മാസപ്പടി കേസില്‍ നിര്‍ണായക നീക്കവുമായി സിഎംആര്‍എല്‍ സിഎഫ്ഒ: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സത്യവാങ്മൂലം നല്‍കി

മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ സിഎഫ്ഒ സുരേഷ്‌കുമാര്‍ സത്യവാങ്മൂലം നല്‍കി. രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നാണ് പ്രധാന ആരോപണം. മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് പണം നല്‍കിയതുമായി ബന്ധപ്പെട്ട മുന്‍ മൊഴിയാണ് ഇതോടെ തിരുത്തപ്പെടുന്നത്.
കൊച്ചി: മാസപ്പടി കേസില്‍ നിര്‍ണ്ണായക വഴിതിരിവ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ സിഎഫ്ഒ (ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍) സുരേഷ്‌കുമാര്‍ സത്യവാങ്മൂലം നല്‍കി. ഇത് സംബന്ധിച്ച സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഗുരുതര ആരോപണങ്ങളാണ് ഇഡിക്കെതിരായ സത്യവാങ്മൂലത്തിലുള്ളത്. ഇഡി ഉദ്യോഗസ്ഥര്‍ തന്നെ ഭീഷണിപ്പെടുത്തിയാണ് മൊഴിയെടുത്തതെന്ന് സുരേഷ്‌കുമാര്‍ സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.

താന്‍ പറഞ്ഞ മൊഴികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖവിലക്കെടുക്കാന്‍ തയ്യാറായില്ലെന്ന് സത്യവാങ്മൂലത്തില്‍ സുരേഷ്‌കുമാര്‍ ആരോപിക്കുന്നു. രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ പറയാന്‍ ഇഡി തന്നെ നിര്‍ബന്ധിച്ചതായും അദ്ദേഹം ആരോപിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരത്തിലിരിക്കെ, അദ്ദേഹത്തിന്റെ മകള്‍ വീണയ്ക്ക് പണം നല്‍കിയത് മുഖ്യമന്ത്രിയുടെ മകള്‍ ആയതുകൊണ്ടാണെന്നായിരുന്നു സുരേഷ്‌കുമാറിന്റെ മുന്‍ മൊഴി. ഈ മൊഴിയാണ് പിണറായി വിജയനുള്ള കൈക്കൂലിയാണ് ഇതെന്ന രീതിയില്‍ ഇഡി തങ്ങളുടെ റിപ്പോര്‍ട്ടില്‍ പ്രധാനമായും ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല്‍ നിലവിലെ സത്യവാങ്മൂലത്തിലൂടെ ഈ മൊഴിയാണ് സുരേഷ്‌കുമാര്‍ ഇപ്പോള്‍ തിരുത്തുന്നത്.

Scroll to Top