ഡല്‍ഹി: PF നിയമത്തില്‍ നിര്‍ണായക മാറ്റം. PF വേതന പരിധി 15,000ല്‍ നിന്ന് 25,000 ആയി ഉയര്‍ത്തി. 15,000-25,000 ശമ്പള പരിധിയിലുള്ള 51 ലക്ഷം ജീവനക്കാര്‍ക്ക് ആനുകൂല്യം ലഭിക്കും. പദ്ധതിക്കായി കേന്ദ്രസര്‍ക്കാരിന് പ്രതിവര്‍ഷം ചെലവ് 11,339 കോടി രൂപയാണ്. ദീര്‍ഘകാല ആവശ്യത്തിനാണ് അംഗീകാരം നല്‍കിയതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഏകദേശം 51 ലക്ഷം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും ഇതിലൂടെ സര്‍ക്കാരിന് 11,339 കോടി രൂപയുടെ അധിക ചെലവുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
”ഇത് ജീവനക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു, ഇപ്പോള്‍ പ്രധാനമന്ത്രി ഇതിന് അംഗീകാരം നല്‍കിയിരിക്കുകയാണ്. കൂടുതല്‍ വിപുലമായ ഈ സാമൂഹിക സുരക്ഷാ വലയം ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കും ഒരുപോലെ സഹായകരമാകും. പല സംസ്ഥാനങ്ങളിലും അദഗ്ധ തൊഴിലാളികളുടെ മിനിമം വേതനം 15,000 രൂപയ്ക്ക് മുകളിലായിട്ടുണ്ട്, അതിനാല്‍ 2014-ല്‍ നിശ്ചയിച്ച ഈ പരിധിക്ക് ഇപ്പോള്‍ പ്രസക്തിയില്ലായിരുന്നു. അതുകൊണ്ടാണ് വിവിധ ചര്‍ച്ചകള്‍ക്ക് ശേഷം ശമ്പള പരിധി 25,000 രൂപയായി ഉയര്‍ത്താന്‍ ഞങ്ങള്‍ തീരുമാനിച്ചത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ തൊഴിലന്വേഷകര്‍ക്ക് ഇത് സാമൂഹിക സുരക്ഷാ പരിരക്ഷ വര്‍ധിപ്പിക്കുമെന്നും കൂടുതല്‍ ജീവനക്കാര്‍ക്ക് മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും വൈഷ്ണവ് വ്യക്തമാക്കി. ഇത് സെപ്റ്റംബര്‍ 17 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു. തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഈ ചരിത്രപരമായ തീരുമാനം വഴി 51 ലക്ഷത്തിലധികം അധിക ജീവനക്കാര്‍ നിര്‍ബന്ധിത ഇപിഎഫ്ഒ പരിധിയിലേക്ക് വരും. ഇത് രാജ്യത്തെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ വലയം കൂടുതല്‍ വിപുലീകരിക്കും.
ഈ പുതിയ പരിഷ്‌കരണത്തിലൂടെ സര്‍ക്കാരിന്റെ പ്രതിവര്‍ഷ ചെലവ് ഏകദേശം 11,339 കോടി രൂപയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ ഇത് 10,250 കോടി രൂപയാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 56,696 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി ചിലവഴിക്കുക.




