തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല. മഴ മുന്നറിയിപ്പ് മുഴുവനായും പിന്‍വലിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ വരുന്ന രണ്ടുദിവസം ഉയര്‍ന്ന താപനില സാധ്യത. സാധാരണയേക്കാള്‍ മൂന്നു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രാവിലെ പുനലൂരില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന താപനിലയായ 35.2 ഡിഗ്രി സെല്‍ഷ്യസ് ആണ്. പാലക്കാട് ജില്ലയിലും താപനില 35 ഡിഗ്രി സെല്‍ഷ്യസില്‍ ഉയര്‍ന്നു.
ഉഷ്ണതരംഗത്തിനും കനത്ത ചൂടിനുമുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തി ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൂര്യാഘാതം, സൂര്യാതപം, കടുത്ത നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയേറെയായതിനാല്‍ പകല്‍ സമയത്ത് പുറത്തിറങ്ങുന്നവര്‍ കണിശമായ മുന്‍കരുതലുകള്‍ പാലിക്കണം. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും, കുട, സണ്‍ ഗ്ലാസ് എന്നിവ ഉപയോഗിക്കാനും നിര്‍ദ്ദേശമുണ്ട്. ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.




