്യപ്പെട്ടു.

Scroll to Top