പവര്‍ കുറഞ്ഞാലും വേണ്ടില്ല പണം മുഖ്യം! എന്‍ടിപിസി വഴി ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയേക്കില്ല; വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: എന്‍ടിപിസി വഴി വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയാല്‍ അത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം ഉപേക്ഷിക്കാന്‍ പോകുന്നത്. കേന്ദ്രത്തില്‍ നിന്ന് ഇന്നലെ മുതല്‍ 150 മെഗാ വാട്ട് വൈദ്യുതി കിട്ടിത്തുടങ്ങിയത് കെഎസ്ഇബിക്ക് നേരിയ തോതില്‍ ആശ്വാസമേകുന്നുണ്ട്.
യൂണിറ്റിന് പത്ത് രൂപയില്‍ താഴെ മാത്രം നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള അനുമതിയാണ് റെഗുലേറ്ററി കമ്മീഷന്‍ നല്‍കിയത്. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങിക്കൊണ്ടെങ്കിലും പ്രതിസന്ധി പരിഹരിക്കാന്‍ ആലോചനയുണ്ടായത്. കെഎസ്ഇബി സ്വയം തീരുമാനം എടുത്ത ശേഷം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ഇന്നലെ രാത്രി മുതല്‍ ലഭ്യമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കത്ത് പരിഗണിച്ചാണ് കേന്ദ്രാനുമതി. ഡിസംബര്‍ 31 വരെ 150 മെഗാവാട്ടിന്റെ ലഭ്യത തുടരും. 120 മെഗാവാട്ട് അനുമതി തേടിയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നത്. കേന്ദ്രത്തെ നിരന്തരം സമീപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കേന്ദ്രം 150 മെഗാവാട്ടിന്റെ അനുമതി സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്.

Scroll to Top