വൈദ്യുത പ്രതിസന്ധി പരിഹരിക്കാന്‍ ഊര്‍ജിത ശ്രമം: ആണവ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ KSEB ചെയര്‍മാന്‍ ഡല്‍ഹിയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി പരിഹരിക്കാന്‍ ഊര്‍ജിത ശ്രമം. ആണവ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ കെഎസ്ഇബി ചെയര്‍മാന്‍ എം ജി രാജമാണിക്യം ഡല്‍ഹിയിലെത്തി എന്‍പിസിഐഎല്‍ സിഎംഡിയുമായി കൂടിക്കാഴ്ച നടത്തും. കൂടുതല്‍ നിരക്കില്‍ വൈദ്യുതി വാങ്ങുന്നതടക്കമുളള കാര്യങ്ങളില്‍ ഇന്നത്തെ മന്ത്രിസഭ യോഗം തീരുമാനമെടുക്കും. വൈദ്യുതി നിയന്ത്രണം ഇന്നും തുടരാനാണ് സാധ്യത.

ഹിമാചലില്‍ നിന്ന് 250 മെഗാവാട്ടും കേന്ദ്ര വിഹിതമായി 150 മെഗാ വാട്ടും ലഭിച്ചത് കേരളത്തിന് സഹായകരമാണ്. പക്ഷേ നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇത് മതിയാകില്ല. കുറഞ്ഞ വിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാനാണ് ശ്രമം. പ്രതിദിനം 700 മുതല്‍ 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് പിക്ക് സമയങ്ങളില്‍ അനുഭവപ്പെടുന്നുണ്ട്. ഇത് നികത്താന്‍ ആവശ്യമായ വൈദ്യുതി ലഭിച്ചെങ്കിലെ നിയന്ത്രണം ഒഴിവാക്കാന്‍ കഴിയു. പ്രതിദിന വൈദ്യുതി ഉപഭോഗം 94 ദശലക്ഷത്തിന് മുകളിലാണ്. ഇന്നലെയും പീക്ക് സമയത്ത് വൈദ്യുതിയുടെ ഉപയോഗം 5000 മെഗാ വാട്ടിന് മുകളില്‍ പോയിരുന്നു. വൈദ്യുതി നിയന്ത്രണം ഇന്നും തുടരാനാണ് സാധ്യത.

രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വലിയതോതില്‍ വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയില്‍ കാര്യമായ കുറവ് അനുഭവപ്പെടുകയാണ്. കൂടാതെ ദേശീയ തലത്തില്‍ ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അറിയിച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂര്‍ണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനില്‍ക്കുന്നു. സെന്‍ട്രല്‍ ജനറേറ്റിംഗ് സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ അപ്രതീക്ഷിത കുറവും അനുഭവപ്പെടുകയാണ്. ദേശീയതലത്തില്‍ കാറ്റാടി നിലയങ്ങളില്‍നിന്നുള്ള ഉത്പാദനം വളരെ കുറയുകയും വൈദ്യുതി ആവശ്യകത കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ വൈദ്യുതി ലഭ്യത കുറയാന്‍ സാധ്യതയുണ്ടെന്ന് ദേശീയ ലോഡ് ഡെസ്പാച്ച് സെന്ററിന്റെ മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്.

Scroll to Top