പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 96 കുട്ടികള്‍ക്ക് കരുതലിന്റെ കൈത്താങ്ങ്

ചെറുവത്തൂര്‍ ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ ത്രിദിന മെഡിക്കല്‍ ക്യാമ്പ്

ചെറുവത്തൂര്‍: സമഗ്ര
ശിക്ഷാ കേരളം കാസര്‍ഗോഡ്, ബി.ആര്‍.സി. ചെറുവത്തൂരിന്റെ നേതൃത്വത്തില്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി ത്രിദിന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളുടെ ആരോഗ്യപരമായ ആവശ്യങ്ങള്‍ തിരിച്ചറിയുന്നതിനും ആവശ്യമായ തുടര്‍ചികിത്സ ഉറപ്പാക്കുന്നതിനുമായി വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്.
കാലിക്കടവ് കരക്കേരു ഫ്രണ്ട്‌സ് ക്ലബ്ബില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് ചെറുവത്തൂര്‍ എ.ഇ.ഒ. രമേശന്‍ പുന്നത്തരിയന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഗവണ്‍മെന്റ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പ്രകാശ് കെ.വി. മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ബി.ആര്‍.സി. ചെറുവത്തൂര്‍ ബി.പി.സി. സതീശന്‍ യു. അധ്യക്ഷത വഹിച്ചു. സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ഷീബ എ.കെ. സ്വാഗതവും രോഷ്‌നി ബി. നന്ദിയും പറഞ്ഞു.
ക്യാമ്പിന്റെ ഭാഗമായി 2026 സെപ്റ്റംബര്‍ 9 ബുധനാഴ്ച തങ്കയം എ.എല്‍.പി.എസ്., ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ കേള്‍വി പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. ജൂനിയര്‍ ഇ.എന്‍.ടി. ഡോ. അഭയ രാജന്‍, ഓഡിയോളജിസ്റ്റ് സനല്‍ കുമാര്‍ ടി. എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മെഡിക്കല്‍ ക്യാമ്പിന് സെപ്റ്റംബര്‍ 11ന് സമാപനമാകും. വിവിധ മെഡിക്കല്‍ വിഭാഗങ്ങളിലായി 96 കുട്ടികള്‍ ക്യാമ്പിന്റെ ഭാഗമായി പങ്കെടുക്കും.
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ആരോഗ്യസംരക്ഷണത്തോടൊപ്പം അവരുടെ വിദ്യാഭ്യാസവും പുനരധിവാസവും കൂടുതല്‍ ഫലപ്രദമാക്കുന്നതിനുള്ള ബി.ആര്‍.സി.യുടെ ഇടപെടലിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

Scroll to Top