സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അര്‍ഹരായ 10 പേര്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയ

ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

കാസര്‍ഗോഡ്: പാവപ്പെട്ട രോഗികള്‍ക്കായി സൗജന്യ ഡയാലിസിസ്, സൗജന്യ ആംബുലന്‍സ് സേവനം തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന ചന്ദ്രഗിരി ലയണ്‍സ് ക്ലബ്, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന തിമിര രോഗികള്‍ക്ക് സൗജന്യ ശസ്ത്രക്രിയ ഒരുക്കുന്നു.

കാസര്‍ഗോഡില്‍ പ്രവര്‍ത്തിക്കുന്ന മയ്യ ഐ കെയര്‍ സെന്ററുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഡോ. ഗണേഷ് മയ്യയുടെ നേതൃത്വത്തില്‍ അര്‍ഹരായ രോഗികള്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നടത്തും. പദ്ധതിയുടെ ഭാഗമായി സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന അര്‍ഹരായ 10 പേരെയാണ് തിരഞ്ഞെടുക്കുന്നത്.

ചന്ദ്രഗിരി ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഷാഫി നാലപ്പാട്, സെക്രട്ടറി ഷാഫി നെല്ലിക്കുന്ന്, ട്രഷറര്‍ മുസ്തഫ എന്നിവര്‍ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

സമൂഹത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരായ പാവപ്പെട്ടവരെ ചേര്‍ത്തുപിടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് ഷാഫി നാലപ്പാട് പറഞ്ഞു. കാഴ്ചയുടെ വെളിച്ചം നഷ്ടപ്പെട്ടവര്‍ക്ക് വീണ്ടും ലോകത്തെ കാണാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നതെന്നും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ശസ്ത്രക്രിയ നടത്താന്‍ കഴിയാതെ കഷ്ടപ്പെടുന്നവര്‍ക്ക് പദ്ധതി വലിയ ആശ്വാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശസ്ത്രക്രിയയ്ക്ക് അര്‍ഹരായവര്‍ മാത്രം 9744444614 എന്ന നമ്പറില്‍ 30-09-2026 നകം ബന്ധപ്പെടുകയും രജിസ്റ്റര്‍ ചെയ്യുകയും വേണമെന്ന് അദ്ദേഹം അറിയിച്ചു.

Scroll to Top