വിദേശത്തു നിന്നും വരികയായിരുന്ന മകളെ കൂട്ടിക്കൊണ്ടുവരാന്‍ പോകുന്നതിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. വെള്ളാരംകുന്ന് സെന്റ് മേരീസ് ഹൈസ്‌കൂള്‍ കാഞ്ചിയാര്‍ മുകളേല്‍ സെറീന സണ്ണി (53) ആണ് മരിച്ചത്. സെപ്റ്റംബര്‍ 10-ന് പുലര്‍ച്ചെ രണ്ടോടെ കാലടിക്കു സമീപമായിരുന്നു അപകടം നടന്നത്. വിദേശത്തുനിന്നെത്തുന്ന മകളെ കൂട്ടിക്കൊണ്ടുവരാന്‍ ഭര്‍ത്താവിനും മകനുമൊപ്പം കൊച്ചി വിമാനത്താവളത്തിലേക്കു പോകവേ, ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂവര്‍ക്കും പരുക്കേറ്റെങ്കിലും സെറീനയുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

തമ്പലക്കാട് കട്ടിക്കാരന്‍ കുടുംബാംഗമാണ് പരേതയായ സെറീന. വെള്ളാരംകുന്ന് സ്‌കൂളിന് പുറമെ കുന്നുംഭാഗം സെന്റ് ജോസഫ്‌സ് സ്‌കൂള്‍, കട്ടപ്പന ഓസാനം സ്‌കൂള്‍, വള്ളക്കടവ് സെന്റ് ആന്റണീസ് സ്‌കൂള്‍, ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്‌കൂള്‍, മ്ലാമല ഫാത്തിമമാതാ സ്‌കൂള്‍ എന്നിവിടങ്ങളിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് കാഞ്ചിയാര്‍ സെന്റ് മേരീസ് പള്ളിയില്‍ നടക്കും. കുട്ടിക്കാനം മരിയന്‍ കോളജ് റിട്ട. സൂപ്രണ്ട് സണ്ണിയാണ് ഭര്‍ത്താവ്. ഷാര്‍ജയിലുള്ള സോന, പീരുമേട് സഹ്യാദ്രി ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സോണറ്റ് എന്നിവര്‍ മക്കളാണ്.

Scroll to Top