തിരുവനന്തപുരം നഗരത്തില്‍ സ്ഥിതി ചെയ്യുന്ന മൃഗശാല നെയ്യാര്‍ പോലെ കാടുമായി ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശത്തേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. യൂറോപ്പിലേതുപോലെ കെയര്‍ ഗിവിങ് കോഴ്‌സുകള്‍ കേരളത്തില്‍ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. പരമാവധി കേന്ദ്ര പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ നിന്ന് മൃഗശാല മറ്റൊരിടത്തേക്ക് മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. മൃഗശാല സ്ഥിതി ചെയ്യുന്നത് ഉചിതമായ സ്ഥലത്ത് അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൃഗങ്ങളോട് കാണിക്കുന്ന ക്രൂരത കൂടിയാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൃഗശാല നെയ്യാര്‍ പോലെ കാടുമായി ചേര്‍ന്ന് നില്‍ക്കുന്ന സ്ഥലത്തേക്ക് മാറ്റണമെന്നതാണ് തന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്തരാഷ്ട്ര നിലവാരത്തിലേക്ക് മൃഗശാലയെ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യൂറോപ്പിലെ പോലെ കെയര്‍ ഗിവിങ് കോഴ്‌സുകള്‍ കേരളത്തില്‍ തുടങ്ങുമെന്ന് വ്യക്തമാക്കിയ അദ്ദേഹം കുട്ടികള്‍ക്ക് ഇവിടെ ഇന്റേണ്‍ഷിപ്പ് കൂടി ലഭ്യമാക്കുമെന്നും പറഞ്ഞു. പരമാവധി കേന്ദ്ര പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച റി ഇമാജിനിങ് കേരള പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. പികെ കുഞ്ഞാലിക്കുട്ടി അടക്കം വിവിധ മന്ത്രിമാരും പരിപാടിയില്‍ പങ്കെടുത്തു. സര്‍കാര്‍ പ്രഖ്യാപനങ്ങളെ യാഥാര്‍ത്ഥ്യമാക്കാനാണ് റി-ഇമാജിനിങ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ കാലത്തിന് അനുസരിച്ചുള്ള പദ്ധതികള്‍ ഉണ്ടാകണം. സര്‍കാര്‍ പരമ്പരാഗതമായ വഴിയിലൂടെ തന്നെ പോയാല്‍ വണ്ടി എവിടെ എങ്കിലും ഇടിച്ച് നില്‍ക്കും. കേരളത്തില്‍ നിക്ഷേപം നടത്തുക എന്നത് ഒരു വലിയ സന്ദേശമായി പുറത്തേക്ക് പോകണം. കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റാനുള്ള പദ്ധതികള്‍ തയ്യാറാണ്. 7 വര്‍ഷമായി അനുമതി കിട്ടാത്ത പദ്ധതികള്‍ വരെ ഉണ്ടായിരുന്നു. സരള്‍ കേരളം വിപ്ലവകരമായ പദ്ധതിയാണ്. നിക്ഷേപത്തിന് ഏറ്റവും നല്ല സ്ഥലമായി കേരളം മാറും. അതിലെ ഏറ്റവും വലിയ ചുവടുവെപ്പാണ് സരള്‍ കേരളം പദ്ധതി. പല കേന്ദ്ര പദ്ധതികളും നടപ്പാക്കാനുള്ള ഒരു നടപടിയും തുടങ്ങിയിട്ടില്ല. പരമാവധി കേന്ദ്ര പദ്ധതികള്‍ നടപ്പാക്കിക്കൊണ്ട് ഭരണത്തില്‍ ആറ് മാസത്തിനുള്ളില്‍ നല്ല റിസള്‍ട്ട് ഉണ്ടാക്കാന്‍ സാധിക്കണമെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.




