ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പ് നടത്താമെന്ന് മദ്രാസ് ഹൈക്കോടതി. മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തടയണമെന്ന ഹര്‍ജിയിലാണ് വിധി. അഭിഭാഷകനായ കെ സുധന്‍ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലാണ് വിധി.
ഇതേ മണ്ഡലങ്ങളില്‍ നിന്ന് അണ്ണാ ഡിഎംകെ ടിക്കറ്റില്‍ വിജയിച്ചവരാണ് ടിവികെ ടിക്കറ്റില്‍ വീണ്ടും മത്സരിയ്ക്കുന്നത്. ഇത്തരത്തില്‍ പൊതുപണം പാഴാക്കരുതെന്നായിരുന്നു ഹര്‍ജി. രാജിവെച്ചവര്‍ വീണ്ടും മത്സരിയ്ക്കുന്‌പോള്‍ അവരില്‍ തിരഞ്ഞെടുപ്പ് ചിലവ് ഈടാക്കണം.
നിശ്ചിതകാലത്തേയ്ക്ക് ഇത്തരക്കാരെ മത്സരിയ്ക്കുന്നതില്‍ നിന്ന് വിലക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് എസ് എ ധര്‍മാധികാരി, ജസ്റ്റിസ് ജി അരുള്‍മുരുകന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീയതി തീരുമാനിച്ചാല്‍ അതില്‍ കോടതിയ്ക്ക് ഇടപെടാന്‍ കഴിയില്ലെന്ന് കാണിച്ചാണ് കോടതി നടപടി.
അതേസമയം തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം നിലയില്‍ മത്സരിക്കാന്‍ തീരുമാനിച്ച ഇടത് പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ധാരാപുരത്ത് സി പി ഐയും മധുരാന്തകത്ത് സിപിഐഎമ്മുമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ധാരാപുരത്ത് ലക്ഷ്മണനാണ് സി പി ഐ സ്ഥാനാര്‍ഥി. മധുരാന്തകത്ത് സി പി എമ്മിനായി സുഗന്ധിയാണ് മത്സരിക്കുക.
വിജയ് സര്‍ക്കാരിനെ പുറത്ത് നിന്നും പിന്തുണയ്ക്കുന്ന പാര്‍ട്ടികള്‍ ആണ് ഉപതെരഞ്ഞെടുപ്പില്‍ ടി വി കെ സഖ്യത്തിനെതിരെ മത്സരിക്കുന്നത്. ജയിച്ചതിന്റെ ഇരുപതാം ദിവസം അണ്ണാ ഡി എം കെ എം എല്‍ എമാര്‍ രാജിവച്ചത് അധാര്‍മ്മികം ആണെന്നും, ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചത് ആണെന്നുമുള്ള വിമര്‍ശനത്തോടെയാണ് ഇടത് പാര്‍ട്ടികള്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. അതേസമയം ടി വി കെ സര്‍ക്കാറിനുള്ള പിന്തുണ തുടരുമെന്ന നിലപാടിലാണ് ഇടത് പാര്‍ട്ടികള്‍. ഇത് വിജയ് സര്‍ക്കാരിന് ആശ്വാസമേകുന്നതാണ്.




