മൂസാ ഷരീഫിന് ജന്മനാടിന്റെ പ്രൗഢ സ്വീകരണം.

മൊഗ്രാല്‍ സ്‌നേഹാലയം സ്നേഹകൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്.

മൊഗ്രാല്‍ :
ദേശീയ-അന്തര്‍ദേശീയ കാര്‍ റാലികളില്‍ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ജൈത്രയാത്രയിലൂടെ ഇന്ത്യയുടെ റാലി സര്‍ക്യൂട്ടിനെ കായികലോകത്തെ ആഗോളവേദിയില്‍ ഉയര്‍ത്തിക്കാട്ടിയ മൊഗ്രാല്‍ പെര്‍വാഡ് സ്വദേശിയായ മൂസാ ഷരീഫിന് ജന്മനാട് പ്രൗഢോജ്വലമായ സ്വീകരണം നല്‍കി.
ഷരീഫിന്റെ ബാല്യകാല സ്‌നേഹബന്ധങ്ങളുടെ കൂട്ടായ്മയായ മൊഗ്രാല്‍ ‘സ്‌നേഹാലയം സ്നേഹകൂട്ടായ്മയാണ്’ സ്വീകരണ പരിപാടിക്ക് മനോഹരമായ വേദി സജ്ജമാക്കിയത്.

മൊഗ്രാല്‍ യുനാനി ആശുപത്രിയുടെ സമീപത്ത് നിന്ന് ബാന്‍ഡ് മേളങ്ങളുടെ അകമ്പടിയോടെയാണ് ഷരീഫിനെ വേദിയിലേക്ക് ആനയിച്ചത്.
സംഗീതവിസ്മയത്തില്‍ ഒരു ഉത്സവമേഖലയെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഘോഷയാത്ര.

സ്വീകരണവേദിയില്‍ നാട്ടിലെ വിവിധ സന്നദ്ധ സംഘടനകളും ക്ലബ്ബുകളും ഷരീഫിനെ ഹാരമാലകളാലും ഉപഹാരങ്ങളാലും ആദരിച്ചു. ഓരോ ഉപഹാരവും ഷരീഫിന്റെ കഠിനാധ്വാനത്തിനും സാഹസികതയ്ക്കും നേട്ടങ്ങള്‍ക്കുമുള്ള അംഗീകാരമായി മാറി.

സെഡ് എ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.എ ഷാഫി മുഖ്യാതിഥിയായി സംബന്ധിച്ച് മൂസാ ഷരീഫിന് തലപ്പാവ് അണിയിച്ചു.
റഹ്‌മാനിയ ഗ്രൂപ്പ് ചെയര്‍മാന്‍ റഹ്‌മാന്‍ ഷാള്‍ അണിയിച്ചു.
അബ്ബാസ് കൂള്‍ ഫോം, ദാവൂദ് പെര്‍വാഡ് എന്നിവര്‍ സ്‌നേഹാലയത്തിന്റെ സ്‌നേഹസമ്മാനം സമര്‍പ്പിച്ചു. എം.എ സൈനുദ്ദീനുല്‍ ആരിഫ് മൂസാ ഷരീഫിനെ പരിചയപ്പെടുത്തി.
എം.മാഹിന്‍ മാസ്റ്റര്‍, ഹമീദ് സ്പിക്, ടി.എം ഷുഹൈബ്, സിദ്ധീഖലി മൊഗ്രാല്‍, ടി.കെ അന്‍വര്‍, എം.പി അബ്ദുല്‍ ഖാദര്‍ പ്രസംഗിച്ചു.
മൂസാ ഷരീഫ് മറുപടി പ്രസംഗം നടത്തി.
എം.എ അബ്ബാസ്, അബ്ദുല്‍ റഹ്‌മാന്‍ സൂപ്പര്‍, പി.എ ആസിഫ്, ഇസ്മത് ഇനു, സുലൈമാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എ.എം സിദ്ദീഖ് റഹ്‌മാന്‍ സ്വാഗതവും ഷക്കീല്‍ അബ്ദുള്ള നന്ദിയും പറഞ്ഞു.

ഫോട്ടോ : മൊഗ്രാല്‍ സ്‌നേഹാലയം സ്‌നേഹകൂട്ടായ്മ പ്രവര്‍ത്തകര്‍ മൂസാ ഷരീഫിന് ഉപഹാരം സമ്മാനിക്കുന്നു

Scroll to Top