സൂര്യപ്രകാശമേല്‍ക്കുന്നത് ആയുസ്സ് വര്‍ധിപ്പിക്കുന്നതായി പഠനം

സൂര്യനെ പേടിച്ച് പുറത്തിറങ്ങാന്‍ ഭയക്കുന്നവരാണ് നമ്മളില്‍ പലരും. സൂര്യപ്രകാശമേല്‍കുന്നത് ചര്‍മ്മത്തിന് ദോഷമാണെന്ന് കരുതി സണ്‍സ്‌ക്രീന്‍ കൂടെ കൊണ്ട് നടക്കുന്നവരുടെ എണ്ണത്തിലും കുറവൊന്നുമില്ല. ഇപ്പോഴിതാ സൂര്യപ്രകാശത്തില്‍ കൂടുതല്‍ നേരം ചിലവഴിക്കുന്നത് ആയുസ്സ് വര്‍ധിപ്പിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. സ്വീഡനിലെ ലണ്ട് സര്‍വകലാശാലയിലെ ഗവേഷകര്‍ ഇത് സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച ‘Journal of Internal Medicine’ എന്ന ജേണലിലാണ് ഇക്കാര്യം പറയുന്നത്.

സൂര്യപ്രകാശം ഏല്‍ക്കുന്നത് ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങിയ അസുഖങ്ങളും , മരണസാധ്യതയും കുറയ്ക്കുമെന്നും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുമെന്നുമാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 20 വര്‍ഷത്തിലേറെ നീണ്ടു നിന്ന ഈ പഠനത്തില്‍ 30-49 വയസ്സ് പ്രായത്തിനിടയിലുള്ള സ്വീഡിഷ് സ്ത്രീകളെയാണ് ഉള്‍പ്പെടുത്തിയത്.

സൂര്യപ്രകാശമേല്‍ക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് സൂര്യപ്രകാശത്തില്‍ സമയം ചെലവഴിക്കുന്ന സ്ത്രീകള്‍ക്ക് ഹൃദയസംബന്ധമായ രോഗങ്ങളും മരണസാധ്യതയും 30-40% കുറവാണെന്നും പ്രകാശം കൂടുതലായി ഏല്‍ക്കുന്നവരുടെ മൊത്തം ആയുര്‍ദൈര്‍ഘ്യം ശരാശരി 0.6 മുതല്‍ 2.1 വര്‍ഷം വരെ കൂടുതലാണെന്നും പഠനത്തില്‍ തെളിഞ്ഞു. എന്നാല്‍ പുകവലി ശീലമാക്കിയ സ്ത്രീകളില്‍ ഇത് അത്ര ഫലപ്രദമല്ലെന്നും പുകവലി ഈ ഗുണങ്ങളെ നശിപ്പിക്കുന്നതായും ഗവേഷകര്‍ പറയുന്നു. അതിരാവിലെയും വൈകുനേരങ്ങളിലെയും വെയില്‍ കൊള്ളുന്നതാണ് ആരോഗ്യത്തിന് ഏറെ ഗുണകരം. ഈ സമയങ്ങളില്‍ സണ്‍ഗ്ലാസ്സുകള്‍ ഒഴിവാക്കുന്നതും നല്ലതാണ് കാരണം കണ്ണുകള്‍ക്കും വെളിച്ചം ലഭിക്കേണ്ടതുണ്ട്.

സൂര്യപ്രകാശത്തില്‍ വിറ്റാമിന്‍ D ഉത്പാദനം വര്‍ധിപ്പിക്കുകയും ,നൈട്രിക് ഓക്‌സൈഡിന്റെ അളവ് വര്‍ധിപ്പിച്ച് രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും, രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ അകാല വാര്‍ദ്ധക്യം തടയുന്നതിനും മാനസികാരോഗ്യം വര്‍ധിപ്പിക്കുന്നതിനും,മെച്ചപ്പെട്ട ഉറക്കം ലഭിക്കുന്നതിനും സഹായിക്കുന്നു. അമിതമായി സൂര്യപ്രകശം ഏല്‍ക്കുന്നത് സ്‌കിന്‍ കാന്‍സര്‍ ഉണ്ടാക്കുമെങ്കിലും, സൂര്യപ്രകാശം ഒഴിവാക്കുന്നതാണ് കൂടുതല്‍ അപകടം എന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Scroll to Top