ഗ്രന്ഥശാല ദിനത്തില്‍ ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മാരക വായനശാലയില്‍ പതാക ഉയര്‍ത്തി

ഗ്രന്ഥശാലകള്‍ നാടിന്റെ കെടാവിളക്ക്; സംരക്ഷണം സമൂഹത്തിന്റെ കടമ
തൃക്കരിപ്പൂര്‍: ഗ്രാമീണ ഗ്രന്ഥശാലകള്‍ നാടിന്റെ കെടാവിളക്കുകളാണെന്നും അവയുടെ സംരക്ഷണം സമൂഹത്തിന്റെ കൂട്ടായ കടമയാണെന്നും ഓര്‍മിപ്പിച്ച് ഗ്രന്ഥശാല ദിനാചരണത്തിന് തുടക്കമായി. സെപ്തംബര്‍ 14 ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് മൈത്താണി ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മാരക വായനശാല & ഗ്രന്ഥാലയത്തില്‍ പതാക ഉയര്‍ത്തി.
ഗ്രന്ഥശാല മുന്‍ താലൂക്ക് കൗണ്‍സില്‍ അംഗം പി. സദാനന്ദന്‍ പതാക ഉയര്‍ത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ടി. തമ്പാന്‍ അധ്യക്ഷത വഹിച്ചു.
ആധുനിക കാലഘട്ടത്തില്‍ ഗ്രന്ഥശാലകള്‍ക്കുള്ള പ്രസക്തിയും കാലത്തിനനുസരിച്ച് ഗ്രന്ഥശാലകളെ നവീകരിക്കേണ്ടതിന്റെ ആവശ്യകതയും ചടങ്ങില്‍ ചര്‍ച്ചയായി. പ്രത്യേകിച്ച് ഡിജിറ്റല്‍ ഗ്രന്ഥശാലകള്‍ എങ്ങനെ രൂപപ്പെടുത്തിയെടുക്കാം, പുതിയ തലമുറയെ വായനയിലേക്കും അറിവിന്റെ ലോകത്തേക്കും എങ്ങനെ കൂടുതല്‍ ആകര്‍ഷിക്കാം തുടങ്ങിയ വിഷയങ്ങളില്‍ താലൂക്ക് കൗണ്‍സില്‍ അംഗം സന്തോഷ് കുമാര്‍ ചാലില്‍ സംസാരിച്ചു.
ഗ്രന്ഥശാലയിലെ മുതിര്‍ന്ന അംഗം യു.കെ. രാഘവന്‍, പി. രാജന്‍, ബിനേഷ് വിത്തന്‍, ഷീജ, ഇന്ദന, പി.കെ. തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഗ്രന്ഥശാല സെക്രട്ടറി പി. രാജഗോപാലന്‍ സ്വാഗതവും ലൈബ്രേറിയന്‍ കീര്‍ത്തന നന്ദിയും പറഞ്ഞു.
വായനയുടെ സംസ്‌കാരം വളര്‍ത്തുകയും അറിവിനെ ജനകീയമാക്കുകയും ചെയ്യുന്ന ഗ്രാമീണ ഗ്രന്ഥശാലകളുടെ പ്രസക്തി കൂടുതല്‍ ശക്തമായി ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഗ്രന്ഥശാല ദിനാചരണത്തിലൂടെ ഉയര്‍ന്നത്.

Scroll to Top