കാന്തപുരത്തിന്റെ പ്രസ്താവനക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ നടക്കുന്നത് ഇസ്ലാമോഫോബിയ – പിഡിപി

കാസര്‍ഗോഡ്: മതേതര ഇന്ത്യയുടെ അഭിമാനമായ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയതായി പറയപ്പെടുന്ന പ്രസ്താവനയെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ കേരളത്തില്‍ ഇപ്പോള്‍ അരങ്ങേറുന്നത് ആസൂത്രിതമായ ഇസ്ലാമോഫോബിയയും രാഷ്ട്രീയ മുതലെടുപ്പുമാണെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത് കുമാര്‍ അസാദും പിഡിപി കേന്ദ്ര കമ്മിറ്റി അംഗം എസ്.എം. ബഷീര്‍ അഹമ്മദും ആരോപിച്ചു.

പ്രസ് ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍.

ഒരു മതപണ്ഡിതന്റെ പ്രസ്താവനയെ സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ അത് ആരോഗ്യകരമായ ജനാധിപത്യ ചര്‍ച്ചകളിലൂടെ ഉന്നയിക്കാം. എന്നാല്‍, അതിനെ ഒരു പ്രത്യേക മതവിഭാഗത്തിനെതിരായ വിദ്വേഷ പ്രചാരണത്തിനും രാഷ്ട്രീയ ധ്രുവീകരണത്തിനും ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. മതവിശ്വാസങ്ങളെയും പണ്ഡിത നേതൃത്വത്തെയും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നിരന്തരം വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്ന പ്രവണത കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് തന്നെ ഭീഷണിയാണ്.

കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ യഥാര്‍ത്ഥത്തില്‍ പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാതെയും അദ്ദേഹത്തിന്റെ വാക്കുകളുടെ പശ്ചാത്തലം പരിശോധിക്കാതെയും നടത്തുന്ന പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വിശ്വാസിനികള്‍ മതവിശ്വാസത്തിന്റെ ഭാഗമായി പാലിക്കേണ്ട രീതികളെക്കുറിച്ചും പൊതുസമൂഹത്തില്‍ ഇടപെടുമ്പോള്‍ അവര്‍ സ്വീകരിക്കേണ്ട ജാഗ്രതയെക്കുറിച്ചും പണ്ഡിത നേതൃത്വം നേരത്തെയും പല ഘട്ടങ്ങളിലും നല്‍കിയിട്ടുള്ള ഉപദേശങ്ങളുടെ ആവര്‍ത്തനം മാത്രമാണ് ഇപ്പോഴത്തെ പരാമര്‍ശമെന്ന് വിശ്വാസികള്‍ക്ക് വ്യക്തമായി അറിയാം.

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞ കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് മതവിശ്വാസത്തിന്റെ ഭാഗമായി ജീവിക്കുന്ന കോടിക്കണക്കിന് വിശ്വാസികള്‍ ഇന്ത്യയിലുണ്ട്. ആ വിശ്വാസികള്‍ക്ക് ഇതിന്റെ പേരില്‍ യാതൊരു ആശങ്കയുമില്ല. ആധുനിക കാലഘട്ടത്തില്‍ പൊതുമണ്ഡലത്തില്‍ ജീവിക്കുകയും വിവിധ മേഖലകളില്‍ ഇടപെടുകയും ചെയ്യുമ്പോഴും തങ്ങളുടെ വിശ്വാസപരമായ മൂല്യങ്ങളും ജാഗ്രതകളും കാത്തുസൂക്ഷിക്കണമെന്ന ഓര്‍മ്മപ്പെടുത്തലായാണ് അവര്‍ ഈ നിര്‍ദേശങ്ങളെ കാണുന്നത്. ഇക്കാര്യം വ്യക്തമായി മനസ്സിലാക്കിയിട്ടും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ചില രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ അത്യന്തം അപലപനീയവും അപകടകരവുമാണ്.

വിശ്വാസികള്‍ അവരുടെ മതവിശ്വാസത്തിന്റെ ഭാഗമായി പാലിക്കുന്ന ജീവിതരീതികളെ രാഷ്ട്രീയ വിവാദങ്ങളാക്കി മാറ്റുന്നത് മതസ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ്. കോടിക്കണക്കിന് വിശ്വാസികള്‍ സ്വമേധയാ പിന്തുടരുന്ന മതപരമായ ജീവിതരീതികളെ രാഷ്ട്രീയ കണ്ണടയിലൂടെ കാണുകയും അതിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നത് ജനാധിപത്യപരമായ സമീപനമല്ല.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ നടന്നപ്പോള്‍, മതാചാരങ്ങളുടെയും വിശ്വാസങ്ങളുടെയും കാര്യത്തില്‍ സര്‍ക്കാരും രാഷ്ട്രീയക്കാരും അനാവശ്യമായി ഇടപെടരുതെന്ന് വാദിച്ചിരുന്നവരില്‍ ചിലര്‍ തന്നെയാണ് ഇന്ന് ഇതേ വിഷയത്തില്‍ ഉറഞ്ഞുതുള്ളുന്നത്. അന്ന് പറഞ്ഞ നിലപാടുകള്‍ ഇന്ന് എവിടെപ്പോയെന്ന് അവര്‍ തന്നെ വ്യക്തമാക്കണം. മതവിശ്വാസത്തിന്റെ കാര്യത്തില്‍ ഒരേ മാനദണ്ഡം എല്ലാവര്‍ക്കും ബാധകമാകണം. ഏതങ്കിലും ഒരു പ്രത്യേക മതത്തിന്റെ വിശ്വാസപരമായ നിലപാടുകള്‍ വരുമ്പോള്‍ മാത്രം ഭരണഘടനയുടെയും സ്ത്രീസ്വാതന്ത്ര്യത്തിന്റെയും പേരില്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നത് ഇരട്ടത്താപ്പാണ്.
ജനാധിപത്യ, മതേതര രാജ്യത്ത് എല്ലാ മതവിഭാഗങ്ങളേയും ഒരുപോലെ കാണാനും സാധിക്കേണ്ടതുണ്ട്.

കോടിക്കണക്കിന് വിശ്വാസികള്‍ മതപരമായ ജീവിതത്തില്‍ പണ്ഡിത നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കുന്നവരാണ്. അവരുടെ വിശ്വാസപരമായ ജീവിതരീതിയെ രാഷ്ട്രീയ ലക്ഷ്യത്തോടെ ചോദ്യം ചെയ്യുകയോ പരിഹസിക്കുകയോ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. മതവിശ്വാസവും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും തമ്മില്‍ ഏറ്റുമുട്ടിക്കുന്ന തരത്തില്‍ കൃത്രിമമായ വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമം കേരളത്തിലെ മതേതര സമൂഹം തിരിച്ചറിയണം.

മുഖ്യമന്ത്രിയുടെ അറിവിലോ ഉത്തരവാദിത്തത്തിലോ ഉള്‍പ്പെടാത്ത ഒരു വിഷയത്തെ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്തി രാഷ്ട്രീയ ചര്‍ച്ചയുടെ ദിശ മാറ്റാനുള്ള ശ്രമം വ്യക്തമായ രാഷ്ട്രീയ തന്ത്രമാണ്. ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കേണ്ട യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുന്നതിനായി മതപരമായ വിഷയങ്ങളെ വിവാദമാക്കുന്നത് ആസൂത്രിതമായ രാഷ്ട്രീയ ഇടപെടലാണെന്ന് സംശയിക്കേണ്ട സാഹചര്യമാണിത്.

കാസര്‍ഗോഡ് ചന്തേര-കാലിക്കടവ് മേഖലയില്‍ പുറത്തുവന്ന എംഡിഎംഎ ലഹരിക്കേസുമായി ബന്ധപ്പെട്ട ഗൗരവമേറിയ ആരോപണങ്ങളും അന്വേഷണത്തിലെ സംശയങ്ങളും മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായ ഘട്ടത്തിലാണ് പുതിയൊരു മതവിവാദം ഉയര്‍ന്നുവന്നത് എന്നത് യാദൃച്ഛികമായി കാണാനാകില്ല. സര്‍ക്കാരിനും രാഷ്ട്രീയ നേതൃത്വത്തിനുമെതിരെ ഉയരുന്ന ചോദ്യങ്ങളില്‍ നിന്ന് പൊതുശ്രദ്ധ തിരിക്കുന്നതിനായി വിവാദങ്ങള്‍ക്ക് പുതിയ ദിശ നല്‍കാനുള്ള ശ്രമമാണോ ഇതെന്ന് പരിശോധിക്കേണ്ടതുണ്ട്.

ഒരു സംഘടന അതിന്റെ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ സര്‍ക്കുലര്‍ എന്ന നിലയില്‍ നിലനില്‍ക്കുന്ന ഒരു രേഖയെ പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടെ ഉയര്‍ത്തിക്കാട്ടി സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമം നടന്നത് ഗൗരവത്തോടെ കാണണം. മഹിളാ മോര്‍ച്ചയുടെ ഇടപെടല്‍, കോലം കത്തിക്കല്‍, ഇപ്പോള്‍ നടക്കുന്ന പ്രതിഷേധ പരിപാടികള്‍ എന്നിവയെല്ലാം ഒരേ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണോ എന്നതും പരിശോധിക്കപ്പെടണം.

മതപണ്ഡിതരുടെ വാക്കുകളെ വളച്ചൊടിച്ച് ഒരു സമുദായത്തെ പ്രതിക്കൂട്ടിലാക്കുന്ന രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ല. അത് ഏത് മതത്തിന്റെ വിഷയത്തിലായാലും മതവിശ്വാസികളുടെ അവകാശങ്ങളെയും ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്കെതിരെ മതേതര സമൂഹം ജാഗ്രത പാലിക്കണം.

ലഹരിക്കേസുകള്‍, അഴിമതി ആരോപണങ്ങള്‍, ഭരണപരമായ വീഴ്ചകള്‍, യുവജനങ്ങള്‍ നേരിടുന്ന തൊഴില്‍ പ്രതിസന്ധി തുടങ്ങിയ യഥാര്‍ത്ഥ ജനകീയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ മതവും വിശ്വാസവും ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനു പകരം മതവികാരങ്ങളെ രാഷ്ട്രീയ ആയുധമാക്കുന്നവര്‍ കേരളത്തിന്റെ സാമൂഹിക സൗഹാര്‍ദത്തെ തകര്‍ക്കുകയാണ്.

കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയെ സംബന്ധിച്ച് ആര്‍ക്കെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ അത് വസ്തുതകളുടെ അടിസ്ഥാനത്തില്‍ ജനാധിപത്യപരമായി ഉന്നയിക്കാം. എന്നാല്‍ അതിന്റെ പേരില്‍ ഒരു മതസമൂഹത്തെ മുഴുവന്‍ സംശയത്തിന്റെ നിഴലിലാക്കുകയും വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നത് വിമര്‍ശനമല്ല; ഇസ്ലാമോഫോബിയയാണ്.

മതവിശ്വാസത്തിന്റെ പേരില്‍ വിശ്വാസികള്‍ സ്വമേധയാ പാലിക്കുന്ന ജീവിതരീതികളെ രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമങ്ങളെ പിഡിപി ശക്തമായി അപലപിക്കുന്നു. മതവിശ്വാസത്തെ രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള ഉപാധിയാക്കാനും ഏതങ്കിലും ഒരു പ്രത്യേക സമുദായത്തെ അപമാനിക്കാനും ഭിന്നിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരെ പിഡിപി ശക്തമായി നിലകൊള്ളും.

കേരളത്തിന്റെ മതേതര പാരമ്പര്യവും സാമൂഹിക സൗഹാര്‍ദവും തകര്‍ക്കാനുള്ള ഇത്തരം ആസൂത്രിത നീക്കങ്ങളെ ജനാധിപത്യപരമായും രാഷ്ട്രീയമായും ശക്തമായി ചെറുക്കുമെന്നും നേതാക്കള്‍ പറഞ്ഞു.പത്ര സമ്മേളനത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര ജില്ലാ ജോയിന്റ് സെക്രട്ടറി ജാസി പോസോട്ട് എന്നിവരും സംബന്ധിച്ചു

Scroll to Top