അഭിമന്യു വധക്കേസ്: രഹസ്യ വിചാരണ വേണമെന്ന ഹര്‍ജിക്കെതിരെ പ്രോസിക്യൂഷന്‍

കൊച്ചി: എസ്എഫ്‌ഐ നേതാവ് അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ഹര്‍ജിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. അസാധാരണമായ സാഹചര്യത്തില്‍ മാത്രമേ അടച്ചിട്ട കോടതിയില്‍ വിചാരണ അനുവദിക്കാറുള്ളുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. നിലവില്‍ പ്രതികള്‍ മുന്നോട്ട് വെച്ചിട്ടുള്ള ആവശ്യങ്ങള്‍ അടിസ്ഥാന രഹിതമെന്ന് പ്രോസിക്യൂഷന്‍. ഒക്ടോബറില്‍ സാക്ഷി വിസ്താരം തുടങ്ങാനിരിക്കെയാണ് പ്രതികളുടെ പുതിയ ഹര്‍ജി.

എട്ട് വര്‍ഷത്തിന് ശേഷമാണ് കേസുമായി ബന്ധപ്പെട്ട സാക്ഷി വിസ്താരത്തിലേക്ക് കടക്കാനായി കോടതി ഉത്തരവിട്ടത്. ഒക്ടോബര്‍ 15 ന് ആരംഭിച്ച് പതിനേഴ് ദിവസത്തിനകം സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാനും ഡിസംബര്‍ 6 നകം വിചാരണ പൂര്‍ത്തിയാകണമെന്നും കോടതി പറഞ്ഞിരുന്നു. ആദ്യ 15 പ്രതികളുടെ വിചാരണയാണ് നടക്കുന്നത്. അഭിമന്യു കേസ് ആകെ 70 തവണ കോടതിയില്‍ വിളിച്ചപ്പോള്‍ രണ്ടുതവണ മാത്രമാണ് പ്രതികള്‍ മുഴുവനായി ഹാജരായത്.

2018 ജൂലായ് രണ്ടിനാണ് അഭിമന്യൂ കൊല്ലപ്പെടുന്നത്. ചുവരെഴുത്തിനെച്ചൊല്ലി എസ്എഫ്ഐ, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന ആരോപണം കേസിന്റെ ആദ്യഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. സംഭവത്തിലുള്‍പ്പെട്ടവരെ പിടികൂടുന്നതിലും താമസമുണ്ടായി.

Scroll to Top