തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തില്‍ അതൃപ്തിയുമായി പിഎസ്‌സി അംഗങ്ങള്‍. ചോദ്യം ചെയ്യാലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്നാണ് പിഎസ്‌സി അംഗങ്ങളുടെ തീരുമാനം. ക്രൈംബ്രാഞ്ച് IGക്ക് PSC കത്ത് നല്‍കി. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാന്‍ കഴിയില്ല. 15 മുതല്‍ PSCയില്‍ വച്ച് എപ്പോള്‍ വേണമെങ്കിലും മൊഴിരേഖപ്പെടുത്താം. PSC അംഗങ്ങളുടെ മുറിയില്‍ വച്ച് മൊഴിയെടുക്കാമെന്നും കത്തില്‍ അറിയിച്ചു.
പ്രോട്ടോക്കോള്‍ ചൂണ്ടിക്കാട്ടി പിഎസ്‌സി ചെയര്‍മാനും അംഗങ്ങളും ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി. നോട്ടീസില്‍ നിയമോപദേശം തേടാനും തീരുമാനം. എന്നാല്‍, ചോദ്യചെയ്യല്‍ എവിടെ വേണമെന്ന് തീരുമാനിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനാണ് അധികാരമെന്നാണ് നിയമവൃത്തങ്ങള്‍ അറിയിക്കുന്നത്. ഭരണഘടന സ്ഥാപനമെന്ന നിലയില്‍ പിഎസ്‌സി അംഗങ്ങള്‍ക്ക് ക്രിമിനല്‍ ചട്ടത്തില്‍ പ്രത്യേക പരിരക്ഷയിലെന്നും നിയമവൃത്തങ്ങള്‍ അറിയിക്കുന്നു.
15 മുതല്‍ പിഎസ്‌സി അംഗങ്ങളുടെ മൊഴിയെടുക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അന്വേഷണസംഘത്തിലെ എസ് പി സഖറിയയയാണ് നോട്ടീസ് നല്‍കിയത്. അംഗങ്ങളെ ചോദ്യം ചെയ്ത ശേഷം ചെയര്‍മാന്‍ എം ആര്‍ ബൈജുവിനെ ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കം.ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടില്‍ രണ്ട് പിഎസ്‌സി ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ്, അഡീഷണല്‍ സെക്രട്ടറി ആര്‍ ഹരി എന്നിവര്‍ക്കാണ് വീഴച സംഭവിച്ചത്.




