സൈബര്‍ ആക്രമണത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി; ‘ജിജോയെയും കുടുംബത്തെയും ആക്രമിക്കുന്നവര്‍ക്ക് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ’

സമൂഹ മാധ്യമങ്ങളിലെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ വി.ഡി. സതീശന്‍ രൂക്ഷമായി പ്രതികരിച്ചു. സ്ത്രീകളാണ് പ്രധാന ഇരകളെന്നും, അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണിനെതിരായ ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ പിന്തുണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സൈബര്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ രംഗത്ത്. സൈബര്‍ ഇടങ്ങളിലെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളാണെന്നും, സാധാരണ സ്ത്രീകളെയാണ് പലപ്പോഴും ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മനസാക്ഷിയില്ലാത്ത മനുഷ്യരാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മലയാള മനോരമ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് അന്തരിച്ച ജിജോ ജോണ്‍ പുത്തേഴത്തിനെതിരെ മരണശേഷം നടന്ന സൈബര്‍ ആക്രമണം അതിക്രൂരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മരിച്ചു കിടക്കുന്ന മാധ്യമപ്രവര്‍ത്തകനെയും കുടുംബത്തെയും കുറിച്ച് എത്ര മോശമായാണ് അപവാദങ്ങള്‍ പ്രചരിപ്പിച്ചത്. മരിച്ചു കിടക്കുമ്പോള്‍ പോലും യാതൊരു മര്യാദയും കാണിക്കുന്നില്ല. ജിജോയെയും കുടുംബത്തെയും ആക്രമിക്കുന്നവര്‍ക്ക് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

രാഷ്ട്രീയക്കാരെക്കുറിച്ച് എന്തുവേണമെങ്കിലും വിമര്‍ശിച്ചോളൂ, എന്നാല്‍ പാവപ്പെട്ടവരേയും സ്ത്രീകളേയും വെറുതെ വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്തൊക്കെ നുണകളാണ് ഇവര്‍ പറഞ്ഞു പരത്തിയത്. ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ കണ്ടിട്ടല്ല ജനങ്ങള്‍ വോട്ടുചെയ്യുന്നത് എന്ന് ജനങ്ങള്‍ക്ക് കൃത്യമായ ബോധ്യമുണ്ട്. സൈബര്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി റിവ്യൂ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Scroll to Top