2000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ പാടില്ല, ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍

2000 രൂപ വരെയുള്ള യുപിഐ, റുപേ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. യുപിഐ ഇടപാടുകള്‍ക്ക് ഫീസ് വരുന്നു എന്ന ആശങ്കകള്‍ക്ക് പിന്നാലെയാണ് ധനകാര്യ മന്ത്രാലയത്തിന്റെ ഈ വിജ്ഞാപനം. വന്‍കിട വ്യാപാരികളില്‍ നിന്ന് ‘മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്’ ഈടാക്കാന്‍ നിയമഭേദഗതി വന്നെങ്കിലും സാധാരണക്കാരുടെ ഇടപാടുകള്‍ സൗജന്യമായി തുടരും.
ന്യൂഡല്‍ഹി: 2000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്കുകളോ പേമെന്റ് പ്ലാറ്റ്‌ഫോമുകളോ ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്ന ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍. റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും 2000 രൂപ വരെ ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. യുപിഐ ഇടപാടുകള്‍ക്ക് ഫീസ് വരുന്നു എന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നിലപാട്. പാര്‍ലമെന്റ് അടുത്തിടെ പാസാക്കിയ നിയമഭേദഗതി യുപിഐക്ക് ഫീസ് ഈടാക്കാന്‍ എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ യുപിഐ ഇടപാടുകളില്‍ 2000 രൂപയില്‍ കൂടിയത് നാല് ശതമാനം ഇടപാടുകള്‍ മാത്രമാണ്. എന്നാല്‍ യുപിഐ ഇടപാട് തുകയുടെ മൂന്നില്‍ രണ്ടും ഈ നാല് ശതമാനത്തിലായിരുന്നു എന്ന് സൂചന.

വന്‍കിട വ്യാപാരികളില്‍ നിന്നും ഇലക്ട്രോണിക് പേയ്മെന്റുകള്‍ക്ക് ‘മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്’ ഈടാക്കുന്നതിന് വഴിയൊരുക്കിക്കൊണ്ട് പാര്‍ലമെന്റ് കഴിഞ്ഞ മാസം പാസാക്കിയ ‘ടാക്‌സേഷന്‍ ആന്‍ഡ് അദര്‍ ലോസ് (ഭേദഗതി) ബില്‍, 2026’ പ്രകാരമുള്ള ഭേദഗതികള്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഇതിന് പിന്നാലെ ഉപഭോക്താക്കള്‍ക്കിടയിലെ ആശങ്ക പരിഹരിച്ചാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം ഇപ്പോള്‍ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത്. സാധാരണക്കാര്‍ നടത്തുന്ന ചെറിയ തുകയുടെ യുപിഐ ഇടപാടുകള്‍ക്കും വ്യക്തികള്‍ തമ്മില്‍ പരസ്പരം നടത്തുന്ന പണമിടപാടുകള്‍ക്കും യാതൊരുവിധ ചാര്‍ജുകളും ഈടാക്കില്ലെന്ന് വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

2007-ലെ ‘പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട്’ സെക്ഷന്‍ 10എ-യില്‍ വരുത്തിയ ഭേദഗതിയാണ് യുപിഐ ചാര്‍ജുകളെക്കുറിച്ച് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. 50 കോടി രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള വന്‍കിട ബിസിനസ് സ്ഥാപനങ്ങള്‍ (ഉദാഹരണത്തിന് ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയവ) റൂപേ ഡെബിറ്റ് കാര്‍ഡ്, ഭീം യുപിഐ, യുപിഐ ക്യുആര്‍ കോഡ് എന്നിവ വഴി പണം സ്വീകരിക്കുമ്പോള്‍ ബാങ്ക് ചാര്‍ജുകളില്‍ നിന്നും നല്‍കിയിരുന്ന ഇളവ് പുതിയ നിയമത്തിലൂടെ നീക്കം ചെയ്യപ്പെട്ടു. ഇതോടെ വന്‍കിട ഡിജിറ്റല്‍ ഇടപാടുകളില്‍ എംഡിആര്‍ ചാര്‍ജുകള്‍ ചുമത്താന്‍ സര്‍ക്കാരിന് നിയമപരമായ അധികാരം ലഭിച്ചെങ്കിലും, സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയും ഇതില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടുണ്ടെന്ന് ധനകാര്യ മന്ത്രാലയം ഉറപ്പുനല്‍കുന്നു.

Scroll to Top